എംഫോര്‍മാരി വെഡ്ഡിങ് വീക്കിന് മാറ്റ് കൂട്ടാൻ തരുണ്‍ തഹിലാനി

തരുണ്‍ തഹിലാനി

എംഫോര്‍മാരി വെഡ്ഡിങ് വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് മാറ്റ് കൂട്ടാന്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹിലാനി തന്റെ ഡിസൈനിങ് ശേഖരം അവതരിപ്പിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമോതുന്ന ഫാബ്രിക് ട്രഡിഷനില്‍ തീര്‍ത്ത തന്റെ ഡിസൈനിംഗ് കലവിരുത് തരുണ്‍ അവതരിപ്പിക്കും. ഇന്ത്യക്കാരനെ നിര്‍വചിക്കുന്നതില്‍ മനോഹരമായ പങ്കുവഹിച്ച ഡിസൈനിങ് സൃഷ്ടികളാണ് തരുണിന്റേത്. 

ആധുനികതയും പൈതൃകവും സമ്മേളിപ്പിച്ചുള്ള തരുണിന്റെ ഡിസൈനിങ്ങില്‍ വിരിഞ്ഞത് ജീവിതത്തിന്റെ ആഘോഷങ്ങളായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമേറുന്ന ഒരു സംസ്‌കാരത്തെ മോഡേണ്‍ ഫാഷനനുസരിച്ച് തരുണ്‍ നിറം പകര്‍ന്നു. നവംബര്‍ ആറിന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെഡ്ഡിങ് വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെ തരുണ്‍ തഹിലാനി അവതരിപ്പിക്കുമ്പോള്‍ കൊച്ചിയുടെ ഫാഷന്‍ ലോകത്തിന് അത് പുതിയ അനുഭവമാകും. 

ഇന്ത്യന്‍ ഡീട്ടെയ്‌ലിംഗും യൂറോപ്യന്‍ സില്‍ഹൗറ്റെസും സംയോജിപ്പിച്ചുള്ള രീതിയാണ് തരുണിന്റേത്. മികവുറ്റ ബ്രൈഡല്‍ വെയറിന് പേരുകേട്ടതാണ് തരുണിന്റെ ഡിസൈനിങ് സൃഷ്ടികള്‍. 

തരുണും ഭാര്യ സൈലജയും ചേര്‍ന്നാണ് ഇന്ത്യയിലെ ആദ്യ മള്‍ട്ടി ഡിസൈനര്‍ ബുട്ടീക് ആയ എന്‍സെമ്പിള്‍ തുറന്നത്. ഫാഷനോട് എന്നും പാഷനായിരുന്നു തരുണിന്. അതുകൊണ്ട് തന്നെ ഫാഷന്‍ പഠിക്കാനെത്തിയത് ന്യൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും. ജെമിമ ഖാന്‍ ഇമ്രാന്‍ ഖാനുമായുള്ള വിവാഹത്തിന് തരുണിന്റെ ഡിസൈന്‍ അണിഞ്ഞതു മുതല്‍ തരുണും ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങി. 

അതിനു ശേഷം ഇന്നുവരെ തരുണിന്റെ കൗച്ചര്‍ കളക്ഷന്‍ ബ്രൈഡല്‍ ഇന്‍സ്പിരേഷനായി അറിയപ്പെടുന്നു. ചുവപ്പും ഓറഞ്ചും ക്രീമും എല്ലാം ചേര്‍ത്ത തരുണിന്റെ കളക്ഷന്‍ മനസിനെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നതാണ്. 

വിക്രം ഫഡ്‌നിസ്, മനീഷ് അറോറ തുടങ്ങിയവരും വെഡ്ഡിങ് വീക്കിന് മിഴിവേകാനെത്തും. പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കയ്ത്രയാണ് വെഡ്ഡിങ് വീക്ക് അവതരിപ്പിക്കുന്നത്. സണ്ണി ഡയമണ്ട്‌സ് അവരുടെ ജൂവല്‍റി ശേഖരം ഡിസൈനര്‍മാരെ ഉള്‍പ്പെടുത്തി അവതരിപ്പിക്കും.