മഴവിൽ അഴകിൽ ട്രാൻസ്ജെണ്ടർ മോഡലുകൾ...

പ്രകൃതിയുടെ വികൃതികൾ എന്ന് പറഞ്ഞ് സമൂഹത്തിൽ നിന്നും അധിക്ഷേപം മാത്രം ഏറ്റു വാങ്ങിയിരുന്ന കാലം ഭിന്നലിംഗക്കാരിൽ നിന്നും മെല്ലെ മാഞ്ഞു തുടങ്ങിയിരിക്കുന്നു. വടക്കേ ഇന്ത്യയിലെ ചില കോളേജുകളിൽ ഭിന്നലിംഗക്കാര്ക്ക്  മാത്രമായി സീറ്റുകൾ സംവരണം ചെയ്തതോടെ ആ മാറ്റത്തിന്റെ അലയടികൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു. 

എന്നാൽ, പഠന രംഗത്ത് അവർക്ക് നല്കിയ സംവരണം, തൊഴിൽ രംഗത്ത് നിലനിര്ത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും  99% തൊഴിൽ മേഖലകളിലും ഭിന്നലിംഗക്കാർ പുറത്താണ്. ഭിന്നലിംഗത്തിൽ പെട്ടവരെയും മനുഷ്യരായി കാണുന്നുണ്ട് എങ്കിൽ, മാറ്റം വ്യക്ത്യാധിഷ്ടിതമായി നടപ്പിലാക്കണം. അത്തരത്തിൽ ഒരു മാറ്റത്തിന് വഴി തുറന്നിരിക്കുകയാണ് കൊച്ചി ആസ്ഥാനമായ ഫാഷൻ ഡിസൈനർ ശർമിള നായര്.

തന്റെ ഭാവനയിൽ വിരിഞ്ഞ ഏറ്റവും പുതിയ സാരീ കളക്ഷന്റെ മോഡലുകളായി ശര്മ്മിള തെരഞ്ഞെടുത്തത് ഭിന്നലിംഗത്തിൽ പെട്ട മായ മേനോന്‍, ഗൗരി സാവിത്രി എന്നിവരെയാണ്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെഡ്‌ലോട്ടസ് എന്ന തന്റെ ഫാഷൻ ബ്രാൻഡിനു വേണ്ടിയാണ് ശര്മ്മിള സാരികൾ ഡിസൈൻ ചെയ്തത്. മഴവില്‍ എന്ന പേരിൽ അവതരിപ്പിച്ച കോട്ടന്‍ സാരീ  കളക്ഷന്‍ ഇതിനോടകം ജനശ്രദ്ധ നേടുകയും ചെയ്തു. 

ജോലി സംബന്ധമായി ധാരാളം സഞ്ചരിക്കേണ്ടി വന്ന കാലഘട്ടത്തിലാണ് ഭിന്നലിംഗക്കാരെ പറ്റി ശർമിള കൂടുതലായി അറിയുന്നത്.  തങ്ങളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം ഉറക്കെ പ്രഖ്യാപിക്കാൻ ഇവരിൽ പലരും തയ്യാറാണെങ്കിലും ഇവരെ അംഗീകരിക്കാൻ സമൂഹം ഇന്നും വിമുഖത കാണിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നുമാണ് ഇവര്ക്കായി എന്തെങ്കിലും ഒന്ന് ചെയ്യാൻ ശർമിള തീരുമാനിച്ചത്. 

തുടർന്ന് , ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ട ശേഷമാണ് മോഡലുകളെ ലഭിച്ചത്. തന്റെ ഉള്ളിലെ സ്ത്രീത്വത്തെ സ്വയം അംഗീകരിച്ചു എങ്കിലും മറ്റുള്ളവരിൽ നിന്നും നേരിട്ട  തിരിച്ചടികൾ മൂലം സമൂഹത്തെ നേരിടാൻ തന്നെ ഭയമുള്ള അവസ്ഥയിലായിരുന്നു ഇവരെന്ന് ശർമിള പറയുന്നു. ഏകദേശം ഒന്നര മാസത്തെ പ്രയത്നഫലമായാണ് മോഡൽ ആകാനുള്ള മനക്കരുത്ത് ഇവരിൽ ഉണ്ടായത്.   

ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മഴവിൽ കളക്ഷന്സ്  ഫോട്ടോഷൂട്ട്  പൂര്‍ത്തിയാക്കിയത്. ഷൂട്ടിംഗ് നടത്താനുള്ള സ്ഥലം ലഭിക്കുന്നതിനും മോഡലുകൾക്ക്  മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളെ ലഭിക്കുന്നതിനും മറ്റുമായി  ഏറെ  കഷ്ടപ്പെടേണ്ടി വന്നു. അഞ്ചു തവണയോളം  ഷൂട്ട്‌  മാറ്റി വെക്കേണ്ടി വന്നു. ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും ഭിന്നലിംഗക്കാര്‍ അവതരിപ്പിച്ച സാരി കളക്ഷനും അവരുടെ മോഡലിംഗ്  മികവും ഏറെ ശ്രദ്ധിക്കപ്പെട്ടതില്‍ ശര്‍മിളക്ക് സന്തോഷം മാത്രം. ഇനിയും ഭിന്നലിംഗക്കാരെ പിന്തുണച്ച് മുന്നോട്ട് എന്ന് തന്നെയാണ് ശര്‍മിളയുടെ നയം.

മോഡലുകൾക്കൊപ്പം ശർമിള നായർ