ഒടുവിൽ അവർ പറഞ്ഞു; നഗ്ന സുന്ദരീ മാപ്പ്...

വനേസ വില്യംസ്

രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്ത്, ഒടുക്കം ഓട്ടമത്സരത്തിന് ഒന്നാം സ്ഥാനവും കിട്ടി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് സംഘാടകരുടെ ഡയലോഗ്. ‘മെഡൽ തിരിച്ചു വേണം...’

‘എന്താ സംഗതി..?’ ചോദിക്കാതെ തരമില്ല.

സംഘാടകർ ഉത്തരവും തന്നു:

‘അതേയ്, നിങ്ങള് പണ്ട് ഔസേപ്പേട്ടന്റെ കടേന്ന് ഗ്യാസുമിഠായി അടിച്ചു മാറ്റിയ കക്ഷിയല്ലേ...അങ്ങനെയുള്ളവർക്കൊന്നും കൊടുക്കാനുള്ളതല്ല ഈ മെഡൽ...’ അടിച്ചു മാറ്റിത്തിന്ന ഗ്യാസുമിഠായി തന്ന സകല ഗ്യാസും അതോടെ പോകുമെന്നുറപ്പ്. ഓട്ടക്കാരൻ ഗ്രൗണ്ടിൽ മാത്രമല്ല, കുട്ടിക്കാലത്തും സത്യസന്ധനായിരിക്കണമെന്ന വിധം ഇങ്ങനെയൊരു നിയമം ഏത് മത്സരാവലിയിലാണെന്നു ചുമ്മാ ചിന്തിക്കേണ്ട. അങ്ങനെയൊരു നിയമമൊന്നുമില്ല. പക്ഷേ സമാനമായ മറ്റൊരു സംഭവത്തിൽ ഒരു സുന്ദരിക്ക് നഷ്ടമായത് ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യകിരീടമാണ്. 1984ൽ ആദ്യമായി മിസ് അമേരിക്കപ്പട്ടം നേടിയ ആഫ്രിക്കൻ–അമേരിക്കൻ വനിതയായ വനേസ വില്യംസിനായിരുന്നു ഈ ദുർവിധി. പക്ഷേ ഒരിക്കൽ തന്നെ അപമാനിച്ചു വിട്ടവർ തന്നെ ഒടുവിൽ വനേസയോട് മാപ്പുപറയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്, അതും 30 വർഷങ്ങൾക്കു ശേഷം.

വനേസ വില്യംസ് മിസ് അമേരിക്ക കിരീടദാന ചടങ്ങിൽ

മിസ് അമേരിക്ക കിരീടമൊക്കെ നേടി ഫോട്ടോയ്ക്കെല്ലാം പോസ് ചെയ്ത് നാട്ടിലെ സകലമാന ഉദ്ഘാടനപരിപാടികൾക്കും നടക്കുന്നതിനിടെയാണ് ആ ഇടിത്തീ. 1983ൽ എപ്പോഴോ മോഡലിങ് കാലത്ത് നഗ്നയായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഒരു മാഗസിൻ പുറത്തുവിട്ടിരിക്കുന്നു. ഇതാണോ മിസ് അമേരിക്കയുടെ മഹത്വം എന്ന മട്ടിൽ സംഗതി പ്രചരിപ്പിക്കപ്പെട്ടതോടെ സംഘാടകരാകെ ഇളകിമറിഞ്ഞു. മാത്രവുമല്ല ‘വനേസ ദി അൺഡ്രസ്’ എന്ന പേരിൽ പാശ്ചാത്യ ടാബ്ലോയ്ഡുകളും സംഗതി കൊഴുപ്പിച്ചു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ, കിരീടം നൽകി 10 മാസത്തിനു ശേഷം മിസ് അമേരിക്ക സംഘാടകർ അത് വനേസയിൽ നിന്ന് തിരികെ വാങ്ങി. പിന്നീട് താൻ പോയ ഓരോ വേദിയിലും ഈ വിവാദം തന്റെ നിഴൽപോലെ ഒപ്പമുണ്ടായിരുന്നുവെന്ന് വനേസ പറഞ്ഞിട്ടുണ്ട്. എന്നാൽ തോറ്റുകൊടുക്കാൻ അവർ തയാറായില്ല. ഗായികയായും ടെലിവിഷൻ അഭിനേത്രിയായും വർഷങ്ങളോളം വിനോദമേഖലയിൽ തിളങ്ങി നിന്നു. ഗ്രാമി അവാർഡിന് നോമിനേഷൻ പോലും ലഭിച്ചു. പക്ഷേ ഇക്കാലത്തെല്ലാം സൗന്ദര്യമത്സരങ്ങളിൽ നിന്നും അത്തരം ചടങ്ങുകളിൽ നിന്നും പൂർണമായും വിട്ടുനിന്നു. ഒടുവിൽ 32 വർഷക്കാലത്തെ അയിത്തത്തിനൊടുവിൽ വീണ്ടും മിസ് അമേരിക്ക വേദിയിലേക്ക് വനേസ ക്ഷണിക്കപ്പെട്ടു. അതും മത്സരത്തിന്റെ വിധികർത്താക്കളുടെ തലപ്പത്തിരിക്കാൻ. ഒരിക്കൽ തഴഞ്ഞവർ വീണ്ടും വിളിച്ചപ്പോൾ വനേസ എന്തായാലും ‘നോ’ എന്നു പറഞ്ഞില്ല.

വനേസ മോഡലിംഗ് കാലത്ത് നടത്തിയ നഗ്നഫോ‌ട്ടോഷൂട്ടിൽ നിന്നൊരു ചിത്രം

അവിടം കൊണ്ടു തീർന്നില്ല കാര്യങ്ങൾ. വനേസയുടെ കിരീടം തിരികെ വാങ്ങിയ സംഘാടകരിൽ ആരും ഇപ്പോഴില്ലെങ്കിലും പുതിയ ഭാരവാഹികൾ മിസ് അമേരിക്ക വേദിയിൽ ഒരു കാര്യം പ്രഖ്യാപിച്ചു. തങ്ങൾ ചെയ്ത തെറ്റിന് വനേസയോട് മാപ്പപേക്ഷിക്കുന്നതായിരുന്നു അത്. ഈ പ്രശ്നത്തിന്റെ പേരിൽ ഇത്രയും കാലം വനേസയ്ക്കുണ്ടായ എല്ലാ വിഷമങ്ങൾക്കും ക്ഷമ ചോദിക്കുന്നു. തങ്ങളുടെ മനസ്സിൽ ഇന്നും എന്നും 1984ലെ മിസ് അമേരിക്ക വനേസ വില്യംസ് ആണെന്നു കൂടി മിസ് അമേരിക്ക പാജന്റിന്റെ എക്സിക്യുട്ടീവ് ചെയർമാൻ സാം ഹസ്കെൽ പറഞ്ഞതിനെ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. അതിനൊരു മധുരപ്രതികാരത്തിന്റെയും ആവേശമുണ്ടായിരുന്നിരിക്കണം.