ഹാരിപോട്ടർ നായകൻ റിസപ്ഷനിസ്റ്റോ?

വിശ്വവിഖ്യാതചിത്രം ഹാരിപോട്ടറിലെ നായകൻ ഡാനിയേൽ റാഡ്ക്ലിഫ് റിസപ്ഷനിസ്റ്റായെന്നോ? സിനിമയിലായിരിക്കും എന്നു തള്ളിപ്പറയാൻ വരട്ടെ. സംഗതി അഭിനയമല്ല, സത്യമാണ്. നൈലോൺ മാഗസിന്റെ ഓഫീസിലാണ് റാഡ്ക്ലിഫ് ഒരുമണിക്കൂർ നേരത്തേക്ക് യഥാർത്ഥ റിസപ്ഷനിസ്റ്റ് ആയത്. നൈലോണിലെ യഥാർത്ഥ റിസപ്നിസ്റ്റായ ലോറെനിന്റെ കസേരയാണ് ഏതാനും നേരത്തെക്ക് റാഡ്ക്ലിഫ് കയ്യടക്കിയത്. ഏറ്റവും രസകരമായ വസ്തുത റിസപ്ഷനിസ്റ്റിന്റെ സ്ഥാനത്തിരിക്കുന്നത് ഹാരിപോട്ടർ താരമാണെന്ന് നൈലോണിലെ ജീവനക്കാർക്കോ അതിഥികൾക്കോ അറിയില്ലായിരുന്നുവെന്നതാണ്. പലരും സംശയത്തോടെ അടുത്ത് വരുന്നതും ഹാരിപോട്ടർ അല്ലേയെന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം.

തങ്ങളുടെ ആരാധനാപാത്രം സാക്ഷാൽ ഡാനിയേൽ റാഡ്ക്ലിഫ് ആണ് റിസപ്ഷനിസ്റ് ആയി ഇരിക്കുന്നത് എന്ന് അറിയുമ്പോൾ മുതൽ സെൽഫിപ്പെരുമഴയാണ്. എന്നാൽ റിസപ്ഷനിസ്റ്റ് വേഷത്തിൽ ഒരുമണിക്കൂറേ ഇരുന്നുള്ളുവെങ്കിലും താൻ ചെയ്തതിൽ വച്ചേറ്റവും സമ്മർദ്ദം നിറഞ്ഞ ജോലിയാണിതെന്നാണ് റാഡ്ക്ലിഫ് പ്രതികരിച്ചത്. അവസാനം വരെ അതിഥികളെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന ലോറന്റെ ഉപദേശം പ്രാവർത്തികമാക്കാൻ റാഡ്ക്ലിഫ് നടത്തുന്ന പെടാപ്പാട് കാണേണ്ടതു തന്നെയാണ്. ക്ഷമയോടെ ജോലി ആരംഭിക്കുന്ന റാഡ്ക്ലിഫ് കൂടുതൽ അതിഥികൾ വരുമ്പോൾ ജോലി കൃത്യമായി നിർവഹിക്കാൻ കഴിയാതെ അക്ഷമനാവുന്നുമുണ്ട്.