വീല്‍ചെയറിലിരുന്ന് അവള്‍ ലോകസുന്ദരി മത്സരത്തിനെത്തി !

വേള്‍ഡ് മിസ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുക്കാന്‍ വീല്‍ചെയറില്‍ എത്തിയ ജസ്റ്റിന്‍ ക്ലര്‍ക്ക്

എല്ലാ തരത്തിലുള്ള പരമ്പരാഗത രീതികളെയും പൊളിച്ചെഴുതുകയാണ് ഫാഷന്‍ ലോകം. അടുത്തിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍ റാംപുകളില്‍ സജീവമാകുന്നത് നാം കണ്ടത്. അവര്‍ ഫാഷന്‍ മാസികകളുടെ കവര്‍ പേജുകളിലുമെത്തുന്നു. സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെ പല വന്‍കിട കമ്പനികളും കോസ്‌മെറ്റിക് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ റാംപുകളിലെത്തിയതും നമ്മള്‍ കണ്ടു. ഇതിനോടൊപ്പം ചേര്‍ത്തുവെക്കാന്‍ ഇതാ ഒരു സംഭവം കൂടി.

ആദ്യമായി ഒരു മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ വീല്‍ചെയറില്‍ എത്തിയിരിക്കുകയാണ് 26കാരിയായ ഒരു ഓസ്‌ട്രേലിയന്‍ സുന്ദരി. വേള്‍ഡ് മിസ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുത്തതിലൂടെ ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതയെന്ന സ്ഥാനം നേടിയത് ജസ്റ്റിന്‍ ക്ലര്‍ക്ക് എന്ന സുന്ദരിയാണ്. അഡെലയ്ഡില്‍ നടന്ന മത്സരത്തില്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വീല്‍ചെയറിലെത്തി ക്ലര്‍ക്കിനെ എതിരേറ്റത്. ബ്യൂട്ടി വിത്ത് എ പര്‍പ്പസ് എന്ന ആശയത്തിന്റെ പ്രോത്സാഹനത്തിനായാണ് ക്ലര്‍ക്ക് മത്സരിച്ചത്. രണ്ടാം റൗണ്ടിലേക്ക് കടക്കാനായില്ലെങ്കിലും പുതിയൊരു മുന്നേറ്റത്തിനാണ് ക്ലര്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

ഫാഷന്‍രംഗം എല്ലാവര്‍ക്കും ഉള്ളതാണെന്നാണ് എന്റെ ചിന്ത. ഒരു വീല്‍ ചെയര്‍ എല്ല എന്നെ നിര്‍വചിക്കുന്നത്. അത് എന്നെ പരിമിതപ്പെടുത്തുന്നുമില്ല. എനിക്ക് ഇപ്പോഴും ശക്തയാകാന്‍ സാധിക്കും. സുന്ദരിയാകാനും-ആത്മവിശ്വാസത്തോടെ ക്ലര്‍ക്ക് പറയുന്നു. അരയ്ക്കു താഴെ തളര്‍ന്ന് രണ്ടു വര്‍ഷത്തിലധികമായി വീല്‍ചെയറിലാണ് ക്ലര്‍ക്കിന്റെ ജീവിതം. എങ്ങനെയാണ് ഞാന്‍ ഈ അവസ്ഥയില്‍ എത്തിയതെന്ന് പറയാന്‍ എനിക്കു താൽപര്യമില്ല. എന്നാല്‍ ഭിന്നശേഷിയുള്ളവര്‍ക്കു പകര്‍ത്താന്‍ ഒരു റോള്‍ മോഡലാകണം ഞാന്‍ എന്നാണ് ആഗ്രഹം. അതിനായുള്ള പോരാട്ടത്തിലാണ് ഞാന്‍-ക്ലര്‍ക്ക് പറഞ്ഞു.

വീല്‍ ചെയറിലിരുന്നത് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ഫാഷന്‍ ഷോയില്‍ മത്സരിക്കുകയെന്നത് വലിയ കാര്യമാണ്. അത് മഹത്തായ സന്ദേശമാണ് അത്തരത്തിലുള്ള ആളുകള്‍ക്ക് നല്‍കുക. ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കും എന്റെ ഈ ഇടപെടലുകള്‍-ജസ്റ്റിന്‍ ക്ലര്‍ക്ക് പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാനായി ഫണ്ട് സമാഹരിക്കുന്നത് ഉള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ് ക്ലര്‍ക്ക്.