ആരും കൊതിക്കും സൂപ്പർ മുടി ഇനി നിങ്ങൾക്കും, ജാവേദ് ഹബീബിന്റെ കിടിലൻ ഹെയർകെയർ മന്ത്ര!

ജാവേദ് ഹബീബ്

മുടിയിൽ മന്ത്രജാലം കാട്ടുന്നയാൾ –അതാണ് ജാവേദ് ഹബീബ്. ബോളിവുഡ് സുന്ദരിമാരുടെ ഹെയർ സ്റ്റൈലിസ്റ്റ്. ജാവേദിന്റെ ഭാഷയിൽ പറഞ്ഞാൽ ഹൈയർ സ്റ്റൈലിങ് ഒരു ശാസ്ത്രമായിക്കണ്ട്,  ഹൃദയം കൊണ്ട് ഉപാസിക്കുന്നയാൾ. തീ ഉപയോഗിച്ചു മുടിമുറിച്ച് ലോക ശ്രദ്ധ നേടിയ ഡിസൈനർ. അഞ്ചു മിനിറ്റിൽ ഹെയർ സ്റ്റൈലിങ് ചെയ്യുന്നയാൾ. കൊച്ചിയിലെത്തിയ രാജ്യാന്തര ഡിസൈനർക്ക് പറയാനുള്ളതും മുടിയെക്കുറിച്ചു മാത്രം.

ഇനി നിറങ്ങളുടെ ദിനങ്ങൾ

ഇനി ഫാഷൻ ലോകത്ത് പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുന്നത്  ഹെയർ കളറുകളായിരിക്കുമെന്നാണ് ജാവേദ് പറയുന്നത്. പിങ്കും പർപ്പിളും മഴവിൽ നിറങ്ങളും മുടിയിഴകളിൽ വന്നു കഴിഞ്ഞു. ഹെയർ കളർ കൂടുതൽക്കാലം നിൽക്കാനുള്ള വിദ്യകളും ജാവേദ് നൽകുന്നുണ്ട്.

∙ സൾഫേറ്റ് ഫ്രീ ഷാംപു തിരഞ്ഞെടുക്കുക. 

∙ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം ഷാംപൂ ഉപയോഗിക്കുക.

∙മുടി ദിവസത്തിൽ ഒരു നേരമോ  രണ്ടു ദിവസത്തിലൊന്നോ മാത്രം കഴുകുക

∙നാച്വറൽ ഓയിൽ ഉപയോഗിക്കാം

∙ഷാംപു ഉപയോഗിക്കുന്ന എല്ലാ ദിവസവും കണ്ടീഷണർ ഉപയോഗിക്കുക. 

ബ്രാൻഡഡ് സലൂൺ

പേന മുതൽ ഡ്രസ് വരെ ബ്രാൻഡ് വേണമെന്നു നിർബന്ധമുള്ളവർക്ക് ഹെയർ കട്ടിങും ബ്രാൻഡഡ് നൽകണമെന്നാണു ജാവേദിന്റെ ആഗ്രഹം. ജാവേജ് ഹബീബ് എന്ന ഹെയർ ഡിസൈൻ ബ്രാൻഡ് ആരംഭിച്ചതും ഈ ലക്ഷ്യത്തോടെയാണ്. 24 സംസ്ഥാനങ്ങളിലെ 110 ടൗണുകളിലായി 636 ബ്യൂട്ടി സലൂണുകൾ ഇപ്പോഴുണ്ട്. അഞ്ചു വർഷം കൊണ്ട് 20,000 സലൂണുകളാണ് ജാവേദിന്റെ ലക്ഷ്യം.

ആരുടെ മുടിക്ക് കൂടുതൽ സൗന്ദര്യം?

ബോളിവുഡ് സുന്ദരിമാരുടെ ഹെയർ ഡിസൈനർക്ക് ആരുടെ മുടിയാണ് കൂടുതൽ സുന്ദരമെന്ന് പറയാനാവില്ല. ഓരോരുത്തർക്കും ചേരുന്ന ഹെയർ സ്റ്റൈലുകളുണ്ട്. ഓരോ സ്റ്റൈലിലും ഓരോ ലുക്ക് ആകും. അതു താരതമ്യം ചെയ്യാൻ കഴിയില്ല. സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് ഹെയർ സ്റ്റൈൽ ചെയ്യുന്നത്. കഥാപാത്രത്തിനു വേണ്ടി മുടിയിൽ എന്തു പരീക്ഷണവും ചെയ്യുന്നയാളാണ് സൽമാൻ ഖാൻ. ആമിർ ഖാനും അങ്ങനെതന്നെ. പക്ഷേ, ഷാറുഖ് ഖാൻ മാത്രം മുടിയിൽ തൊട്ടുകളിക്കില്ല.

‘താടി’ കേ ബാരേ മേം

മുടിയിൽ  മാത്രമല്ല താടിയിലും മീശയിലുമുണ്ട് ഡൽഹിക്കാരൻ ഡിസൈനറുടെ  ഫാഷൻ പരീക്ഷണങ്ങൾ. സ്റ്റൈൽ പരീക്ഷണത്തിനു സ്വന്തമായി താടി വച്ചിട്ടില്ലെങ്കിലും ജാവേദ് ഹബീബ് സലൂണുകളിൽ താടിയും സ്റ്റൈലാക്കും. ലൈറ്റ് താടിയാണ് എപ്പോഴും ‘ട്രെൻഡ് ഇൻ’ എന്ന് ജാവേദ് പറയുന്നു.

Read more: Beauty Tips in Malayalam