മുടിയഴകിൻ സൂപ്പർ മന്ത്രങ്ങളുമായ് ബോളിവുഡ് ഹെയർ സ്റ്റൈലിസ്റ്റ് മിതാ വ്യാസ്

ആഴ്ചയിലൊരിക്കൽ മുടി ഷാംപു ഉപയോഗിച്ചു കഴുകണം

ബോളിവുഡ് താരങ്ങളുടെയും മോഡലുകളുടെയും ഹെയർ സ്റ്റൈലിസ്റ്റ് മിതാ വ്യാസിനു മലയാളിപ്പെൺകുട്ടികളോട് ഒരു നിർദേശം മാത്രം. മുടി സംരക്ഷിക്കണമെങ്കിൽ തലയിൽ  തേങ്ങയും തേങ്ങാപ്പാലും തേക്കണം. മുടിക്ക് ചർമത്തേക്കാൾ പരിചരണം വേണമെന്നാണു മിത വിശ്വസിക്കുന്നത്.

മുടി സംരക്ഷണത്തിന് മിതാ വ്യാസ് ടിപ്സ്–

 ഷാംപൂ ഇടണം, കണ്ടീഷനർ മസ്റ്റ്

ആഴ്ചയിലൊരിക്കൽ മുടി ഷാംപു ഉപയോഗിച്ചു കഴുകണമെന്നാണ് മിത വ്യാസ് പറയുന്നത്. കാരണം തലയിൽ അഴുക്കു പിടിച്ചിരിക്കുന്നതു മുടിയുടെ വളർച്ചയെയും ആരോഗ്യത്തെയും  സാരമായി ബാധിക്കും. താരനും വരും. ഷാംപു ഇട്ടതിനു ശേഷം കണ്ടീഷണർ നിർബന്ധമായി ഉപയോഗിക്കണം. ഷാംപു മാത്രം ഉപയോഗിക്കുന്നതു മുടിക്കു നല്ലതല്ല. 

 തേങ്ങാപ്പാൽ എന്ന മരുന്ന്

കേരത്തിന്റെ നാട്ടിലെ പെൺകുട്ടികൾക്കു മുടി സംരക്ഷിക്കാനുള്ള എളുപ്പവഴി നാളികേരത്തെ ആശ്രയിക്കുക തന്നെ. ആഴ്ചയിലൊരിക്കൽ തലയോട്ടിയിൽ എണ്ണ തേച്ചു പിടിപ്പിക്കാം.  എണ്ണയേക്കാൾ ഫലപ്രദമാണു തേങ്ങാപ്പാൽ. തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് തലമുടിൽ തേക്കാം.  കടുത്ത താരൻ ശല്യമുണ്ടെങ്കിൽ തേങ്ങാപ്പാൽ തലയോടിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ബ്രഷ് ഉപയോഗിച്ച് മസാജ് ചെയ്യണം.  രണ്ടു മണിക്കൂർ കഴിഞ്ഞു  തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.  മുടിയുടെ ഘടന തന്നെ മാറും, തേങ്ങാപ്പാൽ പതിവാക്കിയാൽ.

മിക്സ്ഡ് ഹെന്ന

ഹെന്നയിൽ ഫലപ്രദമായ മിക്സിങ്ങുകൾ പരീക്ഷിക്കാം. അംല ഹെന്നയിൽ ചേർക്കാം. കറുത്ത എള്ള്, കടുക് എന്നിവയും പൊടിച്ച് ഹെന്നയിൽ ചേർക്കാം. കടുക് കണ്ടീഷനറുടെ അതേ ഗുണം നൽകും.

ഗ്രീൻ ടീ കുടിക്കാം

മുടി നന്നാവണമെങ്കിൽ ആഹാരകാര്യത്തിലും ശ്രദ്ധ വേണം. നന്നായി വെള്ളം കുടിക്കണം. ഗ്രീൻ ടീ ശീലമാക്കണം. നെല്ലിക്കയും ജലാംശമുള്ള പഴങ്ങളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

.

ട്രീറ്റ്മെന്റ് എടുത്താൽ  മരുന്നും വേണം.

മുടിക്കു സ്റ്റൈലൻ ലുക്ക് കിട്ടാൻ കെമിക്കലുകൾ ചേർത്ത ട്രീറ്റ്മന്റ് എടുത്താൽ അതിനുള്ള പരിഹാരം കൂടി ചെയ്യണം. ഹെയർ സ്മൂത്തനിങ് കഴിഞ്ഞാൽ നി‍ദേശിക്കുന്ന ഷാംപുവും കണ്ടീഷനറും ഉപയോഗിച്ചില്ലെങ്കിൽ മുടി വരണ്ടുപോകും. മുടികൊഴിച്ചിലും വരാം. പനിക്കു മരുന്നു തരുമ്പോൾ വയർ കേടാവാതിരിക്കാനുള്ള മരുന്നു കൂടി ഡോക്ടർമാർ തരാറില്ലേ. അതുപോലെയാണ് ഹെയർ ട്രീറ്റ്മെന്റിന്റെ കാര്യവും.

ബ്രാൻഡിന്റെ കാര്യത്തിൽ കോംപ്രമൈസ് വേണ്ട

ഷാംപുവാണെങ്കിലും കണ്ടീഷനറാണെങ്കിലും കേശസംരക്ഷണ ഉൽപന്നങ്ങളുടെ കാര്യത്തിൽ കോപ്രമൈസ് വേണ്ട. നല്ല ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക.

ഏറ്റവും ഇഷ്ടം ആരുടെ മുടി

ഏറ്റവും മനോഹരമായി തോന്നിയിട്ടുള്ളത് ശിൽപാ ഷെട്ടിയുടെ മുടിയാണ്. സോഫ്ട് വേവി ഹെയറാണ് ശിൽപയുടേത്. കൈകാര്യം ചെയ്യാൻ ഏറ്റവും എളുപ്പവും വേവി ഹെയർ തന്നെ.

ഓരോ മുഖത്തിനും ഓരോ ഹെയർസ്റ്റൈലല്ലേ?

അതെ. മുടിക്കെട്ടിന്റെ സ്റ്റൈൽ കൊണ്ട് മുഖത്തിന്റെ രൂപം മാറ്റാം എന്നതാണു കൂടുതൽ ശരി. വട്ടമുഖമുള്ളവർക്ക് അൽപം പൊങ്ങിനിൽക്കുന്ന ഹൈസ്റ്റൈലുകളാണു യോജിക്കുക. മുഖത്തിനു നീളം തോന്നാനാണിത്. ഓവൽ മുഖമുള്ളവർ ലോ സ്റ്റൈലുകൾ തിരഞ്ഞെടുക്കണം. നീണ്ട മുഖമുള്ളവർക്ക് വശങ്ങളിലേക്കുള്ള ഹെയർസ്റ്റൈൽ പരീക്ഷിക്കാം. വീതിയുള്ള താടിയുള്ളവർ മുടി വിടർത്തിയിടുന്നതാണു  നല്ലത്.

ബ്രൈഡൽ മേക്കപ്പിലെ പുതിയ ട്രെൻഡ്?

ഇപ്പോൾ ഗ്ലോസി മേക്കപ്പിന്റെ കാലമാണ്. 

 ഹെയർ കളറിലെ ട്രെൻഡി നിറങ്ങൾ

പിങ്ക്, ബ്ലൂ, മോക്ക, റെഡ്, ഗ്രീൻ... ഹെയർ കളറിങ് ഇപ്പോൾ മഴവിൽ നിറങ്ങളിലേക്കു മാറിയില്ലേ... 30 വർഷത്തിലേറെയായി ഹെയർ സ്റ്റൈലിങ് മേഖലയിൽ സജീവം. 

ബോളിവുഡ് താരങ്ങളുടെ ഹെയർ ഡ്രസർ.

ബ്രൈഡൽ മേക്കപ്പിൽ സ്പെഷലൈസേഷൻ.

Read more: Lifestyle Magazine