പെഡിക്യൂർ ഇനി അഡാറാക്കാൻ ബോംബ് ഐസ്ക്രീം !

Representative Image

ചോക്ലേറ്റ്, സ്ട്രോബെറി, വാനില അല്ലെങ്കിൽ പിന കൊളാഡ, ടെക്വില, സ്ട്രോബെറി മാർഗരിറ്റ ഏതു ഫ്ലേവറാണു കൂടുതൽ പ്രിയം. ചൂടു കുറയ്ക്കാൻ അൽപം ഐസ്ക്രീം ആവട്ടേ എന്നു തന്നെ. പക്ഷേ വാരിവലിച്ചു കഴിച്ചു അകം തണുപ്പിക്കാനല്ല, വെയിലേറ്റും പൊടിയേറ്റും വാടിയ കാല്‍പാദങ്ങൾക്ക് ഉണർവു പകരാനാണെന്നു മാത്രം. ഞെട്ടേണ്ട, ഇതാണ് ബോംബ് ഐസ്ക്രീം പെഡിക്യൂർ.

ഫ്ലേവർ പകരും അഴക്

പരസ്പര ബന്ധമില്ലാത്ത ഐസ്ക്രീമും ബോംബുമായി എന്തു പെഡിക്യൂർ‌ എന്ന് ആലോചിക്കാൻ വരട്ടെ. ഐസ്ക്രീമിന്റെ സൗന്ദര്യവും ബോംബിന്റെ കനമുള്ള ഇഫക്ടുമാണ് വേനൽക്കാലത്ത്  കാലുകൾക്കും കൈകൾക്കും ഇതു നൽകുന്നതെങ്കി‌ലോ? പൂക്കളുടെയും പഴങ്ങളുടെയും സത്തിൽ നിന്നുണ്ടാക്കിയ 40 പ്രധാന ഓയിലുകൾ അടങ്ങിയ കൂട്ടാണ് ഈ സ്പെഷൽ പെഡിക്യൂറിനായി ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള ഐസ്ക്രീം ഫ്ലേവറുകളും കാലിന്റെ സൗന്ദര്യത്തിന് പുതിയ രുചിക്കൂട്ട് നൽകും. ഏതു ഫ്ലേവർ വേണമെന്ന്് നമുക്ക് തീരുമാനിക്കാം. 

മെഴുകും ക്രീമും 

ഓയിൽകൊണ്ടുള്ള മസാജിങ്ങിനു ശേഷം കാൽ ഇറയ്ക്കിവയ്ക്കുന്ന വെള്ളത്തിലാണ് കപ് കേക്കിന്റെ രൂപത്തിലുള്ള ഐസ്ക്രീം ഫ്ലേവറുകൾ ഇടുന്നത്. നല്ല മണത്തിനൊപ്പം കാലുകൾക്ക് മോയ്ച്യുറൈസിങ് ഗുണവും ലഭിക്കും. അതിനു ശേഷം അരോമ ഓയിൽ അടങ്ങിയ പ്രത്യേക മെഴുകുതിരിയിൽ നിന്നെടുത്ത മെഴുകും  ക്രീമും ചേർത്ത് കാലിൽ മസാജ് ചെയ്യും. ഗ്രീൻ ടീ, നാരങ്ങ, തുടങ്ങി വിവിധ ഫ്ലേവറുകളിലുള്ളതാണ് മെഴുകുതിരി.  ഇഷ്ടത്തിനനുസരിച്ച് ഫ്ലേവർ തിരഞ്ഞെടുക്കാം. ഒന്നേകാൽ മണിക്കൂറാണ് ഈ സ്പെഷൽ പെഡിക്യൂറിനായി വേണ്ടി വരുന്ന സമയം. ഇതു തന്നെ മാനിക്യൂറുമുണ്ട്. 

പെഡിക്യൂറിന് 1399, മാനിക്യൂറിന്–1299 എന്നിങ്ങനെയാണ് നിരക്ക്.  

(വിവരങ്ങൾ: സിനി മങ്ങാട്ട്, സിനിമ സലൂൺ, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam