കൺമഷി, നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ...!

പെണ്ണിന്റെ കണ്ണിന് കൺമഷി ഒരു അഴകു തന്നെയാണ്. കണ്ണെഴുതിയ മിഴികള്‍ക്ക് വല്ലാത്ത ആകർഷണമുണ്ടാകും. നാം വസ്ത്രം ധരിച്ച് ഒരുങ്ങുന്നതിനൊപ്പം പ്രധാനമാണ് മിഴികളുടെ സൗന്ദര്യവും. മുഖത്ത് എന്തൊക്കെ മേക്അപ് ഇട്ടാലും കണ്ണെഴുതിയില്ലെങ്കിൽ അതൊരു കുറവു തന്നെയായിരിക്കും. ഇനി ഫേസ്ക്രീമോ ഫൗണ്ടേഷനോ ഒന്നും വാരിപ്പൂശിയില്ലെങ്കിലും കണ്ണൊന്ന് എഴുതിയാൽ അതുനൽകുന്ന സൗന്ദര്യം ഒന്നു വേറെതന്നെയാണ്.

വായ്മൊഴിയേക്കാൾ ആശയവിനിമയ ശേഷിയുണ്ട് മിഴികൾക്ക്. കണ്ണുകളിലെ ഒാരോ ചലനത്തില്‍ നിന്നും വികാരങ്ങൾ തിരിച്ചറിയാനാവും. കൺമഷിയെഴുതിയ മിഴികൾ ആണെങ്കിൽ കൂടുതൽ തിളക്കം കൂടും. എത്രത്തോളം കട്ടിയായി കൺമഷി എഴുതുന്നോ അത്രത്തോളം ഭാവം നിറഞ്ഞതാകും മിഴികൾ. മേയ്ക്കപ് ബോക്സിൽ കൺമഷി ഇല്ലാത്തൊരു അവസ്ഥയെക്കുറിച്ചേ പെൺകുട്ടികൾക്കു ചിന്തിക്കാനാവില്ല.. കൺമഷി ഇല്ലാതെ നിങ്ങൾക്കു പുറത്തിറങ്ങാനാവില്ലെന്ന് തെളിയിക്കുന്ന ചില സൂചനകളിതാ...

1)നിങ്ങൾ പുറത്തിറങ്ങുമ്പോൾ പൈസയടങ്ങിയ പേഴ്സ് എടുക്കാൻ മറന്നാലും കൺമഷിയെടുക്കാൻ മറക്കില്ല

2)കണ്ണെഴുതുന്നതോടെ കൂടുതൽ ആത്മവിശ്വാസം കൈവരുന്നുവെന്ന തോന്നല്‍.

3)കണ്ണെഴുതാതെ പുറത്തിറങ്ങുന്ന ദിവസം പലരും അസുഖമെന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കുന്നുണ്ടോ? എങ്കിൽ കൺമഷി നിങ്ങളെ അത്രയും സ്വാധീനിച്ചിരിക്കുന്നു.

4) കണ്ണെഴുതാത്ത ദിവസം കണ്ണ് അസുഖം ബാധിച്ചവരു‌ടെതു പോലെ ചെറുതായതായി സ്വയം തോന്നൽ

5) കണ്ണാടിയ്ക്കു മുന്നിലൂടെ എപ്പോൾ പോയാലും കൺമഷി ശരിയായിരിക്കുന്നോ എന്നു നോക്കുന്നത്

6) കാലാവസ്ഥയ്ക്കും സമയത്തിനും അനുസരിച്ച് മാറിമാറി ഉപയോഗിക്കാൻ ഒന്നിൽക്കൂടുതല്‍ കൺമഷി കൈവശം വയ്ക്കൽ

7)വിപണിയിലുള്ള എല്ലാ കൺമഷിയും പരീക്ഷിച്ച് അവസാനം മാത്രം യോജിച്ചത് തിരഞ്ഞെടുക്കൽ

8)കണ്ണെഴുതാന്‍ ഒന്നിൽക്കൂടുതൽ വഴികള്‍ അറിയുകയും അവയെല്ലാം പരീക്ഷിക്കുകയും ചെയ്യൽ

9)ചുവപ്പ്, പച്ച തുടങ്ങി ഏതൊക്കെ നിറങ്ങൾ പരീക്ഷിച്ചാലും ഒടുവിൽ കറുപ്പില്‍തന്നെ ചെന്നെത്തൽ

10)കൺമഷി കൂടുതൽ സുന്ദരിയാക്കുന്നുവെന്നു തോന്നുകയും അത് ആഹ്ലാദം നൽകുകയും ചെയ്യൽ

11)കൺമഷി പടർന്നു പോയാൽ അമിതമായി ഉത്കണ്ഠപ്പെടൽ

12)െഎലൈനർ ഉപയോഗിക്കാൻ സുഹൃത്തുക്കൾ പറഞ്ഞാലും കൺമഷി ഉപേക്ഷിക്കാന്‍ വിമുഖത

13)കണ്ണാടിയുടെ സഹായമില്ലെങ്കിലും അനായാസേ കണ്ണെഴുതാനുള്ള മികവ്. കൺമഷി, നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ...!