അന്യായ സ്റ്റൈലിന് ഹാഫ് ആൻഡ് ഹാഫ് കളറിങ്

Representative Image

നാടൻ ലുക്കിൽ നിന്ന് പൊടുന്നനേ പോഷ് ലുക്കിലേക്കൊരു മേയ്‌ക്കോവർ വേണമെങ്കിൽ എല്ലാവരും ആലോചിക്കുന്ന പൊടിക്കൈ ആണ് ഹെയർ കളറിങ്. എന്നാൽ മുടിയിൽ ചായം പൂശുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട് – തൊലിയുടെ നിറവും കണ്ണുകളുടെ നിറവും ഇതിലുൾപ്പെടും. പ്രധാനമായും തീരുമാനിക്കേണ്ടത് നിങ്ങൾക്ക് വേണ്ടത് നാടകീയമായൊരു വ്യത്യസമാണോ അതോ ചെറിയൊരു പുതുമയാണോ എന്നതാണ്. ഇതിനനുസരിച്ചിരിക്കണം തിരഞ്ഞെടുക്കുന്ന നിറവും. ചെറിയ മഞ്ഞപ്പ് കലർന്ന വെളുപ്പാണ് നിങ്ങൾക്കുള്ളതെങ്കിൽ മഞ്ഞ , ഗോൾഡ് ഒഴികെയുള്ള കടുത്ത നിറങ്ങൾ തിരഞ്ഞെടുക്കാം. പിങ്ക് നിറം കലർന്ന വെളുപ്പാണെങ്കിൽ ചുവപ്പ് കലർന്ന നിറങ്ങൾ ഒഴിവാക്കുക.

ചിലപ്പോൾ പാർട്ടി ലുക്ക്, ചിലപ്പോൾ നീറ്റ് ലുക്ക് – ഇങ്ങനെ ദ്വന്ദ്വ ലുക്ക് വേണ്ടവരാണ് നമ്മിൽ പലരും. അതിനാൽ ഹെയർ കളറിങ്ങിൽ ഏറ്റവും മികച്ചത് ഹാഫ് ആൻഡ് ഹാഫ് കളറിങ് എന്ന പുതിയ ട്രെൻഡാണ്. ബർഗണ്ടിയും ബ്ലാക്കും പിങ്കും എൻവി ബ്ലൂവും , ഒലീവ് ഗ്രീനും ആഷ് ബ്രൗണും എന്നിങ്ങനെ മികച്ച കോംബിനേഷനുകൾ മുടിയിൽ പരീക്ഷിക്കാം.. പകുതി മുടിയിൽ ഒരു നിറവും കോംബിനേഷനായി വരുന്ന മറുനിറം ബാക്കി മുടിയിലും എന്നതാണ് സ്റ്റൈൽ. ഏറെ ചേരുംപടി ചേരുന്ന രീതിയിൽ ഇത് ചെയ്യാൻ പ്രഫഷനൽ സ്റ്റൈലിസ്റ്റിനേ സാധിക്കൂ. അതുകൊണ്ടുതന്നെ നീറ്റ് ലുക്കിൽ ഓഫിസ് വെയറിനൊപ്പം മുടി കെട്ടുമ്പോൾ ഈ മുടിയിലെ ദ്വന്ദ്വ റിഫ്ലക്‌ഷൻ പ്രശ്നമാകില്ല. മുടി നേർ പകുതിയായി ഭാഗിക്കണമെന്നോ ഹാഫ് അനുപാതം കൃത്യമായിരിക്കണമെന്നോ നിർബന്ധമില്ല.

പൊതുവേ ധരിക്കുന്ന വസ്‌ത്രങ്ങളുടെ ചേർച്ച നോക്കിയും പറ്റിയ ഹെയർ ഷേയ്‌ഡുകൾ തിരഞ്ഞെടുക്കാം. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, ഗോൾഡൻ, ഒലീവ് ഗ്രീൻ എന്നിവയാണ് നിങ്ങൾക്ക് ചേരുന്ന വസ്‌ത്രനിറമെങ്കിൽ ഗോൾഡൻ ബ്ലോൺഡെ, ഗോൾഡൻ ബ്രൗൺ, സ്‌ട്രോബെറി ബ്ലോൺഡെ, ഓബൺ എന്നീ നിറങ്ങൾ കോംബിനേഷനായി ഉപയോഗിക്കാം. ബ്ലാക്കിലും ബ്ലൂയിഷ് റെഡിലും റോയൽ ബ്ലൂവിലും നിങ്ങൾ നന്നെങ്കിൽ ആഷ് ബ്രൗൺ, ബെർഗണ്ടി, ജെറ്റ് ബ്ലാക്ക് എന്നിവ മുടിയ്‌ക്കായി തിരഞ്ഞെടുക്കാം. ഇരുണ്ട നിറമുള്ളവർക്ക് ബ്ലോൺഡ് നിറങ്ങൾ അസ്വാഭാവികമായി തോന്നും. കേടുപറ്റിയ ഘടനയാണ് നിങ്ങളുടെ മുടിക്കെങ്കിൽ ബ്ലോൺഡ് കളറുകൾ കൂടുതൽ ദൂഷ്യം ചെയ്യും. സാധാരണയായി എല്ലാവർക്കും ചേരുന്ന കളർ ബ്രൗൺ ആണ്. ബ്രൗൺ ഷെയ്‌ഡ് നിറം കൊടുത്തിട്ട് റെഡ് മുതൽ വയലറ്റ് വരെയുള്ള വിവിധ നിറങ്ങൾ ഹൈലൈറ്റ് ചെയ്യുന്നത് ട്രെൻഡിയായിരിക്കും.