രണ്ടു ദിവസം കൊണ്ട് സുന്ദരിയാകാം

പാർട്ടിക്കോ ആഘോഷത്തിനോ പെട്ടെന്നൊരു ക്ഷണം വന്നാൽ ടെൻഷനടിക്കേണ്ട. രണ്ടേ രണ്ടു ദിവസം കൊണ്ട് നിങ്ങൾക്കും സുന്ദരിയാകാം. അതിനായി ബ്യൂട്ടിപാർലറിലേക്ക് ഓടേണ്ട. ഇതാ വെറും രണ്ടു ദിവസം കൊണ്ട് വീട്ടിലിരുന്നു തന്നെ സുന്ദരിയാകാൻ ചില പൊടിക്കൈകൾ.

തിളങ്ങും ചർമത്തിന്

വരണ്ടുണങ്ങിയ ചർമമാണോ പ്രശ്നം? ശരീരം മുഴുവൻ ലിക്വിഡ് സോപ്പ് പുരട്ടിയ ശേഷം ബോഡി സ്ക്രബ് കൊണ്ട് നന്നായി മസാജ് ചെയ്തോളൂ. അതിനു ശേഷം ധാരാളം വെള്ളത്തിൽ സ്ക്രബ് കഴുകിക്കളയുക. കണ്ണഞ്ചിക്കും ചർമകാന്തി സ്വന്തമാക്കാം.

കവിത വിരിയും മിഴികൾക്കായി

ഒരു ടീബാഗ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം നന്നായി തണുപ്പിക്കുക. ഇത് കൺപോളകൾക്കു മേൽ പത്തു മിനിറ്റു വയ്ക്കുക. തേയിലയിലടങ്ങിയ കഫീൻ കൺപോളകളിലെ കലകളെ മുറുക്കമുള്ളതാക്കി മാറ്റുന്നു. ഇത് കൺപോളകളുടെ നീർക്കെട്ടു മാറ്റി കണ്ണുകൾ സുന്ദരമാക്കും. മാത്രമല്ല, ഉറക്കക്കുറവു മൂലം കണ്ണുകൾക്കു താഴെയുണ്ടാകുന്ന കറുപ്പുനിറം മാറി കണ്ണുകൾക്ക് തിളക്കം ലഭിക്കുകയും ചെയ്യും.

മുഖക്കുരു അകറ്റാം

മുഖക്കുരു ആണോ ആത്മവിശ്വാസം തകർക്കുന്ന നമ്പർ വൺ ശത്രു? അതിനും പരിഹാരമുണ്ട്. ഒരു എസ്ക്യെൂബ് മസ്ലിൻ തുണിയിൽ പൊതിഞ്ഞ് മൂന്നു മിനിറ്റ് മുഖക്കുരുവിൻമേൽ വയ്ക്കുക. അതിനുശേഷം എസ്ക്യെൂബ് മാറ്റി മസ്ലിൻ തുണി ലാവണ്ടർ ഓയിലിൽ മുക്കി മുഖക്കുരുവിൽ വയ്ക്കുക. ബാക്ടീരിയ ഇൻഫക്ഷൻ മാറി രണ്ടു ദിവസത്തിനുള്ളിൽ മുഖക്കുരു അപ്രത്യക്ഷമാകുന്നതാണ്.

മുടിയഴകിന്

പാർട്ടിയുടെയും മറ്റും തലേദിവസം വോളിമൈസിങ് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് തലമുടി നന്നായി കഴുകുക. പാർട്ടിക്കു പോകുന്നതിനു മുൻപായി കുളിച്ച് ഫാനിനു താഴെ നിന്ന് മുടി നന്നായി ഉണക്കുക. അതിനു ശേഷം മുടി പലഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗവും ബ്ലോ ഡ്രൈ ചെയ്യുക. അവസാനം മുടിയുടെ അറ്റത്തായി ഹെയർ വാക്സ് പുരട്ടുക. ഇത് മുടി പൊട്ടിപ്പോയതു മൂലമുള്ള അഭംഗി മാറ്റുന്നതിനൊപ്പം മുടിക്ക് കൂടുതൽ തിളക്കവും ഭംഗിയും നൽകുകയും ചെയ്യും.

പാദങ്ങളുടെ ഭംഗിക്ക്

രാത്രി ഉറങ്ങുന്നതിനു മുൻപായി പാദങ്ങളിൽ പെട്രോളിയം ജെല്ലി പുരട്ടി സോക്സിട്ട് കിടക്കുക. പാദങ്ങൾ മൃദുവും സുന്ദരവുമാകും.

മേക്കപ്പ് ഏറെ നേരം നിൽക്കാൻ

മേക്കപ്പ് നീണ്ടു നിൽക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

മുഖത്ത് ഫൗണ്ടേഷനും കോംപാക്ട് പൗഡറും ഇട്ട ശേഷം അതിനു പുറത്ത് വെള്ളം സ്പ്രേ ചെയ്ത് ടിഷ്യു വച്ച് ഒപ്പിയെടുക്കുക. മേക്കപ്പ് ഏറെനേരം നിലനിൽക്കും.

ലിപ്സ്റ്റിക് ഏറെ നേരം നിലനിൽക്കാൻ ചുണ്ടിൽ കൺസീലർ ഇട്ടശേഷം ലിപ്സ്റ്റിക് ഇടുക.

നെയിൽ പോളിഷ് പെട്ടെന്ന് ഇളകിപ്പോകാതിരിക്കാൻ നെയിൽ പോളിഷ് പുരട്ടിയ ശേഷം അതിനുമേൽ ഒരു ക്ലിയർ കോട്ട് കൂടി ഇട്ടാൽ മതി.