അൺറിമംബേർഡ്; 25 ലക്ഷം ഇന്ത്യൻ ഭടന്മാരുടെ ത്യാഗത്തിന്റെ കഥ

അടക്കിഭരിക്കുന്ന രാജ്യത്തിനു വേണ്ടി മറ്റൊരു രാജ്യത്ത് പോരാടി ജീവത്യാഗം ചെയ്യുക, ആ ത്യാഗത്തിന്റെ ചരിത്രം മൺമറഞ്ഞുപോവുക! സമാനതകളില്ലാത്ത ഇത്തരമൊരു പോരാട്ടത്തിന്റെ ചരിത്രമാണ്, രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനു വേണ്ടി പോരാടിയ 25 ലക്ഷം ഇന്ത്യൻ ഭടന്മാരുടെ ത്യാഗമാണ് അമേരിക്കൻ കലാകാരി അന്നു പാലക്കുന്നത്ത് മാത്യു ‘ അൺറിമംബേർഡ് ’ എന്ന പേരിലുള്ള തന്റെ ബിനാലെ ഇൻസ്റ്റലേഷനു വിഷയമാക്കിയിരിക്കുന്നത്.

ആ പോരാട്ടത്തിൽ 87,000 പേർക്കും ജീവൻ നഷ്ടപ്പെട്ടുവെന്നറിയുമ്പോഴാണ് ഈ ഇൻസ്റ്റലേഷൻ എത്രമാത്രം ചരിത്രത്തോടു നീതി പുലർത്തുന്ന ഒന്നാണെന്ന് തിരിച്ചറിയാനാവുക. ഇരുണ്ട മുറിയിലാണ് ഈ ഇൻസ്റ്റലേഷൻ. ഒരു ഭാഗത്ത് മേശയിൽ രണ്ടു തടിച്ച ചരിത്രപുസ്തകവും മറുഭാഗത്ത് 3.30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും ചേർന്നതാണിത്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കലാകാരിയാണെങ്കിലും അന്നു മാത്യുവിന്റെ കുടുംബവേരുകൾ നമ്മുടെ കേരളത്തിലാണ്. പത്തനംതിട്ട മരാമണിലാണ് ഇവരുടെ കുടുംബവീട്. ഇറ്റലിയിലും മറ്റും നടന്ന പോരാട്ടങ്ങളിൽ ബ്രിട്ടനു വേണ്ടി വിജയം കൊയ്ത പോരാട്ടങ്ങളായിരുന്നു ഇന്ത്യക്കാരുടേത്. ഇന്ത്യ–പാക്കിസ്ഥാൻ വിഭജനമായിരുന്നു അന്നുവിന്റെ ആദ്യ ഇൻസ്റ്റലേഷന്റെ വിഷയം. 1.2 കോടി ജനങ്ങൾ അനാഥരാവുകയും ഇരുഭാഗത്തുമായി 10 ലക്ഷത്തിലേറെ പേർ മരണമടയുകയും ചെയ്ത ആ വിഭജനത്തിന്റെ കലാസൃഷ്ടിയും ഏറെ പേരെ പൊള്ളലേൽപിച്ച ഒന്നായിരുന്നു.