Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോസ് കൃഷ്ണമാചാരി അന്തര്‍ദേശീയ ബിനാലെ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍

Bose-Krishnamachari

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) പ്രസിഡന്‍റ് ബോസ് അന്തര്‍ദേശീയ ബിനാലെ അസോസിയേഷന്‍റെ (ഐബിഎ) ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി.   തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ഐബിഎയുടെ ജനറല്‍ അസംബ്ലിക്കു ശേഷം പ്രസിഡന്‍റ് ഹൂര്‍ അല്‍ ക്വാസിമിയാണ് അന്‍പത്തിയഞ്ചുകാരനായ ബോസിനെ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചത്.

ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ 2010 ല്‍ ആരംഭിച്ച ബിനാലെ ഫൗണ്ടേഷന്‍ മൂന്നു ബിനാലെകള്‍ പൂര്‍ത്തീകരിക്കുകയെന്ന മാനദണ്ഡം പാലിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് അദ്ദേഹത്തിന്‍റെ പ്രാതിനിധ്യം ഉണ്ടായത്. 2012 ല്‍ തുടക്കമിട്ട ബിനാലെയുടെ നാലാം പതിപ്പാണ് കഴിഞ്ഞയാഴ്ച ആരംഭിച്ചത്. ആറു വര്‍ഷത്തിനുള്ളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ബിനാലെയായി ഇത് മാറി. നഗരത്തിലെ 10 വേദികളിലായി 94 കലാകാരന്‍മാര്‍ ഇത്തവണ അണിനിരക്കുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലെ കബ്രാള്‍ യാര്‍ഡില്‍ തിങ്കളാഴ്ച നടന്ന ഐബിഎയുടെ പൊയോഗത്തില്‍ അറബ് എമിറേറ്റ്സില്‍ ബിനാലെ സംഘടിപ്പിക്കുന്ന ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍ മേധാവി ഹൂര്‍ അല്‍ ക്വാസിമിയും സന്നിഹിതനായിരുന്നു.

ഐബിഎയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകുന്നത് ആദരവായി കാണുന്നതായും പ്രാരംഭം മുതല്‍ക്കേ കലാശാസ്ത്ര മേഖലയിലുള്ള ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും ബിനാലെ ആദ്യപതിപ്പിന്‍റെ സഹ ക്യൂറേറ്ററും  മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികൂടിയായ ബോസ്  കൃഷ്ണമാചാരി വ്യക്തമാക്കി.

കെബിഎഫിന്‍റെ സഹപങ്കാളിത്തത്തോടെ 'ഷിഫ്റ്റിംഗ് ബോര്‍ഡേഴ്സ്: ബൈനീല്‍സ് ഇന്‍ ട്രാന്‍സ്ഫോമിംഗ് ലാന്‍ഡ്സ്കേപ്സ്' എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ ടോക്കിയോ സമകാലീന കലാമ്യൂസിയം മുഖ്യ ക്യൂറേറ്റര്‍ യൂകോ ഹസേഗാവ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ബിനാലെയിലുള്ള അനുഭവങ്ങളും അവര്‍ പങ്കുവച്ചു. 

തുടര്‍ന്ന് 2012ല്‍ രൂപീകൃതമായ ഐബിഎയുടെ അംഗങ്ങളും അവതരണം നടത്തി. എയ്ച്ചി ട്രിനാലെ, ബലാറത് ഇന്‍റര്‍നാഷണല്‍ ഫോട്ടോ ബിനാലെ, സിഡ്നി ബിനാലെ, ലാന്‍ഡ് ആര്‍ട് മംഗോളിയ, മാനിഫെസ്റ്റ, മീഡിയ ആര്‍ട്സ് ബൈനീല്‍ ചിലി, റെന്‍കണ്‍ട്രെസ്ഡി ബമാകോ, അറ്റ്ലാന്‍റിക് പ്രോജക്ട് പ്രതിനിധികളും സമ്മേളനത്തില്‍ സംസാരിച്ചു.