താരസമ്പന്നമായി ലുലു ഫാഷൻ വീക്ക് മൂന്നാം ദിനം

സ്ത്രീകൾക്കുള്ള വസ്ത്ര ബ്രാൻഡായ ബീബ തങ്ങളുടെ പുതിയ കലക്‌ഷൻസ് അവതരിപ്പിച്ചു

ലുലു ഫാഷൻ വീക്കിന്റെ മൂന്നാം ദിവസം താരസമ്പന്നമായിരുന്നു. നടിയും മോഡലുമായ അർച്ചന, നടൻ ഹരികൃഷ്ണൻ, തൈക്കൂടം ബ്രിഡ്ജ് ഫെയിം സിദ്ധാർഥ് മേനോൻ എന്നിവർ റാംപിലെ  പ്രകടനത്തിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.

സ്ത്രീകൾക്കുള്ള വസ്ത്ര ബ്രാൻഡായ ബീബ തങ്ങളുടെ പുതിയ കലക്‌ഷൻസ് അവതരിപ്പിച്ചു. പുരുഷന്മാർക്കുള്ള പ്രമുഖ വസ്ത്ര ബ്രാൻഡായ ഓക്സംബർഗ് തങ്ങളുടെ പുതിയ വസ്ത്ര ശേഖരം സിദ്ധാർത്ഥിന് കൈമാറി പ്രകാശനം ചെയ്തു. 

മലർവാടി ആർട്സ് ക്ലബ്, ആട്, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരികൃഷ്‌ണൻ തന്റെ പുതിയ സ്റ്റൈലിഷ് വസ്ത്രങ്ങളിൽ റാംപിൽ  കാഴ്ചക്കാരുടെ മനംകവർന്നു. സിദ്ധാർഥ് മേനോന്റെ പുതിയ സംഗീത സംരംഭമായ സിഡ്‌സണിന്റെ പ്രകാശനത്തിനും ലുലു ഫാഷൻ വീക്ക് റാംപ്‌ വേദിയായി.

ഫാഷൻ ഡിസൈനർമാരുടെയും, മോഡലുകളുടെയും, ഫാഷൻ സ്നേഹികളുടെയും, നൃത്തസംവിധായകരുടേയും, സെലിബ്രിറ്റികളുടെയും ഒക്കെ സാന്നിധ്യം ലുലു ഫാഷൻ വീക്കിന് താരപ്പൊലിമയേകുന്നു. ഫാഷൻ രംഗത്തെ നൂതനപരീക്ഷണങ്ങളുടെ വേദി എന്ന നിലയിൽ കൊച്ചിയുടെ ഫാഷൻ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലാണ് ലുലു ഫാഷൻ വീക്കിലൂടെ എഴുതിച്ചേർക്കപ്പെടുന്നത്.