സ്ത്രീത്വത്തിന്റെ ദേവീശക്തി

മഹാലക്ഷ്മിയുടെ അവതാരരൂപമായിരുന്നു രാമായണത്തിലെ സീതാദേവി.

നവരാത്രിവ്രതമെടുത്ത് പരാശക്തിയായ ദേവിയെ ആരാധിച്ചതിനാലാണു ശ്രീരാമനു സീതാദേവിയെ ലങ്കയിൽ രാവണന്റെ തടവിൽ നിന്നു വീണ്ടെടുക്കാനായതെന്നു ദേവീഭാഗവതത്തിൽ പറയുന്നു:

"നവരാത്രവ്രതസ്യാസ്യ പ്രഭാവേണ വിശാംവര, 

സുഖം ഭൂമിതലേ പ്രാപ്തം രാമേണാമിതതേജസാ" എന്ന്. 

സീതാദേവിയുടെ പൂർവജന്മമായ വേദവതിയുടെ ശാപവും കുബേരന്റെ പുത്രഭാര്യയായ രംഭയുടെ ക്രോധവും രാവണനെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് ഇതിഹാസപുരാണങ്ങൾ. ഇതുമൂലമാണു രാവണൻ ലങ്കയിൽ സീതാദേവിയോടു മാന്യമായി പെരുമാറിയതത്രേ. 

അതിശക്തനെന്ന് അഹങ്കരിക്കുന്ന ഏതു രാവണനെയും നിലയ്ക്കു നിർത്താൻ സ്ത്രീശക്തിക്കു കഴിയുമെന്ന പാഠമാണു ഇതിഹാസ പുരാണങ്ങൾ നമുക്കു തരുന്നത്. 

ഉത്തമസ്ത്രീത്വത്തിന്റെ ആ ശക്തിയെ ആരാധിക്കൽ തന്നെ ദേവീപൂജ.