'ബ്രസീലിന്റെ ആ മനസ്സ് ആരും കാണാതെ പോകരുതേ...'

അങ്ങനെ ആ കഥ തീര്‍ന്നു. മഞ്ഞപ്പടയുടെ വീരസാഹസ വീമ്പുപറച്ചിലുകള്‍ക്കും നെയ്മറിന്റെ അഭിനയത്തിനുമൊന്നും ഇനി തല്‍ക്കാലം സ്‌കോപ്പില്ല. ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് കാല്‍പ്പന്ത് കൊണ്ട് കവിത വരയ്ക്കാന്‍ വന്നെ ബ്രസീലിന് കണ്ണീരോടെ മടക്കമായപ്പോള്‍ തകര്‍ന്നടിഞ്ഞത് മലയാളി ഫാന്‍സുകാരുടെ ഹൃദയം കൂടിയാണ്. 

ചുവന്ന ചെകുത്താന്മാരെന്ന വിളിപ്പേരുമായി എത്തിയ ബെല്‍ജിയം കരുത്തരായ ബ്രസീലിനെ 2നെതിരെ ഒരു ഗോളിനാണ് തോല്‍പ്പിച്ച് മടക്കി അയച്ചത്. വമ്പന്മാരെല്ലാം നേരത്തെ തന്നെ പുറത്തായ ഈ ലോകകപ്പ് ട്രോളന്മാര്‍ക്കും ആഘോഷത്തിനുള്ള വകയാണ് സമ്മാനിച്ചത്. അര്‍ജന്റീനയുടെ പുറത്താകലിന് ശേഷം ബ്രസീല്‍ കൂടി മടങ്ങിയതോടെ ഏറ്റവും കൂടുതല്‍ ട്രോളിന് വിധേയമാകുന്നത് അവരുടെ സൂപ്പര്‍ താരം നെയ്മര്‍ തന്നെ. 

ഓവര്‍ ആക്റ്റിങ്ങിന്റെ പേരില്‍ ഈ ലോകകപ്പില്‍ കടുത്ത ട്രോള്‍ ആക്രമണത്തിനാണ് നെയ്മര്‍ വിധേയനായത്. എതിര്‍ ടീം കളിക്കാര്‍ അടുത്തുകൂടെ പോകുമ്പോഴേക്കും നെയ്മര്‍ ഗ്രൗണ്ടില്‍ വീണുരുളുന്നത് ആഗോള മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായി മാറിയിരുന്നു. നെയ്മര്‍ ഇങ്ങനെ അഭിനയിച്ച് സ്വന്തം കഴിവുകളുടെ വില പോലും കളയുമെന്നും ആക്ഷേപം ഉയര്‍ന്നു.

ഇപ്പോള്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്തായപ്പോള്‍ ട്രോളുകള്‍ പലതും വരുന്നത് നെയ്മറിനെ ലക്ഷ്യം വെച്ചുതന്നെ. 'ബെല്‍ജിയത്തിനെതിരെ ഡൈവ് ചെയ്ത ശേഷം നെയ്മര്‍; കളി ഏത് ടീമിനെതിരെയാണെങ്കിലും ഞാന്‍ അഭിനയിക്കും.' ഇതുപോലുള്ള ട്രോളുകളാണ് എത്തുന്നത്. 

ബ്രസീല്‍ കൂടി പുറത്തായതോടെ അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും ഫാന്‍സിനും പെരുത്ത് സന്തോഷമായി. ഞാനുമെത്തി ക്രിസ്റ്റി എന്ന് പറഞ്ഞാണ് നെയ്മറിനെ കളിയാക്കി പല ട്രോളുകളും ഇറങ്ങിയിരിക്കുന്നത്. ലോകകപ്പും കൊണ്ടേ നാട്ടിലേക്കുള്ളൂവെന്ന് പറഞ്ഞ് ട്രോള്‍ ഇട്ടിരുന്ന ബ്രസീല്‍ ഫാന്‍സിന്റെയൊന്നും പൊടിപോലും ഇപ്പോഴില്ല. 

എന്തായാലും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയോടും മെസ്സിയോടും നെയ്മര്‍ ദൂതനെ വിട്ട് പറഞ്ഞ കാര്യം ഇതാണ്, വന്തിട്ടെന്ന് സൊല്ല്...