Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ പ്രചരണങ്ങൾ പൊളിച്ച് പൊലീസിന്റെ ട്രോൾ വിഡിയോ; വൈറൽ

Kerala-police-viral-troll-video-against-fake-allegations

വ്യാജപ്രചരണങ്ങൾക്കെതിരെ ട്രോൾ വിഡിയോയുമായി കേരള പൊലീസ് ഫെ‌യ്സ്ബുക്ക് പേജ്. പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ ട്രോളുകയും പ്രചരണങ്ങൾ പൊളിച്ചടുക്കുന്നതുമാണ് വിഡിയോ. 

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സേനയ്ക്കുള്ളിൽ ഒരു യുവജനസംഘടനയുടെ പ്രവർത്തകര്‍ നുഴഞ്ഞു കയറിയെന്നും അക്രമം അഴിച്ചു വിട്ടെന്നും പ്രചാരണമുണ്ടായിരുന്നു. ഇങ്ങനെ പ്രചരിച്ച ചിത്രത്തിലുളള പൊലീസുകാർ ‘പെൻമസാല’ എന്ന ചിത്രത്തിലെ അഭിനേതാക്കളാണെന്ന് കേരള പൊലീസ് വിഡിയോയിൽ വ്യക്തമാക്കുന്നു. തെലുങ്ക് നടൻ സമ്പൂർണേഷ് ബാബുവിന്റെ ചിത്രത്തിലെ സീനുകളും വിഡിയോയിലുണ്ട്. ഇദ്ദേഹം കേരളാ പൊലീസ് അംഗമാണെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രവും കാണാം. മലയാള ചിത്രങ്ങളായ നാടോടിക്കാറ്റും മിഥുനവുമൊക്കെ ചേർന്നൊരു റീമിക്സ് ആണ് സംഭാഷണങ്ങൾ.

പതിവുപോലെ ഈ ട്രോളും വൈറലായി. രസകരമായ മറുപടികൾ നൽകി കമന്റ് ബോക്സിലും കേരളാ പൊലീസ് ചിരിപ്പടർത്തി. ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ’ എന്നതു മുതൽ ‘മറ്റുള്ള ട്രോൾ പേജുകൾ അൺലൈക്ക് ചെയ്യാൻ പോവുകയാണെന്നുമുള്ള’ കമന്റുകളും പോസ്റ്റിൽ നിറഞ്ഞു.

വ്യാജൻമാരെ തിരിച്ചറിയാൻ ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ്:

''പോലീസിനെതിരെ വ്യാജപോസ്റ്റുകൾ ... യാഥാർഥ്യം തിരിച്ചറിയുക. നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കേരളത്തിന്‍റെ മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ കേരള പോലീസും ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിലെ വൈവിധ്യമാർന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പോലീസിന്‍റെ സേവന സാന്നിധ്യം ആർക്കും വിസ്മരിക്കാനാവില്ല. അർപ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പോലീസ് നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കേരള പോലീസിന്‍റെ മഹത്തായ ഈ പാരമ്പര്യത്തെ അവഹേളിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുക തന്നെ വേണം. ഇതിനായി നടത്തുന്ന അപനിർമ്മിതികളെ തള്ളിക്കളയുവാൻ പൊതു സമൂഹം തയ്യാറാകണം.

കേരളത്തിൽ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിൽ കേരള പോലീസിന്‍റെ ശക്തമായ ഇടപെടലുകൾ നിർണായകമാണ്. അതുകൊണ്ടുതന്നെ കുറേ വർഷങ്ങളായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള വസ്തുതയും ഏറെ ശ്രദ്ധേയമാണ്.. നമ്മുടെ നാടിന്‍റെ സാഹോദര്യവും സഹവർത്തിത്വവും കൂടുതൽ ശോഭനമാക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്''

related stories