കൈകൾ വിധിയെടുത്തു, വിരലുകൾക്ക് പകരം ചുണ്ടുകൾ ചായപ്പെൻസിൽ പിടിച്ചു

പെയിന്റിങ് എക്സിബിഷനുകളിലെ സജീവ സാന്നിധ്യമായ അഹമ്മദാബാദ് സ്വദേശി മഞ്ജിഭായ് രമണിയുടെ ജീവിതം ആർക്കും പ്രചോദനകരമാണ്. ആരെയും ആകർഷിക്കുന്ന രീതിയിൽ കാൻവാസിൽ കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ ചലിച്ചത് അദ്ദേഹത്തിന്റെ വിരലുകളല്ല, മറിച്ച് ചുണ്ടുകളാണ് എന്ന തിരിച്ചറിവ് ആരേയും ഒന്ന് സ്തബ്ധരാക്കും. ഒരു ലക്ഷത്തിലേറെ ചിത്രങ്ങൾ വരച്ച്, ദേശീയ, അന്തർദേശീയ തലത്തിൽ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മഞ്ജിഭായ്ക്ക് തീർത്തും അവിചാരിതമായാണ് കൈകൾ നഷ്ടമാകുന്നത്.

10 വയസ്സ് പ്രായത്തിൽ, വീട്ടിൽ ബന്ധുക്കളായ കുട്ടികളുമൊത്ത് കളിക്കുകയായിരുന്നു മഞ്ജിഭായ്. അപ്പോഴാണ് അബദ്ധവശാൽ അരികിലായി കരിമ്പ് ചതയ്ക്കുന്നതിനായി കൊണ്ട് വച്ച യന്ത്രത്തിനിടയിലേക്ക് മഞ്ജിഭായ് വീണത്. യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് നടന്നതെല്ലാം നേർത്ത ഒരു ഓർമ്മ മാത്രമാണ്. ഓർമ്മ മറയുമ്പോൾ ആ പത്തു വയസുകാരനെയും വാരിയെടുത്ത് മാതാപിതാക്കൾ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. 

പിന്നീട് ബോധം തെളിഞ്ഞപ്പോഴേക്കും ആ ബാലന് തന്റെ കൈകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. ജീവിതം തന്നെ നഷ്ടമായി എന്ന ചിന്തയായിരുന്നു പിന്നീട് വീട്ടിൽ എല്ലാവർക്കും. ഏകദേശം ആറു വർഷത്തോളം ആ അപകടത്തിന്റെ ആഘാതത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മഞ്ജിഭായ് ഇരുന്നു. 1976 ൽ, തന്റെ 16–ാം വയസ്സിൽ പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ, കൈകൾക്ക് പകരം വായിൽ പെൻസിൽ കടിച്ചു പിടിച്ച് എഴുതാൻ ആരംഭിച്ചു. ആ ശ്രമം വിജയം കണ്ടതോടെ, അടുത്ത പട്ടണത്തിലേക്ക് ചേക്കേറി, സ്‌കൂൾ പഠനം ആരംഭിച്ചു. 

എഴുത്തും വായനയും പഠിച്ച് കഴിഞ്ഞതോടെ, അടുത്തത് എന്ത് എന്നായി ചിന്ത. അപ്പോഴാണ് ചായങ്ങളോട് ഇഷ്ടം തോന്നുന്നത്. പിന്നീടുള്ള ശ്രമം ചിത്രം വരയ്ക്കാനായി. അതിൽ പൂർണമായി വിജയിച്ചതോടെ മഞ്ജിഭായ് തന്നിൽ ഒരു ചിത്രകാരൻ ഉണ്ട് എന്ന് ലോകത്തെ മനസിലാക്കി കൊടുക്കാൻ തന്നെ തീരുമാനിച്ചു. ഫൈൻ ആർട്ട്സ് കോളേജിൽ ചേർന്ന് ചിത്ര രചന പഠിച്ചു. കൂടുതൽ ചിത്രങ്ങൾ വരച്ച് കൂടുതൽ പ്രദർശനങ്ങൾ നടത്തി. 

മഞ്ജിഭയുടെ വരകളിൽ കൃഷ്ണനും രാധയും, ദേവന്മാരും, പൂക്കളും, പ്രകൃതിയും എല്ലാം ഇടം പിടിച്ചു. വരകൾക്ക് ആരാധകർ വർധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിറ്റു പോയി. അതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 

ഇന്ന്, ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രകാരനാണ് മഞ്ജിഭായ്. കൈകൾ ഇല്ലായ്മ ഒരു കുറവായി തോന്നിയിരുന്നെങ്കിൽ ഒരിക്കലും തന്റെ ഉള്ളിലെ കഴിവ് അദ്ദേഹം തിരിച്ചറിയുമായിരുന്നില്ല എന്ന് മഞ്ജിഭായ് തന്നെ പറയുന്നു. ദൈവം ഓരോ കുറവ് തരുമ്പോഴും അതിനെ തരണം ചെയ്യാനുള്ള ശക്തി കൂടി തരുന്നുണ്ട് എന്ന് മനസിലാക്കണമെന്ന് അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നു.