ആൺകുട്ടികളുടെ യൂണിഫോം ധരിക്കണമെന്ന് സ്കൂൾ അധികൃതർ; ട്രാൻസ്ജൻഡർ പെൺകുട്ടി കേസിന്

ആൺകുട്ടികളുടെ യൂണിഫോം ധരിക്കാൻ സ്കൂൾ അധികൃതർ നി‍ർബന്ധിച്ചതിനെതിരെ ഇന്ത്യൻ വംശജയായ ട്രാൻസ്‌ജൻഡർ പെൺകുട്ടി കേസിന്. എട്ടു വയസ്സുള്ള നികോൾ (നിക്കി) ബ്രാറും അവളുടെ മാതാപിതാക്കളുമാണു കലിഫോർണിയയിലെ ഹെറിറ്റേജ് ഓക് സ്കൂളിനെതിരെ രംഗത്ത്.നികോൾ എന്നു പേരുമാറിയ മകളെ അങ്ങനെ പേരുവിളിക്കാൻ സ്കൂളുകാർ തയാറായില്ലെന്നും മാതാപിതാക്കളായ പ്രിയ ഷായും ജസ്പ്രീത് ബ്രാറും ആരോപിച്ചു. ലിംഗവിവേചനത്തിനെതിരെ കലിഫോർണിയ സംസ്ഥാനത്തു നിലവിലുള്ള നിയമം ചൂണ്ടിക്കാട്ടിയാണു കേസു കൊടുത്തിരിക്കുന്നത്.

നികോളിനെ മറ്റു കുട്ടികൾ കളിയാക്കുന്നതു തടയാൻ ശ്രമിക്കരുതെന്ന് അധ്യാപകർക്കു നിർദേശം കിട്ടിയിരുന്നതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു. വിവേചനവും പരിഹാസവും സഹിക്കാതെ സ്കൂളു മാറേണ്ടിവന്നതായും പറയുന്നു.