Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരുകാനന്ദത്തിനെ 'പാഡ്മാൻ' ആക്കിയത് ഭാര്യയുടെ ആ മറുപടി!!

Pad man Muruganantham

അക്ഷയ് കുമാർ നായകനായെത്തിയ ‘പാഡ് മാൻ’ എന്ന ബോളിവുഡ് ചിത്രം കഴിഞ്ഞയാഴ്ച കൊട്ടകയിലെത്തുംമുൻപേ സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി അക്ഷയ് കുമാർ സാനിറ്ററി നാപ്കിനുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികൾ അവരുടെ ആർത്തവാനുഭവങ്ങൾ പാഡിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുതുടങ്ങി. അക്ഷയ്കുമാർചിത്രം പറയുന്നത് കുറഞ്ഞ ചെലവിൽ രാജ്യത്തെ സ്ത്രീകൾക്കുവേണ്ടി സാനിറ്ററി നാപ്‌കിൻ ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത പാഡ് മാന്റെ കഥയാണ്. ഇതു വെറുമൊരു കഥയല്ല, കേരളത്തിന്റെ അയൽനഗരമായ കോയമ്പത്തൂരിൽനിന്നുള്ള അരുണാചലം മുരുഗാനന്ദത്തിന്റെ യഥാർഥ ജീവിതംതന്നെയാണ്. തീണ്ടാരിപ്പെണ്ണുങ്ങളെ തീണ്ടാപ്പാടകലെ മാറ്റിനിർത്തുന്ന പരമ്പരാഗത ഗ്രാമപശ്ചാത്തലത്തിൽനിന്നു വന്ന മുരുകാനന്ദമാണു കോർപറേറ്റ് കമ്പനികളുടെ വിലകൂടിയ നാപ്കിനുകൾ വാങ്ങാനാകാതെ നിരാശപ്പെട്ട രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട പെണ്ണുങ്ങളുടെ ആർത്തവനോവിന് അൽപമെങ്കിലും ആശ്വാസം പകർന്നത്. അതുകൊണ്ടുതന്നെയാണു ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്‌തികളെ ഉൾപ്പെടുത്തി ടൈംമാഗസിൻ 2014ൽ പുറത്തിറക്കിയ പട്ടികയിൽ  മുരുകാനന്ദത്തിനും അഭിമാനകരമായ ഇടം നേടിക്കൊടുക്കാൻ കാരണമായതും.

 പാഡ് വാങ്ങണോ  മക്കൾക്കു പാൽ വാങ്ങണോ?...

കോയമ്പത്തൂരിലെ പിന്നാക്കഗ്രാമത്തിൽ നിന്നായിരുന്നു മുരുകാനനന്ദത്തിന്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. 1998. വിവാഹശേഷം ഭാര്യ ആർത്തവദിനങ്ങളിൽ പഴന്തുണിയും മറ്റും ശേഖരിച്ചു രക്തക്കറ മറയ്ക്കാൻ പാടുപെടുന്നതു കണ്ടപ്പോൾ മുരുകാനന്ദം ചോദിച്ചു, നാപ്കിൻ വാങ്ങി ഉപയോഗിച്ചുകൂടേ എന്ന്. പുച്ഛത്തോടെയായിരുന്നു ഭാര്യയുടെ മറുപടി; ‘നാപ്കിൻ വാങ്ങിയാൽ പിന്നെ കുട്ടികൾക്കു പാലും റൊട്ടിയും വാങ്ങാൻ പണം തികയില്ല’. ആ മറുപടിയിലെ ദൈന്യതയായിരുന്നു വില കുറഞ്ഞ നാപ്കിനുകൾ തന്റെ ഭാര്യ ഉൾപ്പെടെയുള്ള പാവപ്പെട്ട പെണ്ണുങ്ങൾക്കു നിർമിച്ചു വിതരണം ചെയ്യണമെന്ന സ്വപ്നം മുരുകാനന്ദത്തിലുണർത്തിയത്. 

 പിന്നീട് അതിനുവേണ്ടിയുള്ള അന്വേഷണവും പരീക്ഷണങ്ങളുമായിരുന്നു കുറെക്കാലം. 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലു രൂപയ്‌ക്കാണ് അക്കാലത്തു കടകളിൽ വിറ്റിരുന്നതെന്നു മുരുകാനന്ദം മനസ്സിലാക്കി. ഈ കൊള്ള അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുരുകാനന്ദം പാഡ് ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തു. വെൽഡിങ് ജോലിയിലെ മിടുക്ക് ഇതിനു പ്രയോജനപ്പെടുത്തുകയും ചെയ്തു. പക്ഷേ ഭാര്യയിൽ മാത്രം പരീക്ഷിച്ചാൽ തന്റെ പാഡ് യന്ത്രത്തിന്റെ ഉൽപാദനം വിജയകരമാകില്ലെന്നും വൻതോതിൽ പാഡുകൾ ഉൽപാദിപ്പിക്കുന്ന യന്ത്രമുണ്ടാക്കാൻ 10 വർഷം പാടുപെടേണ്ടിവരുമെന്നും മുരുകാനന്ദം മനസ്സിലാക്കി. 

കുടുംബത്തിലെ മറ്റു സ്ത്രീകളാരും മുരുകാനന്ദത്തിന്റെ പരീക്ഷണത്തിനു നിന്നുകൊടുക്കാൻ തയാറല്ലായിരുന്നു. സമീപത്തെ മെഡിക്കൽ കോളജിലെ ചില വിദ്യാർഥിനികളോട് വളരെ പ്രയാസപ്പെട്ടു കാര്യം അവതരിപ്പിച്ചെങ്കിലും അവരാരും വർക്ക്ഷോപ്പുകാരന്റെ പരീക്ഷണത്തെ ഗൗനിക്കാൻ തയാറായില്ല. 

 സാനിറ്ററി പാഡ് ഉപയോഗിച്ച ആദ്യ പുരുഷൻ...

എല്ലാവരും മുഖം തിരിച്ചെങ്കിലും മുരുകാനന്ദം പാഡ് നിർമാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹത്തിനു സാനിറ്ററി പാഡ് ഉപയോഗിച്ച ആദ്യത്തെ പുരുഷൻ എന്ന പേരുവീഴുന്നത്. ഫുട്‌ബോൾ ബ്ലാഡർ കൊണ്ടുണ്ടാക്കിയ കൃത്രിമ ഗർഭപാത്രത്തിൽ ആടിന്റെ ചോര നിറച്ച് അത് അരയിൽ കെട്ടിയായിരുന്നു പരീക്ഷണം. അതോടെ നാട്ടുകാർ അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ച് അധിക്ഷേപിച്ചു. പൊതുകുളത്തിൽ കുളിക്കാൻ ചെന്ന അദ്ദേഹത്തിന് ലൈംഗികരോഗമുണ്ടെന്നു പറഞ്ഞു നാട്ടുകാർ ആട്ടിപ്പായിച്ചു. നാട്ടിലെ സ്ത്രീകൾ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പാഡുകളും ആർത്തവത്തുണികളും പരീക്ഷണത്തിനു വേണ്ടി ശേഖരിക്കാൻ തുടങ്ങിയതോടെ ഭാര്യയും മുരുകാനന്ദത്തെ ഉപേക്ഷിച്ചു. അമ്മയും സഹോദരിമാരും അയാൾക്കു മുന്നിൽ വീട്ടുവാതിൽ കൊട്ടിയടച്ചു. നാട്ടിൽ ഏതാണ്ടു ഭ്രഷ്ടു കൽപിക്കപ്പെട്ട വിധം ഒറ്റപ്പെട്ടുപോയ നാളുകളായിരുന്നു പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത്. എങ്കിലും അദ്ദേഹം പരീക്ഷണം തുടർന്നു. പഞ്ഞികൊണ്ടുള്ള പാഡുകൾ രക്തക്കറ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടതോടെ മുരുകാനന്ദം യൂറോപ്പിലെ ഈ രംഗത്തു പ്രവർത്തിക്കുന്ന ചില കമ്പനി നടത്തിപ്പുകാർക്കു നിരന്തരം കത്തുകളെഴുതി തന്റെ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. ശല്യം സഹിക്കവയ്യാതായപ്പോൾ യൂറോപ്പിൽനിന്നു മുരുകാനന്ദത്തിന്റെ മേൽവിലാസത്തിൽ പാഴ്സൽ എത്തി. അതിലുണ്ടായിരുന്നു അത്രകാലം തേടിനടന്ന ‘പാഡ് രഹസ്യം’. 

പഞ്ഞിക്കു പകരം പ്രത്യേകതരം മരത്തടിയിൽനിന്നുള്ള സെല്ലുലോസായിരുന്നു അത്. പിന്നീടുള്ള ശ്രമങ്ങൾ സെല്ലുലോസ് പൊടിച്ചുണ്ടാക്കാനുള്ള യന്ത്രത്തിന്റെ പിന്നാലെയായിരുന്നു. ഒടുവിൽ അഞ്ചുവർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ കുറഞ്ഞ ചെലവിൽ സാനിറ്ററി പാഡ് ഉണ്ടാക്കാനുള്ള യന്ത്രം മുരുകാനന്ദം വികസിപ്പിച്ചെടുത്തു. 

 ആ കറ തുടച്ച് ആത്മവിശ്വാസത്തോടെ...

ഈ പുതിയ യന്ത്രത്തിനു ദേശീയ ഇന്നവേഷൻ അവാർഡ് ലഭിച്ചതോടെ മുരുകാനന്ദത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി മൊബൈലിലേക്കു ഭാര്യയുടെ വിളിയെത്തി. ‘എന്നെ ഓർമയുണ്ടോ?’ ഭാര്യ മാത്രമല്ല, ഒരിക്കൽ തള്ളിപ്പറഞ്ഞവരും ആട്ടിയിറക്കിയവരുമെല്ലാം മുരുകാനന്ദത്തെ അഭിമാനപൂർവം തേടിവന്നു. മെഷീനുണ്ടാക്കിയശേഷവും വെറുതെയിരുന്നില്ല അദ്ദേഹം. പകരം ഗ്രാമത്തിലെ സ്‌ത്രീകളെ ഈ യന്ത്രത്തിന്റെ പ്രവർത്തനം പഠിപ്പിച്ചുതുടങ്ങി. വനിതാകൂട്ടായ്മകളും സ്വയം സഹായ സംഘങ്ങളും മുരുകാനന്ദത്തിന്റെ യന്ത്രത്തെ ജനകീയമാക്കി. 

 പാവപ്പെട്ട പെൺകൊടികൾ അവരുടെ ആർത്തവദിനങ്ങളെ ആഘോഷമാക്കിയ ചുവന്ന വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ആദ്യത്തെ 18 മാസത്തിനിടെ 250 മെഷീനുകളാണു മുരുകാനന്ദം വികസിപ്പിച്ചെടുത്തത്. ബിഹാർ, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്‌ത്രീകളാണ് ഈ മെഷീൻ വൻതോതിൽ പ്രയോജനപ്പെടുത്തിയത്. 

ഇതിനകം ഇന്ത്യയിലെ 23ലേറെ സംസ്‌ഥാനങ്ങളിൽ ആയിരത്തി മുന്നൂറോളം ഗ്രാമങ്ങളിൽ മുരുകാനന്ദത്തിന്റെ സാനിറ്ററി പാഡ് മെഷീൻ വ്യാപകമായിക്കഴിഞ്ഞു. ഗ്രാമീണസ്‌ത്രീകൾ കുറഞ്ഞ വിലയ്ക്ക് ഈ സാനിറ്ററി പാഡുകൾ വാങ്ങി ഉപയോഗിക്കുന്നു. ആർത്തവാരംഭത്തോടെ പള്ളിക്കൂടവും പഠിപ്പുമൊക്കെ അവസാനിപ്പിച്ചു വീട്ടിലിരുന്നുപോകുമായിരുന്ന പിന്നാക്കഗ്രാമങ്ങളിലെ ആയിരക്കണക്കിനു പെൺകുട്ടികളെയാണു മുരുകാനന്ദത്തിന്റെ പാഡുകൾ തിരികെ ജീവിതത്തിന്റെ വെളിച്ചവഴികളിലേക്കു കൈപിടിച്ചു നടത്തിയത്. 

 ആർത്തവത്തിന്റെ കറ തുടച്ചു തെളിച്ചമാർന്ന ചിരിയോടെ ഉറച്ച കാൽച്ചുവടുകളോടെ പെൺകുട്ടികൾ പൊതു ഇടങ്ങളിലേക്കു കടന്നുവരുമ്പോൾ തീണ്ടാപ്പാടകലെ അവർ വഴിമാറിനിന്ന ആ ഭൂതകാലംകൂടിയാണു മുരുകാനന്ദം ചരിത്രത്തിൽനിന്നു മായ്ച്ചുകളയുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam