കാത്തിരിപ്പിനു വിട; ഹനാനെ കാണാൻ ബാപ്പ ആശുപത്രിയിൽ

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. കാറപകടത്തിൽ പരുക്കേറ്റ ഹനാനെകാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഒന്നരവർഷം നീണ്ട ഹനാന്റെ കാത്തിരിപ്പിനാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ  അവസാനമായത്.  ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ചു നിറകണ്ണുകളോടെയാണ് ഹനാൻ മാധ്യമങ്ങളോടു സംസാരിച്ചിരുന്നത്. 

ആ സങ്കടം ബാപ്പയും മകളും തമ്മിലുള്ള കൂടിക്കാഴ്ചയോടെ സമാപ്തിയായിരിക്കുകയാണ്. ഹനാനെ കാണാൻ ബാപ്പയും അനിയനും എത്തിയ വിവരം ഡോക്ടർ വിശ്വനാഥനാണ് സ്ഥിരീകരിച്ചു. ഹനാന്റെ രക്ഷകർത്താവിന്റെ സ്ഥാനത്തുനിന്നു കാര്യങ്ങൾ ചെയ്യുന്നതു കോതമംഗലത്തുള്ള ഈ ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ താൻ ഇനി അനാഥയായിരിക്കില്ലെന്നുള്ള പ്രത്യാശ ഹനാനും മാധ്യമങ്ങളോടു പങ്കുവച്ചു. 

പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമിൽ മത്സ്യകച്ചവടം ചെയ്യുന്ന ഹനാൻ എന്ന പെണ്‍കുട്ടി ഒരു ദിവസം െകാണ്ടാണ് മലയാളികളുടെ മാനസ പുത്രിയായത്. പിതാവ് ഹമീദ് ഇവരെ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഹനാന്റെ ഒറ്റയാൾ  പോരാട്ടം മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തയായി. എന്നാൽ അതേ വേഗത്തില്‍ത്തന്നെ സമൂഹമാധ്യമങ്ങളിൽ ഹനാനെതിരെ ആക്രമണം ആരംഭിച്ചു. ഹനാൻ കള്ളിയാണെന്നും നാടകം കളിക്കുകയാണെന്നുമുള്ള ആരോപണം ഉയർത്തി ഹനാനെ അപമാനിക്കാനാണ് പലരും ശ്രമിച്ചത്. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിലപാടെടുത്തും ഹനാന് പിന്തുണ അറിയിച്ചും നിരവധിപേർ രംഗത്തുവന്നു. ഹനാനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ സഹായവുമായെത്തി.

തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാർത്ത നിറകയ്യടികളോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടുവെന്ന വാർത്തയാണ് പിന്നീടു മലയാളികളെ തേടിയെത്തിയത്. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് ഹനാനിപ്പോൾ.