തെരുവിൽ കളയാനുള്ളതല്ല ഈ ബാല്യം!!!

പൂജ മര്‍വഹ

കുട്ടികളുടെ ഭാവിയ്ക്കായി കരുതലുള്ള എല്ലാ പൗരന്‍മാരും അവരുടെ ബാല്യം തെരുവില്‍ ഭിക്ഷയാചിക്കാനുള്ളതല്ല എന്ന് ഉറപ്പുവരുത്തണമെന്ന് പ്രശസ്ത എന്‍ജിഒ ക്രൈ (Children's Rights and You) യുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പൂജ മര്‍വഹ. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ പോരാടുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ക്രൈ , ഇന്ത്യയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന എന്‍ജിഒകളില്‍ ഒന്നാണ്. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന് റിപ്പണ്‍ കപൂര്‍ എന്ന ആക്റ്റിവിസ്റ്റ് 1979ലാണ് രൂപം നല്‍കിയത്.

തെരുവില്‍ ഭിക്ഷായാടിയോ, കൃഷിയിടങ്ങളില്‍ പണിയെടുത്തോ, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പൊരിവെയിലത്ത് ജോലി ചെയ്‌തോ ആകരുത് അവരുടെ കുട്ടിക്കാലം, മറിച്ച് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്‌റൂമുകളില്‍ അവര്‍ പഠിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ നമുക്കാകണം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും മൊത്തം വിദ്യാഭ്യാസ സംവിധാനത്തിനും തന്നെ ഇത് ഉറപ്പുവരുത്തേണ്ട ധാര്‍മിക ബാധ്യതയുണ്ട്-പൂജ മര്‍വഹ പറഞ്ഞു. 

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ രീതിയില്‍ സംഭാവന ചെയ്യാന്‍ സാധിക്കുന്ന അഭിമാനമുള്ള പൗരന്‍മാരായി വേണം അവര്‍ വളര്‍ന്നുവരാനെന്നും എന്നാല്‍ ഇന്ന് രാജ്യത്ത് ബാലവേല വര്‍ധിക്കുന്ന സാഹചര്യമാണ് കാണുന്നതെന്നും പൂജ മര്‍വഹ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ആറ് വയസു വരെ  പ്രായമുള്ള കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ടീച്ചര്‍ ട്രെയ്‌നിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പൂജ വ്യക്തമാക്കി. 

2009ലെ റൈറ്റ് ടു എജുക്കേഷന്‍ ആക്റ്റിന് 6 മുതല്‍ 14 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ വലിയ തോതില്‍ സാധിക്കുന്നുണ്ട്. ഈ നിയമത്തിന് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ലക്ഷക്കണക്കിന് ദരിദ്ര കുട്ടികളുടെ ജീവിതം മാറ്റി മറിക്കാന്‍ ശേഷിയുള്ളതാണ് അത്. ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യമായി ചൈനയെ മറികടന്ന് ഇന്ന് ഇന്ത്യ മാറിക്കഴിഞ്ഞു- അവര്‍ പറഞ്ഞു.

ബാലവേല നിയമത്തില്‍ സര്‍ക്കാര്‍ നടത്തിയ ഭേദഗതികള്‍ നല്ലതല്ലെന്നും അത് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൂജ മര്‍വഹ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ നമുക്ക് സാധിക്കണം. അതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാന്‍ മുന്‍ഗണന നല്‍കേണ്ടത്. ഇത്തരം പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റുകളുടെ ഇടപെടല്‍ കൂടി സാധ്യമാക്കണം. കുട്ടികളാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്തെന്ന ബോധം ഉള്‍ക്കൊണ്ടാകണം ഓരോ നയവും ആവിഷ്‌കരിക്കപ്പെടേണ്ടത്. ബജറ്റുകളില്‍ തുക വകയിരുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടതും ഇതു തന്നെ-പൂജ മര്‍വഹ പറഞ്ഞു.