ഗുലാബി ഗാങ് ഒരു ഗുണ്ടാസംഘമല്ല, പക്ഷേ ...

എല്ലാ വിഷമതകളും വേദനയും സഹിച്ച് പുരുഷ മേൽക്കോയ്മകൾക്ക് നേരെ തലതാഴ്ത്തി, അവന്റെ വാശിക്ക് മുന്നിൽ കീഴടങ്ങി, പുരുഷന്റെ അടിയും ഇടിയും കൊണ്ട് ജീവിക്കേണ്ടവരാണോ ഗ്രാമത്തിലെ സ്ത്രീകൾ? ഒരിക്കലുമല്ല, ശരീരം നൊന്താൽ, പുരുഷൻ നീതികേട്‌ കാണിച്ചാൽ ആ നിമിഷം ഞങ്ങൾ തിരിച്ചടിച്ചിരിക്കും. പറയുന്നത് ഗുലാബി ഗാങ് ആണ്. ഗുലാബി ഗാങിലെ പെൺപടകൾ. അതെ, ഗുലാബി ഗാങ് എന്നാൽ ഉത്തർ പ്രദേശിലെ ബാന്ദ ഗ്രാമത്തിലെ താന്നോന്നികളായ പുരുഷന്മാർക്ക് ഇന്നും പേടി സ്വപ്നമാണ്. ഇങ്ങനെ ഭയക്കാനും മാത്രം എന്താണ് ഗുലാബി ഗാങ്? അതറിയണം എങ്കിൽ 10  വർഷം പഴക്കമുള്ള ഒരു കഥയറിയണം, സമ്പത് പാല്‍ ദേവി എന്ന വനിതയെ അറിയണം. 

പെൺകരുത്തിന്റെ പര്യായമായ് ഗുലാബി ഗാങ് 
2006  നടന്ന ഈ സംഭവമാണ് ഹുലാബി ഗാങ് എന്ന ഈ വനിതാ വിപ്ലവ പ്രസ്ഥാനത്തിന് പിന്നിൽ. ഒരു ദിവസം വൈകുന്നേരം ബാന്ദ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു സമ്പത് പാൽ ദേവി എന്ന വനിത. അപ്പോഴാണ് യാദൃശ്ചികമായി അവർ ഒരു കാഴ്ച കണ്ടത്. ഒരാള്‍ തന്റെ ഭാര്യയെ മാടിനെയെന്നപോലെ അടിച്ച് അവശയാക്കുന്നു. ഭർത്താവിന്റെ അടികൊണ്ട് കരയുന്ന ആ സ്ത്രീ തന്നെ ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു കരയുന്നുണ്ട്. എന്നാൽ മദ്യത്തിന്റെ ലഹരിയിൽ അയാൾ അതൊന്നും ഗൗനിക്കുന്ന മട്ടില്ല. സമ്പത് പാൽ ഉടൻ അവിടേക്ക് ഓടിച്ചെന്നു. അവളെ ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞുകൊണ്ട് കാലു പിടിച്ചു. പക്ഷെ അയാൾ ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു. 

തിരിച്ച് വീട്ടിലെത്തിയ സമ്പത് പാൽ ദേവി, അന്ന് നടന്ന സംഭവത്തെ പറ്റി ഏറെ നേരം ചിന്തിച്ചു. പുരുഷന്റെ ഇത്തരം പീഡനങ്ങൾക്ക് ഇരയായി പ്രതികരിക്കാനാവാതെ നൂറുകണക്കിന് സ്ത്രീകളാണ് തന്റെ ഗ്രാമത്തിൽ നിശബ്ദം കഴിയുന്നത് എന്ന് സമ്പത് പാൽ മനസിലാക്കി. പിറ്റേ ദിവസം സമ്പത് പാൽ ഒരു മാന്യതയുമില്ലാതെ ഭാര്യയെ മർദ്ധിച്ച ആ വ്യക്തിയെ തേടിയെത്തി. ഒപ്പം ഗ്രാമത്തിലെ പെണ്ണുങ്ങളുടെ ഒരു സംഘവുമുണ്ടായിരുന്നു. എല്ലാവരുടെയും കയ്യിൽ ആയുധം എന്നപോലെ ഒരു മുളവടിയും. ഭാര്യയെ തല്ലിച്ചതച്ച ആ വ്യക്തിയെ അവർ തലങ്ങും വിലങ്ങും മുളവടികൊണ്ട് തല്ലി. വേദന ആണിനും പെണ്ണിനും ഒരുപോലെയാണ് എന്ന് സമ്പത് പാൽ അയാളെ മനസിലാക്കി. 

വളരെ ചുരുങ്ങിയ സമയം കൊണ്ട് അനീതിക്കെതിരെയുള്ള സ്ത്രീകളുടെ ഈ കൂട്ടായ്മയെപ്പറ്റിയുള്ള കഥ നാട്ടിലാകെ പരന്നു. നാട്ടുകാർ എതിർക്കും എന്ന് കരുതിയവർക്ക് തെറ്റി. പുരുഷന്മാരുടെ പീഢനത്താൽ പൊറുതിമുട്ടി കഴിഞ്ഞിരുന്ന ബാന്ദയിലെ സ്ത്രീകള്‍ സമ്പത് പാൽ ദേവിക്ക് ജയ് വിളിച്ചു . കൂടുതൽ സ്ത്രീകൾ സമ്പത് പാലിനൊപ്പം ചേർന്നു. അങ്ങനെ പെൺകൂട്ടായ്മയുടെ അടിക്ക് ചൂട് കൂടി. പിന്നെയും പലസന്ദര്‍ഭങ്ങളിലും ബാന്ദയിലെ സ്ത്രീകൾ ചേർന്ന് അനീതിയെ തല്ലി തോൽപ്പിച്ചു. അങ്ങനെ 2006  വ്യത്യസ്തമായ ഒരു വിപ്ലവ പ്രസ്ഥാനമായി 'ഗുലാബി ഗാങ്' പിറവികൊണ്ടു. 

പിങ്ക് സാരി ചുറ്റിയ പെൺകൂട്ടം 
ജാതിവ്യവസ്ഥയുടെയും   ദാരിദ്ര്യത്തിന്റെയും  നിരക്ഷരതയുടെയും എല്ലാം ഈറ്റില്ലമാണ് ഉത്തർപ്രദേശ്. അതിനൊപ്പം ശൈശവ വിവാഹവും ബാലവേലയും ഇവിടെ അനുദിനം വർദ്ധിച്ചു വരുന്നു. മേൽപ്പറഞ്ഞ എല്ലബുദ്ധിമുട്ടുകളും ഒന്നിച്ചു കൈകോർക്കുന്ന ഗ്രാമമാണ് ബാന്ദ. അതിനാൽ തന്നെയാണ് അനീതി കാണിക്കുന്നവർക്ക് നേരെ ഒരു തടയിടാൻ ഇവിടുത്തെ പെൺസംഘം സ്വയം തീരുമാനിച്ചതും. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഗ്രാമത്തിൽ ഒരു അടക്കും ചിട്ടയും കൊണ്ട് വരാൻ ഗുലാബി ഗാങിന് കഴിഞ്ഞു. അതുകൊണ്ടൊന്നും ആയില്ല, ഗുലാബി ഗാങിലെ അംഗങ്ങളെ കാണുമ്പോൾ തന്നെ എതിരാളികൾ ഭയക്കണം എന്ന ചിന്തയിൽ നിന്നുമാണ് സമ്പത് പാൽ ദേവി തന്റെ സംഘാംഗങ്ങൾക്ക് യൂണിഫോം നൽകിയത്. പിങ്ക് നിറമുള്ള സാരിയും മുളവടിയും ആയി ഗ്രാമത്തിൽ ഇന്ന് എവിടെയും കാണാം നീതിയുടെ കാവൽ മാലാഖാമാരായി ഗുലാബി ഗാങിലെ പോരാളികളെ. 

ഗുലാബി ഗാങ് ഒരു ഗുണ്ടാസംഘമല്ല!
പെണ്ണുങ്ങളെ തല്ലുന്ന ആണുങ്ങളെ തിരിച്ചു തല്ലുന്നു എന്നുകരുതി ഗുലാബി ഗാങ് ഒരു ഗുണ്ടാ സംഘമാണെന്ന് കരുതണ്ട. ഏറെ ക്ലേശതകൾ അനുഭവിക്കുന്ന ബാന്ദ എന്ന ആ ഗ്രാമത്തിലെ സകല വികസനത്തിന്റെയും മുഖമാകുകയാണ് സമ്പത് പൽ ദേവിയുടെ കീഴിലുള്ള ഗുലാബി ഗാങ്. ഇന്നും ഗ്രാമത്തിൽ എത്തുന്ന ആർക്കും എളുപ്പത്തിൽ ഈ വിപ്ലവ പ്രസ്ഥാന നായികയെ കണ്ടെത്താനാകും. മധ്യവയസിനോടടുത്ത്, ഇളം ചുവപ്പ് (പിങ്ക്) സാരിയുടുത്ത് പഴയ ഒരു സൈക്കിളിൽ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന അവരുടെ കഴുത്തിൽ ഒരു പഴയ നോക്കിയാ മൊബൈൽ തൂങ്ങിക്കിടക്കുന്നുണ്ടാകും. ഗ്രാമത്തിലെ സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിക്കാനുള്ളതാണ് ഈ ഫോൺ. 

ബാന്ദയുടെ വികസനത്തിന്റെ നിർണായക ഘടകമാണ് ഗുലാബി ഗാങ് ഇന്ന്. തകര്‍ന്ന റോഡ് നേരേയാക്കാനുള്ള നിരന്തര അഭ്യര്‍ഥനയ്ക്ക് ചെവികൊടുക്കാതെ പോയ സക്കാർ ഉദ്യോഗസ്ഥനെ കാറ് തടഞ്ഞ് വലിച്ചിറക്കി റോഡിലൂടെ അവര്‍ നടത്തി. അതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. പരാതികൊടുക്കാൻ വന്ന സ്ത്രീയെ അപമാനിച്ച പോലീസുകാരനും കിട്ടി ഗുലാബി ഗാങ് വക നല്ല ചുട്ട അടി. നിയമലംഘകർ എന്നും ആണുങ്ങളെ തല്ലുന്നവർ എന്നും പേര് കേൾപ്പിച്ച ഈ പെൺകൂട്ടം ജീവിക്കാനും കുടുംബം പുലർത്താനും പഠിച്ചവരാണ്. കഴിഞ്ഞ 10  വര്ഷം കൊണ്ട് ബാന്ദയുടെ മുഖം മാറ്റിമറിക്കാൻ ഇവർക്കായി. 

കുറുവടി തല്ലിന്റെ ചൂടറിഞ്ഞവർ ഏറെ 
ഗുലാബി ഗാങ് തല്ലി തോൽപ്പിക്കും. എന്ന് കരുതി എന്തിനും ഏതിനും കേറി അങ്ങ് തല്ലുന്നതല്ല സമ്പത് പാൽ ദേവിയുടെയും കൂട്ടരുടെയും ശീലം. പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007  ൽ ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക്  മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവടക്കം പരാതി നൽകി, അയാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചതാണ് ഗുലാബി ഗാങ് രാജ്യശ്രദ്ധ നേടിയത്. ദലിതർക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങൾക്കെതിരെയും ഗുലാബി ഗാങ് പലകുറി പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം നേരിട്ടിരുന്ന സ്ത്രീകൾക്ക് വേണ്ടിയും ഇവരുടെ കൈകളിലെ മുളവടികൾ പലകുറി വായുവിൽ ഉയർന്നു പൊങ്ങി. അതോടെ സ്ത്രീധനം എന്ന വാക്ക് ഗ്രാമത്തിന്റെ പടിക്ക് പുറത്തായി. ഭാര്യമാരെ ഉപദ്രവിക്കുന്ന പുരുഷന്മാർക്കും പാവങ്ങളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥർക്കും പേടി സ്വപ്നമാണ് ഗുലാബി ഗാങ്. ഇന്ന് ബാന്ദയിലും പുറത്തുമായി 20000– ൽ പരം അനുയായികൾ ഗുലാബി ഗാങ്ങിനുണ്ട്. 

പെണ്ണിന്റെ കയ്യുടെ ചൂട് പൊതുനിരത്തിൽ വച്ചറിയാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ്, അടികിട്ടും മുൻപ് നല്ലവഴി നടക്കാം എന്ന് ഗ്രാമത്തിലെ പുരുഷന്മാരും കൈക്കൂലിപ്രിയരായ ഉദ്യോഗസ്ഥരും കരുതിയത്. ബാന്ദയിലെ സ്ത്രീകളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ തിരിച്ചറിവ് തന്നെയാണ് ഈ സ്ത്രീകളെ ഇത്രയും കരുത്തരാക്കിയതും. ലാത്തി പ്രയോഗിച്ചതും മുളകുപൊടി വിതറിയും ഇവർ തങ്ങൾക്ക് എതിരെയുള്ള ചൂഷണങ്ങളെ എതിർത്തു. ഇന്നിവർ ചൂഷണങ്ങൾ ഇല്ലാതെ സുഖമായി ഉറങ്ങുന്നു. തീഷ്ണമായ ജീവിതാനുഭവങ്ങളാണ് സമ്പത് പാൽ ദേവിയെ ഇത്രയും കറുത്തയാക്കിയത്. ദളിത് വംശത്തിൽ ജനിച്ച ദേവി 9ാം വയസിൽ വിവാഹിതയും 13  വയസ്സിൽ അമ്മയുമായി. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പല പീഡനങ്ങളിൽ നിന്നും ദേവി കരുത്താർജിക്കുകയായിരുന്നു. മദ്യപിച്ച് വന്ന ഭർത്താവിനെ എതിർത്തുകൊണ്ടായിരുന്നു സമ്പത് പാൽ ദേവി തന്റെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. 

ഗ്രാമീണ വികസനത്തിന്റെ കാവലാൾ 
വടിത്തല്ല് മാത്രമല്ല ഗുലാബി ഗാങ്, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് പല വിധചെറുകിട വ്യവസായങ്ങളിൽ ഗുലാബി ഗാങ് പരിശീലനം നൽകുന്നു. ജൈവവളം, ആയുര്‍വേദ മരുന്നു നിര്‍മാണം, അച്ചാര്‍ നിര്‍മാണം, മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍, എന്നിവ അവയിൽ ചിലതുമാത്രം. ഇതിനുപുറമെ ഗുലാബി ഗാങ്ങിന്റെ ഇടപെടലിനെത്തുടർന്ന് കുടിവെള്ള പദ്ധതി, വികസന പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍ എന്നിവ ഗ്രാമത്തിൽ വിജയകരമായി നടപ്പാക്കപ്പെട്ടു. 210  രൂപയാണ് ഗുലാബി ഗാങ്ങിൽ അംഗമാകാനുള്ള ഫീസ്. ഇത് സാരിയുടെ തുകയാണ്. ന്യായവിലയ്ക്ക് ഗ്രാമവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്ന് ഗുലാബി ഗാങ് ഉറപ്പു വരുത്തുന്നു. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുലാബി ഗാങ് അംഗങ്ങൾ നിയമലംഘകരാണ് എന്നാണ് പോലീസ് ഭാഷ്യം. അക്രമകാരി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍, നിയമം കൈയിലെടുക്കുന്നവർ അങ്ങനെ പരാതികൾ അനവധിയാണ്. ഉദ്ധേശശുദ്ധി നല്ലതെങ്കിലും, ഗുലാബി ഗാങ് ഉള്ളിടത്തോളം കാലം നിയമലംഘകർ എന്ന പേര് ഇവരെ പിന്തുടരുക തന്നെ ചെയ്യും. എന്നാൽ അതൊന്നും തന്റെ പ്രവർത്തനങ്ങളെ തളർത്തുകയില്ല എന്ന് സമ്പത് പാൽ ദേവി പറയുന്നു. സമാധാനത്തോടെയുള്ള ജീവിതം അതുമാത്രമാണ് ഈ പെൺകൂട്ടായ്മയുടെ ലക്ഷ്യം.