Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ തോൽപ്പിക്കാൻ ഒരൊറ്റ കാര്യം!

yuvraj കാൻസർ രോഗം തന്നെ പിടികൂടിയിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ തകർന്നു പോകുന്ന അനവധി ജീവിതങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ പ്രസാദാത്മക ചിന്തകളിലൂടെ കാൻസർ രോഗത്തെ അതിജീവിച്ച് ജീവിതത്തിന്റെ സമൃദ്ധിയിലേക്ക് മടങ്ങിയ ഒട്ടനവധി വ്യക്തിത്വങ്ങളും നമുക്ക് മുന്നിലുണ്ട്.

‘‘രോഗശമനമെന്നത് ശരീരത്തിൽ മാത്രം നടക്കേണ്ട കാര്യമല്ല. അതിലുപരിയായി അത് മനസ്സിന്റെ ആഴക്കയങ്ങളിൽ വച്ച് സംഭവിക്കുന്നതാണ്’’. തലച്ചോറിലും, വയറ്റിലും, ശ്വാസകോശത്തിലും ഉണ്ടായ കാൻസറിനെ അതിജീവിച്ച മുൻ ലോക സൈക്ലിംഗ് ചാംപ്യൻ ലാൻസ് ആംസ്ട്രോങ്ങിന്റെ വാക്കുകളാണിവ. 3600 കിലോമീറ്റർ ദൈർഘ്യമുള്ള ലോക സൈക്ലിംഗ് മത്സരം; ടൂർ ദ ഫ്രാൻസില്‍ പങ്കെടുത്ത് തന്റെ ചാംപ്യൻ പദവി നിലനിർത്താനുള്ള ശ്രമത്തിനിടയിലായിരുന്നു കാൻസറിന്റെ രൂപത്തിൽ ജീവിത പരീക്ഷണഘട്ടം ലാൻസിനെത്തേടിയെത്തിയത് 

കഫത്തോടൊപ്പം രക്തം ഛര്‍ദ്ദിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത് ‘‘നിങ്ങളുടെ ജീവിതം തീരാറായി, ഇനി അന്തിമ നാളുകൾക്കായി ഒരുങ്ങിക്കോളൂ’ എന്നാണ്. എന്നാൽ ലാൻസ് തളർന്നില്ല. രോഗശമനം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചു. മൂന്നു തവണ മേജർ സര്‍ജറിയും, കീമോ തെറാപ്പിയും, കഴിഞ്ഞശേഷവും അയാൾ പരിശീലനം തുടർന്നു.

lance കാൻസർ രോഗത്തെ പൂർണ്ണമായും കീഴടക്കി ലാൻസ് വീണ്ടും ലോക സൈക്ലിംഗ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.

രോഗം വേദന നിറ‍ഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുമ്പോഴും ശരീരം തളരുമ്പോഴും വിശ്വാസം നൽകിയ കരുത്തുമായി അയാൾ കാൻസറിനെതിരെയുള്ള പോരാട്ടം തുടർന്നു. ഗുരുതരാവസ്ഥയിലുള്ള കാൻസർ രോഗത്തെ പൂർണ്ണമായും കീഴടക്കി വീണ്ടും ലോക സൈക്ലിംഗ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയെങ്കിലും തനിക്ക് കിട്ടിയ ദൈവിക അനുഗ്രഹങ്ങളെ തിരിച്ചറിയാതെ ഉത്തേജക മരുന്നുകൾ ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ മെഡലുകള്‍ ലാൻസ് ആംസ്ട്രോങ്ങിന് തിരികെ നല്കേണ്ടതായും വന്നു എന്നത് വിധി വൈപരീത്യമാകാം.

ലാൻസ് ആംസ്ട്രോങ്ങിനെ ചികിത്സിച്ച ഡോ. ലോറൻസ് എയ്ൻഹോണാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായ യുവരാജ് സിംഗിനെയും കാൻസർ രോഗത്തിൽ നിന്ന് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

പോസിറ്റീവ് ചിന്തകൾക്കും, വിശ്വാസങ്ങൾക്കും, രോഗശമനത്തിനുള്ള കഴിവിനെക്കുറിച്ച് ഡോ. ലോറൻസ് എയ്ൻഹോണ്‍ തന്റെ പല ലേഖനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 

‘ദ ബയോളജി ഓഫ് ബിലീഫ്’ എന്ന പുസ്തകമെഴുതിയ വിഖ്യാത സെൽ ബയോളജിസ്റ്റും മെഡിക്കൽ സ്കൂൾ പ്രൊഫസറുമായ ഡോ. ബ്രൂസ് ലിപ്ടൺ പറയുന്നത്. നമ്മുടെ ജനിതക ഘടനയിൽ പോലും മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ചിന്തകൾക്ക് കഴിയുമെന്നാണ്. കോടാനുകോടി കോശങ്ങൾ കൊണ്ട് രൂപീകൃതമായിരിക്കുന്ന നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും ഒരു റിസപ്റ്റർ ആന്റിന ഉണ്ട് എന്നും നമ്മുടെ ചിന്തകൾക്ക് അനുസൃതമായി ഈ കോശങ്ങൾ പരസ്പരം സംവദിക്കുന്നുണ്ട് എന്നുമാണ് ഡോ. ബ്രൂസ് ലിപ്ടണിന്റെയും, ഗ്രെഗ് ബേർഡന്റെയും പഠനങ്ങൾ തെളിയിക്കുന്നത്.

ചിലയാളുകളെ പ്രസംഗിക്കാനായി വിളിച്ചാൽ അവർക്ക് തൊണ്ട വരളുന്നതായും തല കറങ്ങുന്നതായുമൊക്കെ തോന്നുന്നതിനുള്ള കാരണവും മറ്റൊന്നുമല്ല. അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ശരീരത്തിൽ ഒരു ബയോളജിക്കൽ  കമ്മ്യൂണിക്കേഷൻ നടക്കുന്നതു കൊണ്ടാണിത്. മോഹിനിയാട്ടം പരിശീലിച്ച പുരുഷൻമാരുടെ ശരീര ചലനങ്ങളും പെരുമാറ്റവും സ്ത്രീകളെപ്പോലെയാകുന്നതും സ്പോർട്സ് വിഷയത്തിൽ വളരെയധികം ആത്മാർത്ഥമായി പരിശീലനത്തിലേർപ്പെടുന്ന സ്ത്രീകളുടെ ശബ്ദവും ശരീരചലനങ്ങളും പെരുമാറ്റവും പുരുഷൻമാരെ പോലെയാകുന്നതും ഒക്കെ  നമ്മുടെ ചിന്തകൾക്കനുസരിച്ച് ശരീരത്തിൽ നടക്കുന്ന ബയോളജിക്കലായുള്ള ആശയ വിനിമയത്തിനുദാഹരണമാണ്.

അതായത് പോസിറ്റീവായ ചിന്തകൾ നമ്മുടെ ശരീരത്തെ പോസിറ്റീവായി സ്വാധീനിച്ച് രോഗശമനത്തിലേക്ക് നമ്മെ നയിക്കുമ്പോൾ നെഗറ്റീവായ ചിന്തകൾ നമ്മെ രോഗാവസ്ഥയിലേക്കും അനാരോഗ്യത്തിലേക്കും നയിക്കുമെന്ന് സാരം. കാൻസർ രോഗം തന്നെ പിടികൂടിയിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ തകർന്നു പോകുന്ന അനവധി ജീവിതങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ പ്രസാദാത്മക ചിന്തകളിലൂടെ കാൻസർ രോഗത്തെ അതിജീവിച്ച് ജീവിതത്തിന്റെ സമൃദ്ധിയിലേക്ക് മടങ്ങിയ ഒട്ടനവധി വ്യക്തിത്വങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്.

2007 ലെ ട്വന്റി-ട്വന്റി വേൾഡ് കപ്പ് കളിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം യുവരാജ് സിംഗിനെ ശാരീരിക അസ്വസ്ഥതകൾ പിടികൂടുവാൻ തുടങ്ങിയത് ഒരു ദിവസം രാത്രിയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടു. നിർത്താതെ ചുമയായിരുന്നു മറ്റൊരു പ്രശ്നം. വേൾഡ് കപ്പിനു ശേഷം സ്കാനിംഗ് നടത്തിയപ്പോഴാണ് നെഞ്ചിൻ കൂടിനുള്ളിൽ കാൻസർ ബാധ കണ്ടെത്തിയത്. കാൻസർ രോഗം തന്നെ ബാധിച്ചുവെന്നത് മറ്റുള്ളവരെപ്പോലെ തന്നെ അദ്ദേഹത്തിനും വിശ്വസിക്കുവാനായില്ല.

yuvraj2 ‘‘കാൻസർ എന്നാൽ മരണമെന്നല്ല അർത്ഥം. രോഗത്തെ നേരിടുക. ജീവിതം തീരാൻ പോകുകയാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്. ദൈവമാണ് എനിക്ക് ഈ ജീവിതം മടക്കി നല്കിയത്’’.

കീമോ തെറാപ്പിക്കൊപ്പം ആയുർ‌വേദ ചികിത്സയും യുവരാജ് ആരംഭിച്ചു. രോഗത്തെ ആദ്യം ഭയപ്പെട്ടുവെങ്കിലും യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ട് അതിനെ നേരിടാൻതന്നെ യുവരാജ് സിംഗ് തീരുമാനിച്ചു. അവസാനം കാൻസർ രോഗത്തിൽ നിന്ന് അദ്ദേഹം വിമുക്തനാകുകയും ചെയ്തു. കാൻസർ രോഗത്തെക്കുറിച്ച് യുവ് രാജ് പറയുന്നതിങ്ങനെ ‘‘കാൻസർ എന്നാൽ മരണമെന്നല്ല അർത്ഥം. രോഗത്തെ നേരിടുക. ജീവിതം തീരാൻ പോകുകയാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്. ദൈവമാണ് എനിക്ക് ഈ ജീവിതം മടക്കി നല്കിയത്’’. കാൻസറിനെ അതിജീവിച്ച യുവ് രാജ് സിംഗ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ സജീവമാണ്.

innocent ചിരിക്കാനും തമാശ പറയാനുമുള്ള കഴിവ് കാൻസർ രോഗത്തെ നേരിടുന്നതിന് തനിക്ക് വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് നടൻ ഇന്നസെന്റ് വിലയിരുത്തുന്നത്.

എംപിയും മലയാള നടനുമായ ഇന്നസെന്റ്, ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരനായ വാറൻ ബഫറ്റ്, നെൽസൺ മണ്ടേല, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും, സെനറ്ററുമായിരുന്ന ജോൺ കെറി, മുൻ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോളിൻ പവൽ, പ്രശസ്ത മലയാളി പത്ര പ്രവർത്തക ലീലാ മേനോൻ. നടിയും മോഡലുമായ ലിസാ റേ, സംവിധായകൻ സിദ്ധാർത്ഥ് ശിവ തുടങ്ങി നിരവധിയാളുകൾ കാൻസറിനെ അതിജീവിച്ച് ജീവിതത്തിന്റെ സുഖസസമൃദ്ധിയിലേക്കും, സന്തോഷത്തിലേക്കും മടങ്ങി വന്നവരാണ്. 

ചിരിക്കാനും തമാശ പറയാനുമുള്ള കഴിവ് കാൻസർ രോഗത്തെ നേരിടുന്നതിന് തനിക്ക് വളരെയധികം സഹായി ച്ചിട്ടുണ്ടെന്നാണ് നടൻ ഇന്നസെന്റ് വിലയിരുത്തുന്നത്’’. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും, ശരിയായ ചികിത്സയും, പോസിറ്റീവായ മാനസികാവസ്ഥയുമാണ് രോഗത്തെ നേരിടാൻ ഏറ്റവും സഹായകരമാകുന്നതെന്നാണ് ഇന്ന സെന്റിനെ ചികിത്സിച്ച കാൻസർ രോഗ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെടുന്നത്. 

എഴുത്തുകാരനായ ജോൺ ഡയമണ്ട് അഭിപ്രായപ്പെട്ടത് കാൻസർ എന്നത് കേവലമൊരു വാക്കാണ് അല്ലാതെ വാക്യമല്ല എന്നാണ്. ജീവിതമെന്ന വാക്യം പോസിറ്റീവായ ചിന്തകളിലൂടെ പൂർത്തീകരിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ഓർക്കുക ജീവിതത്തിന്റെ അവസാനമല്ല കാൻസർ എന്ന രോഗം.

(മോട്ടിവേഷണൽ സ്പീക്കറും സൈക്കോളജിസ്റ്റും ഇരുപത്തഞ്ചോളം പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോബിൻ.എസ്. കൊട്ടാരം. ഫോൺ: 9447259402)

Your Rating: