കുഞ്ഞിനെ കൊന്നതും പോര, പ്ളാസ്റ്റിക് കവറിലിട്ട് കൈകളിലേക്ക്...

സാലി ആക്സലിന് അബോർഷനായ കുഞ്ഞിന്റെ ശരീരം ആശുപത്രി അധികൃതർ പ്ലാസ്റ്റിക് ബാഗില്‍ നൽകിയതിന്റെ ചിത്രം

മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രവർത്തികൾ നാൾക്കുനാൾ കൂടിക്കൂടി വരികയാണ്. ചോരക്കുഞ്ഞിനോടും പോലും അനുകമ്പയില്ലാത്തവരുടെ ലോകമാണിന്ന്. സാലി ആക്സൽ എന്ന പ്രശസ്ത മോഡലിനു സംഭവിച്ച ദുരന്ത വാർത്ത അക്ഷരാര്‍ഥത്തിൽ ഞെട്ടിക്കുകയാണ്. സാലി അബോർഷനായതിനു പിന്നാലെ കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കിയാണ് ആശുപത്രി അധികൃതര്‍ തന്നുവിട്ടത്. മറ്റാർക്കും ഇതു സംഭവിക്കരുതെന്നു കാണിച്ച് സാലി തന്നെയാണ് വിവരം ചിത്രസഹിതം ഫേസ്ബുക്കു വഴി പുറത്തുവിട്ടത്.

സാലി ആക്സൽ

ഇരുപത്തിയേഴുകാരിയായ സാലി ഈ വര്‍ഷമാദ്യമാണ് അബോർഷനായത്. പക്ഷേ ഗർഭം അലസിയതിനുശേഷം യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്ലാസ്റ്റിക് ബാഗിലാക്കി കുഞ്ഞിന്റെ ശരീരം ആശുപത്രിയിൽ നിന്നും തന്നുവിട്ടുവെന്നാണ് സാലി പറയുന്നത്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ആശുപത്രി അധികൃരാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞു നേരത്തെ മരിച്ചിരുന്നതിനാൽ ഇൻഫെക്ഷന്‍ അധികമായി സാലി മരണത്തിന്റെ വക്കിലെത്തിയിരുന്നു. പക്ഷേ ഹോസ്പിറ്റലിലെ നഴ്സുമാരിൽ നിന്നും ഒരു തരിമ്പുപോലും ദയ അര്‍ഹിക്കുന്ന പരിചരണം ലഭിച്ചില്ലെന്നും സാലി പറഞ്ഞു.

സാലി ആക്സൽ

കുട്ടി മരിച്ചെന്നറിഞ്ഞിട്ടും ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുക്കാൻ തയ്യാറാവാത്തതുമൂലമാണ് ഇൻഫെക്ഷൻ അധികമായത്. ഇതുവഴി 40 ശതമാനം രക്തം നഷ്ടമാവുകയും അടിയന്തിര സർജറിയ്ക്കു വിധേയയാക്കുകയുമായിരുന്നു. ശരീരവും ഗൗണും മുഴുവൻ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. എന്നാൽ അവ മാറ്റാന്‍ നഴ്സുമാർ ദിവസങ്ങളാണ് എടുത്തത്.

ഗർഭം അലസുന്ന മറ്റൊരു സ്ത്രീക്കും ഭാവിയിൽ ഇത്തരമൊരു അനുഭവമുണ്ടാകരുതെന്നും ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും സാലി പറയുന്നു. എന്നാൽ ഇന്ന് തന്റെ മകൾ നിര്‍വാണയ്ക്കൊപ്പം സമയം ചിലവഴിച്ചാണ് സാലി ഈ നിമിഷങ്ങൾ മറക്കാൻ ശ്രമിക്കുന്നത്. ആശുപത്രി അധികൃതർ നാണം കെടണമെന്ന് പറഞ്ഞാണ് സാലി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.