പ്രണയത്തിന്റെ വശ്യതയും കാൻസറിന്റെ നെരിപ്പോടുകളും ; ഈ ദാമ്പത്യ ചിത്രങ്ങൾക്ക് പറയാൻ ഒരുപാടുണ്ട്

പ്രണയം ആർദ്രമാണ് , വശ്യമാണ് ജീവിതത്തിന്റെ ഏതൊരാവസ്ഥയിലും ശാരീരിക വൈഷമ്യങ്ങളിലും പ്രണയത്തിന് മങ്ങൽ ഏൽക്കാതിരിക്കുന്നതിലും അപ്പുറം എന്ത് വിജയമാണ് ദാമ്പത്യത്തിനുള്ളത്? ഇത്തരത്തിൽ വശ്യ മനോഹരമായ പ്രണയം മരണം വരെ കാത്തുസൂക്ഷിച്ച ബ്രിട്ടീഷ് ദമ്പതിമാരായിരുന്നു ആൻജലോ മെറെന്റിനോയും ഭാര്യ ജെന്നിഫറും. പരിചയപ്പെട്ട കാലം മുതൽ പരസ്പരം താങ്ങും തണലുമായി കഴിഞ്ഞവർ, പ്രണയത്തിന്റെ പച്ചപ്പിൽ ജീവിതത്തിലെ ഓരോ നിമിഷവും അവർ ആഘോഷമാക്കി. 

ക്യാമറയെ ഏറെ സ്നേഹിച്ച ആൻജലോ മെറെന്റിനോ തന്റെ പ്രണയിനിക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും കാമറയിൽ പകർത്തി. ലെൻസുകൾ നിശബ്ദ സാക്ഷിയായി നിന്ന പ്രണയത്തിന് മുന്നിൽ , ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളും പ്രണയവും ചിത്രങ്ങളിൽ പകർന്നാടിയപ്പോൾ വിധി അല്പം ക്രൂരമായി. സ്തനാർബുദത്തിന്റെ രൂപത്തിൽ ജെന്നിഫറിനെ വിധി വരിഞ്ഞു കെട്ടിയപ്പോൾ ആൻജലോ ഒന്ന് പകച്ചു. എന്നാൽ `ആ വിധിക്കെതിരെ പോരാടാനായിരുന്നു ഇരുവരുടെയും തീരുമാനം. 

വീണ്ടും ആൻജലോക്കും ജെന്നിഫറിനും ഇടയിൽ കാമറക്കണ്ണുകൾ ചലിച്ചു. പ്രണയം പകർത്തിയ അതെ ലെൻസുകൾ തന്നെ ജീവിതത്തിലെ ഏറ്റവും കഠിനമായ അവസ്ഥകളും പകർത്തി. കാൻസറിന്റെ ഓരോ സ്റ്റേജിലും ജെന്നിഫർ നേരിടേണ്ടി വന്ന അവസ്ഥകൾ, ചെറുത്തു നിൽപ്പുകൾ, ചെറുത്തു നിൽപ്പുകൾക്കിടയിലെ പ്രണയം അങ്ങനെ എല്ലാമെല്ലാം കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. 27 ചിത്രങ്ങളിലൂടെ ആന്ജെലോ പറഞ്ഞു നിർത്തിയത് ഒരായുസിന്റെ പ്രണയത്തെയും സ്വപ്നങ്ങളെയും കുറിച്ചനാണ്.

ജെന്നിഫറിന്റെ സുന്ദരമായ തലമുടികൾ കൊഴിഞ്ഞു തുടങ്ങിയതും സാവധാനം തലമുടി പൂർണമായും നഷ്ടപ്പെട്ട് മുണ്ഡനം ചെയ്ത അവസ്ഥയിൽ എത്തിയതും കീമോ തെറാപ്പിയുടെ ഭാഗമായി ശരീരം ശോഷിച്ചതും എല്ലാം തുറന്നു കാണിച്ചത് കാൻസറിന്റെ ദയനീയ മുഖമായിരുന്നു. രോഗാവസ്ഥയിലെ പിറന്നാൾ ആഘോഷവും കീമോ തെറാപ്പി യൂണിറ്റിലെ ജീവൻ രക്ഷാ ഉപാധികളും എല്ലാം അവരുടെ പ്രണയത്തിന്റെ പുതിയ മുഖങ്ങളായി. 

ഒടുവിൽ കിടപ്പറയിൽ തങ്ങൾ പ്രണയം പങ്കിട്ട്, ജീവിതം ആരംഭിച്ച കിടക്കയിൽ കിടന്ന് അന്ത്യകൂദാശ എട്ടു വാങ്ങുന്ന ജെന്നിഫർ , പിന്നീട് അവളുടെ മരണത്തെ തുടർന്ന് ശൂന്യമായ കിടക്ക, അവളുടെ മൃതദേഹവുമായി പോകുന്ന വാഹനം..ഒടുവിലായി കല്ലറയ്ക്കു മുകളിൽ എഴുതപ്പെട്ട പ്രണയാതുരമായ വാക്കുകൾ... ഐ ലവ്ഡ് ഇറ്റ് ആൾ..അതെ അവൾ അതെല്ലാം ഇഷ്ടപ്പെട്ടിരുന്നു...പ്രണയിച്ചിരുന്നു..ഇതിലും മികച്ച ഒരു മറുപടി കാൻസറിന്‌ നൽകാൻ ഈ ദമ്പതികൾക്കാവില്ല..ഈ ചിത്രങ്ങൾ കാണുന്ന ആരും ശപിച്ചു പോകും കാൻസർ എന്ന വിപത്തിനെ.