കാണാം, ജീവനുള്ള പെയിന്റിങ്ങുകൾ

യഥാർഥ സംഭവങ്ങളെ പലരും പെയിന്റിങ്ങുകളാക്കിയിട്ടുണ്ട്. ചിലരെല്ലാം സംഭവങ്ങളെ ഓർമയിൽ നിന്നെടുത്ത് അതേപടി പകർത്തി വരക്കുകയായിരുന്നു. മറ്റു ചിലരാകട്ടെ തങ്ങളുടെ രീതിയിൽ ഓരോ സംഭവത്തെയും പുനരാവിഷ്കരിച്ചു–ജർമനിയിലെ ഗ്വർണിക്ക ഗ്രാമത്തിനടുത്തു നടന്ന ജർമൻ, ഇറ്റാലിയൻ ബോംബാക്രമണത്തോടുള്ള പ്രതികരണമായി പിക്കാസോ വരച്ച പെയിന്റിങ് തന്നെ ഉദാഹരണം. പക്ഷേ യഥാർഥ മനുഷ്യരെയും വസ്തുക്കളെയുമെല്ലാം പെയിന്റിങ്ങുകളാക്കി മാറ്റുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു കിടിലൻ കാഴ്ചയാണ് അടുത്തിടെ റഷ്യയിൽ നടന്ന ഒരു ആർട് ഫെസ്റ്റിൽ ചിത്രകാരന്മാർ ഒരുക്കിയത്.

‘ദി എലൈവ് പെയിന്റിങ്’ എന്നു പേരിട്ട ഈ ചിത്രപ്രദർശനത്തിൽ മനുഷ്യരെത്തന്നെ കാൻവാസാക്കി മാറ്റുകയായിരുന്നു. ശരീരത്തിലും വസ്ത്രങ്ങളിലും ചുമരിലുമെല്ലാം അക്രിലിക്, ഓയിൽ പെയിന്റ് പ്രയോഗങ്ങളും നടത്തി. മനുഷ്യരെ മാത്രമല്ല ചുവരും ചെരിപ്പും ഉടുപ്പും മേശയും കസേരയും ടിവിയും സ്റ്റൂളും കണ്ണാടിയുമെല്ലാം ഇത്തരത്തിൽ ‘പെയിന്റിങ്ങുകളായി’ മാറി.

റഷ്യയിൽ നിന്നുള്ള ഒട്ടുമിക്ക ആർടിസ്റ്റുമാരും പങ്കെടുക്കുന്നതാണ് വർഷം തോറുമുള്ള ആർട് ക്രാസ്നയാർസ്ക് ഫെസ്റ്റിവൽ. സൈബീരിയക്കടുത്തുള്ള ക്രാസ്നയാർസ്ക് നഗരത്തിൽ ഇത്തവണ നവംബർ നാലു മുതൽ 11 വരെ നടന്ന ഫെസ്റ്റിലാണ് റഷ്യൻ ആർടിസ്റ്റ് മരിയ ഗാസനോവയുടെ നേതൃത്വത്തിൽ ‘ജീവനുള്ള’ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. പ്രഫഷനൽ മോഡലുകൾക്കൊപ്പം ചില ആർടിസ്റ്റുമാർ അവരുടെ സുഹൃത്തുക്കളെയും പെയിന്റിങ്ങുകളാക്കി. കാണികൾക്ക് മുന്നിൽ ശരിക്കും ഒരു ത്രീ ഡി പെയിന്റിങ് പ്രദർശിപ്പിക്കപ്പെട്ട അവസ്ഥ–ഒരു പെൺകുട്ടി കസേരയിൽ വിശാലമായി ഇരിക്കുന്നു, ഒരാൾ വിശ്രമിക്കുന്നു, മറ്റൊരാൾ ടിവി കാണുന്നു, ഒരു സ്ത്രീ കരയുന്നു...അങ്ങനെ പ്രതിമകളെപ്പോലെ മണിക്കൂറുകളോളം ഒരേയിരിപ്പും ഒരേ നിൽപ്പുമായാണ് പല മോഡലുകളും ചിത്രപ്രദർശനത്തോട് സഹകരിച്ചത്. ഇടയ്ക്കിടെ പെയിന്റിങ്ങുകളിലെ രൂപങ്ങൾ മറ്റ് പൊസിഷനുകളിലേക്ക് മാറിയും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി.

ചിത്രകാരന്മാർ ഈ പെയിന്റിങ്ങുകൾ വരച്ചുണ്ടാക്കുന്നത് വാർത്താഏജൻസിയായ റോയിട്ടേഴ്സ് വഴി ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും എത്തി. ഒട്ടേറെ റഷ്യൻ കലാസ്നേഹികൾ ഈ ഫെസ്റ്റിലെ പെയിന്റിങ്ങുകൾ സമൂഹമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും പങ്കുവയ്ക്കുകയും ചെയ്തു. ‘ജീവനുള്ള’ ചിത്രങ്ങളെക്കൂടാതെ ഫ്ലൂറസെന്റ് ബോഡി ആർട് ഷോയും പാവക്കുട്ടി നിർമാണവും ആനിമേഷനും പടംവര പഠിപ്പിക്കുന്ന ക്ലാസുകളും എല്ലാമായി അങ്ങനെ ഇക്കൊല്ലവും ആർട് ക്രാസ്നയാർസ്ക് ഫെസ്റ്റിവൽ സൂപ്പർ ഹിറ്റാവുകയായിരുന്നു.