അംഗപരിമിതക്ക്  ഇന്ത്യൻ റെയിൽവേ വക ശാരീരിക ചൂഷണം; യുവതിയുടെ പരാതിക്ക് റെയിവേ മന്ത്രിയുടെ മറുപടി 

വിരാലി മോഡി

ചെറുപ്പത്തിൽ ഉണ്ടായ പനിയും അണുബാധയെയും തുടർന്ന്, അരക്ക് കീഴെ തളർന്ന ഇന്ത്യൻ വംശജയായ വിരാലി മോഡി എന്ന യുവതിയെ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന വിരാലി , വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ മോഡലിംഗിലും അഭിനയത്തിലും സജീവമായി. അമേരിക്കയിൽ താമസമാക്കിയ വിരാലിയുടെ വളർച്ചയ്ക്കും കരിയർ സ്വപ്നങ്ങൾക്കും അമേരിക്കക്കാർ പൂർണ്ണ പിന്തുണ നൽകി. വിരാലി സോഷ്യൽ മീഡിയയിലെ താരമാകുകയും ഒപ്പം, ശാരീരിക വൈഷമ്യങ്ങൾ കൊണ്ട് ജീവിതത്തിൽ തോറ്റുപോയി എന്ന് കരുതുന്നവർക്ക് പ്രചോദനമാകുകയും ചെയ്തു. ഇത് ലോകം അറിയുന്ന വിരാലിയുടെ കഥ.

അന്യ നാട്ടിൽ ഈ യുവതിക്ക് കിട്ടിയ പിന്തുണ ജന്മനാട്ടിൽ പക്ഷെ നിഷേധിക്കപ്പെടുകയാണ് ചെയ്തത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച വിരാലി, മുംബൈയിൽ നിന്നും ഡൽഹി വരെ യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചു. എന്നാൽ, അംഗപരിമിതർക്ക് വേണ്ട പിന്തുണ നൽകാത്ത ഇന്ത്യൻ റെയിൽവേയിൽ നിന്നും ഈ യുവതിക്ക് കനത്ത വേദനയാണുണ്ടായത്.

സ്വയം വീൽചെയർ ചലിപ്പിച്ചു യാത്ര ചെയ്യുന്ന വിരാലിക്ക് പക്ഷെ, വീൽചെയർ സഞ്ചാരയോഗ്യമല്ലാത്ത റെയിൽവേ പ്ലാറ്റുഫോമുകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഈ അവസരത്തിലാണ് ട്രെയിനിൽ കയറ്റുന്നതിനും ഇറക്കുന്നതിനും മറ്റുമായി, വിരാലി റെയിൽവേ പോർട്ടർമാരുടെ സഹായം തേടിയത്. എന്നാൽ അരക്ക് കീഴ്പോട്ടു തളർന്ന വ്യക്തിയാണ് എന്ന് മനസിലാക്കിയ റെയിൽവേ പോർട്ടർമാർ വിരാലിയെ ശാരീരികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 

മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രാമധ്യേ മൂന്നു തവണയാണ് വിരാലി റെയിൽവേ പോർട്ടർമാരുടെ സഹായം തേടിയത്. അപ്പോഴെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. പരാതി പറയാനോ പ്രതിഷേധിക്കാനോ കഴുത്ത അവസ്ഥയിൽ കരയുകയല്ലാതെ തനിക്കു മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന്  വിരാലി പറയുന്നു.

ഇന്ത്യൻ റെയിൽവേയിൽ നിന്ന് തനിക്ക്  നേരിട്ട ദുരനുഭവം ഇനി മറ്റൊരു അംഗപരിമിതയ്ക്കും ഉണ്ടാകാതിരിക്കാൻ, റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് കത്ത് സമർപ്പിച്ചിരിക്കുകയാണ് വിരാലി. മന്ത്രിക്കെഴുതിയ കത്തിന്റെ പൂർണരൂപം ഇങ്ങനെ...

''റെയിൽ വേ പ്ലാറ്റുഫോമുകൾ അംഗപരിമിതർക്ക് യാത്ര ചെയ്യാൻ തക്ക വിധത്തിലല്ല നിർമിച്ചിരിക്കുന്നത്. മാത്രമല്ല, ബാത്ത്റൂമുകളുടെയും അവസ്ഥ അത് തന്നെ. ദീർഘദൂരയാത്രയായതിനാലും ശുചിമുറികൾ ഉപയോഗിക്കാൻ അവസരം ലഭിക്കാത്തതിനാലും ഞാൻ ഡയപ്പർ ധരിച്ചതാണ് യാത്ര ചെയ്തത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ എനിക്ക് ഡയപ്പർ മാറ്റേണ്ടതായി വന്നു. ഇതിനുള്ള സൗകര്യം റെയിൽവേ കമ്പാർട്ട്മെന്റിലോ ശുചിമുറിയിലോ ഇല്ലായിരുന്നു. ശുചിമുറിയിലേക്ക് പോകുവാൻ പോർ‌ട്ടർമാരുടെ സഹായം തേടിയപ്പോഴാണ് ശാരീരികമായി താൻ അപമാനിക്കപ്പെട്ടത്.

അതിനാൽ തന്നെ ഈ ഒരവസ്ഥ ഇനി തന്നെ പോലെ അംഗപരിമിതയായ ഒരു യുവതിക്കും വരരുത്. വസ്ത്രമോ ഡയപ്പറോ മാറ്റാൻ കമ്പാർട്മെന്റിൽ ഇരുട്ട് വീഴുന്നത് വരെ കാത്തു നിൽക്കാനുള്ള വിധി ഇനി ആർക്കും ഉണ്ടാകരുത്. അംഗപരിമിതർക്ക് സഞ്ചാര യോഗ്യമായ വിധത്തിൽ കമ്പാർട്ട്മെന്റുകളും പ്ലാറ്റുഫോമുകളും ശുചിമുറിയും നിർമ്മിക്കപ്പെടണം. 

കമ്പാർട്മെന്റുകളിൽ സ്വകാര്യത സംരക്ഷിക്കുന്നതിനായി കർട്ടനുകൾ വേണം.അംഗപരിമിതരായവരെ സഹായിക്കുന്നതിനായി, അതിനു മനസുള്ള ജോലിക്കാരെ നിയമിക്കണം. തനിക്ക് ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബോധ്യപ്പെടുത്ത ആഗ്രഹമുണ്ട് എന്നും വിരാലി തന്റെ കുറിപ്പിൽ പറയുന്നു. നിലവിൽ 86000 പേർ വിരാലിക്ക് പിന്തുണയുമായി എത്തി. 

വിരാലിയുടെ കുറിപ്പിനുള്ള മറുപടിയായി, കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും, ഉടൻ തന്നെ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് പ്രഭു ട്വിറ്ററിൽ കുറിച്ചു.