സൊമാലിയയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ ട്രക് ഡ്രൈവറുടെ മകൾ

ഫഡുമോ ഡയിബ്.ചിത്രത്തിന് കടപ്പാട്: ഫെയ്സ് ബുക്ക്

സ്ത്രീയായി ജീവിക്കാന്‍ ഏറ്റവും ഭയാനകമായ സ്ഥലം ഏതാണ്? സൊമാലിയ. പറഞ്ഞത് ആ രാജ്യത്തിന്റെ മുന്‍ മന്ത്രി മരിയന്‍ കാസിം ആയിരുന്നു. ഗര്‍ഭിണിയാവുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ച് സൊമാലിയയില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ ദുരവസ്ഥയെന്നും അവര്‍ പറഞ്ഞുവെച്ചു. ഇവിടെ ഒരു പുതു യുഗത്തിന് തുടക്കമാവുകയാണ്, 43 കാരിയായ ഒരു വനിതയിലൂടെ. അവള്‍ വനിതകളുടെ ഈ ദുരവസ്ഥയ്ക്ക് അന്ത്യം കുറിക്കുമോ? ആദ്യം സൊമാലിയയിലേക്ക്...

ഫഡുമോ ഡയിബ്.ചിത്രത്തിന് കടപ്പാട്: ഫെയ്സ് ബുക്ക്

സൊമാലിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളികള്‍ക്ക് അത്ര താല്‍പ്പര്യമുള്ളതായിരുന്നില്ല. സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സൊമാലിയ മലയാളികള്‍ക്കിടയിലും താരമായത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഈ ആഫ്രിക്കന്‍ രാജ്യത്തോട് കേരളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരതമ്യം ചെയ്തതോടെ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ സൊമാലിയ നിറഞ്ഞുനിന്നു. മോദിക്കും കേരളത്തിനുമിടയിലെ പരിഹാസ കഥാപാത്രമായായിരുന്നു മിക്ക ട്രോളുകളും സൊമാലിയയെ ചിത്രീകരിച്ചത്. എന്നാല്‍ സൊമാലിയയിലും മാറ്റത്തിന്റെ അനുരണനങ്ങള്‍ നിഴലിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് മുന്നില്‍ നിന്നു നയിക്കുന്ന ഒരു വനിതയുണ്ട്, ശക്തിയുടെ, സഹനത്തിന്റെ, പോരാട്ടത്തിന്റെ പ്രതീകമായ ഒരു സ്ത്രീ, പേര് ഫഡുമോ ഡയിബ്. 

ഫഡുമോ ഡയിബ്.ചിത്രത്തിന് കടപ്പാട്: ഫെയ്സ് ബുക്ക്

അവള്‍ ഒരു അഭയാര്‍ത്ഥി ആയിരുന്നു, കെനിയയില്‍ സൊമാലികളായ മാതാപിതാക്കള്‍ക്ക് പിറന്ന മകള്‍. അച്ഛന്‍ ഒരു ട്രക് ഡ്രൈവര്‍, അമ്മ ഒരു നാടോടി സ്ത്രീ. കെനിയയില്‍ പുതിയ ജീവിതം തേടിയെ അവരെ 1989ല്‍ നാടുകടത്തി. എന്നാല്‍ സൊമാലിയയിലെ കടുത്ത ആഭ്യന്തര യുദ്ധം ആ കുടുംബത്തെ അഭയാര്‍ത്ഥികളായി ഫിന്‍ലന്‍ഡിലെത്തിച്ചു. അവിടെയും സഹിക്കേണ്ടി വന്നത് കടുത്ത പാര്‍ശ്വവല്‍ക്കൃത സമീപനം. അടിച്ചമര്‍ത്തപ്പെട്ടപ്പോഴും അവള്‍ വിദ്യ ആര്‍ജ്ജിക്കാനുള്ള ആര്‍ജ്ജവം കളഞ്ഞില്ല. 

എഴുതാനും വായിക്കാനും ഫഡുമോ പഠിച്ചത് 14ാം വയസില്‍. നെറ്റി ചുളിച്ചവര്‍ കേള്‍ക്കുക. ഇന്നവള്‍ക്കുള്ളത് മൂന്ന് ബിരുദങ്ങള്‍. അതിലൊന്ന് ലോകപ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന്. മാത്രമല്ല വനിതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഫഡുമോ.

ആഭ്യന്തര കലാപത്തിലും ദാരിദ്ര്യത്തിലും ഭീകരതയിലും പൊറുതിമുട്ടിയ മാതൃരാജ്യമായ സൊമാലിയയിലേക്ക് അവള്‍ 2005ലാണ് തിരിച്ചെത്തിയത്. സൊമാലിയയിലെ പുന്റ്‌ലന്‍ഡില്‍ ഐക്യരാഷ്ട്ര സഭയക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പിന്നീട് കെനിയ, ഫിഡി, ലൈബീരിയ തുടങ്ങിയടങ്ങളിലും സന്ദര്‍ശനം നടത്തി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കുന്ന ലൈബീരിയ ആണ് ഫഡുമോയ്ക്ക് സൊമാലിയയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍ നല്‍കിയത്. അവള്‍ ചിന്തിച്ചു എന്തുകൊണ്ട് എന്റെ രാജ്യത്തിനും ഇങ്ങനെ ഉയിര്‍ത്തെഴുന്നേറ്റുകൂടാ? അങ്ങനെ 68 ശതമാനം പൗരന്‍മാര്‍ക്കും തൊഴിലില്ലാത്ത ഒരു രാജ്യത്തെ മാറ്റി മാറിക്കണമെന്ന് അവള്‍ അതിയായി ആഗ്രഹിച്ചു. അത് തന്റെ ധാര്‍മിക ബാധ്യതയാണെന്നാണ് അവര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

ഫഡുമോ ഡയിബ്.ചിത്രത്തിന് കടപ്പാട്: ഫെയ്സ് ബുക്ക്

എന്റെ രാജ്യം രക്തക്കളമാകുന്നത് 25 വര്‍ഷത്തോളം നോക്കി നില്‍ക്കേണ്ടി വന്നു. ഇന്നുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ജനതയെ ഒരുമിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പ്രസിഡന്റ് പദത്തിലേക്ക് ഞാന്‍ മത്സരിക്കുന്നത്-ഫഡുമൊ ഡയിബ് പറഞ്ഞു. 

ഫഡുമോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. പുരുഷമേധാവിത്വം കൊടുമ്പിരികൊള്ളുന്ന ഒരു സമൂഹത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകാന്‍ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ എത്രമാത്രം ഫഡുമോയെ സ്വീകരിക്കുമെന്നത് കണ്ടറിയണം. വധഭീഷണികള്‍ തുടര്‍ച്ചയായി അവളെ തേടി വന്നുകൊണ്ടിരിക്കുന്നു, ആവശ്യം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിക്കണം. എന്നാല്‍ എന്തുവില കൊടുത്തും മത്സരിച്ച് ജയിക്കുമെന്ന ഉറച്ച നിലപാടിലാണ് 43കാരിയായ ഫഡുമോ ഡയിബ്.