സൂപ്പർ താരങ്ങൾ ഈ കാശൊക്കെ എന്തു ചെയ്യുന്നു? താരങ്ങളുടെ ബിസിനസ് വിശേഷങ്ങൾ

ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, സൽമാൻ ഖാൻ

കൃത്യമായി ശമ്പളവും പെൻഷനും കിട്ടുന്ന സ്ഥിരം ജോലിയല്ല സിനിമ. എപ്പോഴാണു ഫീൽഡ് ഔട്ട് ആവുകയെന്നു പറയാൻ വയ്യ! അതുകൊണ്ടുതന്നെ വലംകൈ കൊണ്ടു സിനിമ ചെയ്യുമ്പോൾ ഇടംകയ്യാൽ ബിസിനസ് ചെയ്യുന്നവരാണു പ്രമുഖതാരങ്ങൾ. സിനിമ ഇല്ലെങ്കിലും ആഡംബരത്തോടെ ജീവിക്കേണ്ടേ? ഇക്കണോമിക്സ് അറിയാത്ത ‘താരങ്ങൾ’ സാമ്പത്തികശാസ്ത്രം കലക്കിക്കുടിച്ച ഫിനാൻഷ്യൽ മാനേജർമാരെ വച്ചാണ് ‘കച്ചവടം’ പൊലിപ്പിക്കുന്നത്.

കൈ പൊള്ളാതെ പീസി

പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കു ചുവടുവച്ചപ്പോൾ പ്രിയങ്ക ബിസിനസ് സാമ്രാജ്യം അമേരിക്കയിലേക്കും വ്യാപിപ്പിച്ചു. തന്റെ സിഎഫ്ഒ അമ്മ മധു ചോപ്രയാണെന്നാണു പ്രിയങ്ക പറയുന്നത്. മധു ചോപ്രയുടെ നേതൃത്വത്തിൽ രണ്ടു ടീമുകളാണ് പ്രിയങ്കയുടെ പ്രൊഡക്‌ഷൻ ഹൗസ്–പർപ്പിൾ പെബ്ബിൾ പിക്ചേഴ്സ്–അടക്കമുള്ള ബിസിനസ് നോക്കിനടത്തുന്നത്.

സ്വർണം വാങ്ങണമെന്നു മലയാളിയായ മുത്തശ്ശി പറയുമായിരുന്നെങ്കിലും സ്വർണത്തോടു താൽപര്യമില്ല താരസുന്ദരിക്ക്. പകരം സ്വന്തമായൊരു ഡയമണ്ട് ശേഖരമുണ്ട്. 

ഡികാപ്രിയോ കിങ് ഖാൻ

ഷാരൂഖ് ഖാൻ

ഇന്ത്യയുടെ സ്വന്തം ഡികാപ്രിയോ എന്ന് ഫോബ്സ് മാസിക ഷാരൂഖ് ഖാനെ പണ്ടു വിശേഷിപ്പിച്ചത് കിങ് ഖാന്റെ പ്രതിഫലത്തുക കണ്ടിട്ടുകൂടിയാണ്. ബാന്ദ്രയിലെ മന്നത്ത് ബംഗ്ലാവിന്റെ ഓഫിസ് റൂം കണ്ട് ഒരു വലിയ കോർപറേറ്റ് ഹൗസാണെന്നു ചിന്തിക്കുന്നവരോട് തെറ്റെന്നു പറയാനാവില്ല. 2001ൽ ഖാൻ വാങ്ങിയ ബാന്ദ്രയിലെ സ്ഥലത്തിനും വീടിനും 2013ൽ ഹൗസിങ് ഡോട്ട് കോം എന്ന ഓൺലൈൻ റിയൽ എസ്റ്റേറ്റ് കമ്പനി വിലയിട്ടത് 200 കോടിയാണ്.  റെഡ് ചില്ലീസ് എന്ന പ്രൊഡക്‌ഷൻ കമ്പനിയാണ് ഷാരൂഖിന്റെ പ്രധാന ബിസിനസ്. പോസ്റ്റ് പ്രൊഡക്‌ഷൻ കമ്പനിയായ വിഎഫ്എക്സ് മറ്റൊന്ന്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും തെളിച്ചുകൊണ്ട് സ്പോർട്സ് ബിസിനസിലും നടത്തുന്നുണ്ട് തേരോട്ടം. 

ബിസിനസിലും ഫിറ്റാണ് ജോൺ

ജോൺ ഏബ്രഹാം

മൈ ലൈഫ് ഇസ് മൈ വൈഫ് – ബിസിനസിന്റെ കാര്യത്തിൽ ജോൺ ഏബ്രഹാമിനു പറയാൻ ഇതു മാത്രമേയുള്ളൂ. എംബിഎക്കാരനാണെങ്കിലും ജോണിന്റെ ബിസിനസ് സംരംഭങ്ങളെല്ലാം നോക്കി നടത്തുന്നതു ഭാര്യ പ്രിയാ രഞ്ജലാണ്. അമേരിക്കയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന പ്രിയ നാട്ടിലെത്തിയിട്ട് ഒരുവർഷമേ ആയിട്ടുള്ളൂ. ഐഎസ്എൽ ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് വരെ വാങ്ങാൻ ജോൺ ഏബ്രഹാം തയാറായത് പ്രിയയിലുള്ള വിശ്വാസം കൊണ്ടാണ്.  ലണ്ടനിൽ കൊമേഴ്സ്യൽ‌ പ്രോപ്പർട്ടി, ലൊസാഞ്ചലസിൽ ബ്രാഡ് പിറ്റിന്റെ വീടിനടുത്ത് സ്വന്തമായി വീട്, ബാന്ദ്രയിൽ പ്രൊഡക്‌ഷൻ ഹൗസ്, ജാ ഫിറ്റ്നസ് ജിം... ഇങ്ങനെ നീളും സമ്പാദ്യങ്ങളും സംരംഭങ്ങളും.

ദീപിക വീക്കാണ്, കണക്കിൽ!

ദീപിക പദുക്കോൺ

ഫോബ്സ് പട്ടികയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ കൂടെ ഇടംപിടിച്ച ഏക ഇന്ത്യക്കാരിയാണെങ്കിലും ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാൻ തനിക്കറിയില്ലെന്നേ ദീപിക പദുക്കോൺ പറയൂ. കാരണമെന്തെന്നു ചോദിച്ചാൻ സിംപിൾ: മാത്‌സ് അറിയില്ലത്രേ! കണക്കിൽ മോശമെന്നു സമ്മതിക്കുമ്പോഴും മണി മാനേജ്മെന്റിൽ വീക്കല്ല, ദീപിക. അച്ഛൻ പ്രകാശ് പദുക്കോണാണ് ദീപികയുടെ മണി ഗുരു. 2011ൽ മുംബൈയിൽ ആഡംബര വീടു വാങ്ങി. സ്വർണം വാങ്ങാനും ദീപികയ്ക്കിഷ്ടമാണ്. ഓൾ എബൗട്ട് യു എന്ന ഫാഷൻ ബ്രാൻഡാണ് ദീപികയുടെ ആകെയുള്ള ബിസിനസ്.

സുല്ലിടില്ല സല്ലു

സൽമാൻ ഖാന്‍

നീണ്ട സിനിമാ കരിയറിൽ നിന്നുള്ള സമ്പാദ്യം ആഡംബര വീടുകളിലും കാറുകളിലും എസ്റ്റേറ്റുകളിലുമാണെങ്കിലും നല്ല ബിസിനസുകാരൻ എന്ന പേര് സൽമാൻ ഖാന് ബി ടൗണിലുണ്ട്. ബീയിങ് ഹ്യൂമൻ എന്ന ടെക്സ്റ്റൈൽസ് ബ്രാൻഡിന്റെ വിജയം ഇതിനു തെളിവാണ്. ബീയിങ് ഹ്യൂമൻ എന്ന ബ്രാൻഡ് നെയിമിൽ തന്നെ ജ്വല്ലറി ചെയിൻ തുടങ്ങാൻ സൽമാനു പദ്ധതിയുണ്ടെന്ന് അനുജത്തി അർപിത ഖാൻ പറഞ്ഞുകഴിഞ്ഞു. ബീയിങ് സ്മാർട്ട് എന്ന മൊബൈൽ ഫോൺ ബ്രാൻഡ് ആണ് സല്ലുവിന്റെ ഏറ്റവും പുതിയ സംരംഭം. സൽമാൻ ഖാൻ പ്രൊഡക്‌ഷൻസുമുണ്ട് സല്ലുവിന്.