ഈ യുവസംരഭകൻ മാസം നേടുന്നത് ഒരു ലക്ഷം രൂപ, വിജയരഹസ്യം ഇതാ!

സാജു ഉസ്മാൻ

‘സാജ് നാച്ചുറൽ ഫുഡ്സ്’ എന്ന ലഘു സംരംഭത്തിലൂടെ ഫുഡ് സപ്ലിമെന്റ്സ് ഉണ്ടാക്കി വിറ്റ് ചെറുതല്ലാത്ത വിജയമാണ് ഈ ചെറുപ്പക്കാരൻ കയ്യെത്തി പിടിച്ചത്. പുതുമയുള്ള ബിസിനസ് ആശയത്തിനൊപ്പം തോൽക്കാൻ തയാറല്ലാത്ത മനസ്സും ചേർന്നപ്പോൾ ബിസിനസ്സിൽ നൂറുമേനി വിജയം വിള​ഞ്ഞു.  

എന്താണു ബിസിനസ്?

മുളപ്പിച്ച ധാന്യങ്ങൾ ഉണക്കി വറുത്ത ശേഷം പൊടിച്ച് പാക്കറ്റിലാക്കി വിൽക്കുകയാണ് ബിസിനസ്. ബാർലി, റാഗി, തിന, ചോളം, ഗോതമ്പ്, മുതിര, ഞവരനെല്ല് എന്നിവ ഇതിനായി ഉപയോഗിക്കുന്നു. കൂടാതെ െവജ് വാഷിന്റെ ബിസിനസും ഉണ്ട്. 

ധാന്യങ്ങൾ കുതിർത്ത് എട്ടു മണിക്കൂർ തുണിയിൽ കെട്ടിവച്ച്, വീണ്ടും എട്ടുമണിക്കൂർ കഴിഞ്ഞ് എടുക്കുന്നു. അതിനുശേഷം 40 ഡിഗ്രി ചൂടിൽ ഡ്രയറിൽ ഇട്ട് ഉണക്കുന്നു. പിന്നീട് ഇതു വറുത്തെടുക്കും. അതിനുശേഷം പൾവറൈസറിൽ പൊടിക്കുന്നു. എന്നിട്ട് ചൂടാറിക്കഴിയുമ്പോൾ പാക്ക് ചെയ്തു വിൽക്കുന്നു. 

ബഹുവിധ ഗുണങ്ങൾ

ധാന്യങ്ങൾക്കൊപ്പം മറ്റൊന്നും ചേർക്കാതെയാണ് ഉൽപാദനം.

∙ പുട്ട്, ഇടിയപ്പം, ദോശ, കുറുക്ക് (കുട്ടികൾക്കും രോഗികൾക്കും പ്രത്യേകം) എന്നിവയ്ക്ക് ഉത്തമം.

∙ ഒരു നേരം 60 ഗ്രാം കഴിച്ചാൽ മതി.

∙ പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

∙ വിളർച്ച, രക്തക്കുറവ്, പൊണ്ണത്തടി എന്നിവ കുറയ്ക്കാം.

∙ നല്ല രോഗപ്രതിരോധശക്തി പ്രദാനം ചെയ്യും.

∙ തികഞ്ഞ ഹൈജീൻ, ഡബിൾ പാക്കിങ്.

∙ ഫ്രഷ്നെസ് കുറയാതെ തന്നെ ആവശ്യക്കാരുടെ ൈകകളിലെത്തുന്നു.

എട്ടുലക്ഷം രൂപയുടെ നിക്ഷേപം

ഏകദേശം എട്ടു ലക്ഷം രൂപയുടെ നിക്ഷേപം സ്ഥാപനത്തിൽ ഇപ്പോൾ ഉണ്ട്. വാടകക്കെട്ടിടത്തിലാണു പ്രവർത്തനം. ഡ്രയർ, പൾവറൈസർ, റോസ്റ്റർ, േവയിങ് ബാലൻസ്, സീലിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. അഞ്ചു തൊഴിലാളികൾ ഉണ്ട്. ആരംഭിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. 

നേരത്തേ വേറെ ബിസിനസ്സുകൾ െചയ്തിരുന്നു. െവജ് വാഷ്, ഫിഷ് വാഷ് എന്നിവയും ദന്തപാല എണ്ണയും ഉണ്ടാക്കി വിറ്റിരുന്നു. അത് ഇപ്പോഴും തുടരുന്നു. സ്വന്തമായി പ്രകൃതിക്കിണങ്ങിയ ഒരു നാച്ചുറൽ‌ ഫുഡ് ഉണ്ടാക്കി ബ്രാൻഡ് ചെയ്ത് വിപണി പിടിക്കണം എന്ന ആഗ്രഹം മുൻനിർത്തിയാണ് ഈ സംരംഭത്തിേലക്കു വന്നത്. ഭാര്യ ഷംജിത വലംകയ്യായി കൂടെനിന്നു. ഒരു കുടുംബസംരംഭം പോലെയാണ് ബിസിനസ്. ജനറൽ മാനേജരായി ഡാനി അഗസ്റ്റിൻ പ്രവർത്തിക്കുന്നു.

എക്സിബിഷനുകൾ വഴി പ്രധാന വിൽപനകൾ

‌"എക്സിബിഷനുകൾ വഴിയാണ് പ്രധാന വിൽപനകൾ. മാസത്തിൽ ഒന്നോ രണ്ടോ എക്സിബിഷനുകൾ ലഭിക്കും. അതുവഴി സ്ഥിരം കസ്റ്റമേഴ്സിനെയും കിട്ടും. അവർക്ക് പ്രോഡക്ട് അയച്ചു കൊടുക്കുകയാണ്. സർക്കാർ എക്സിബിഷനുകൾ, ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രദർശനങ്ങൾ, പ്രാേദശിക മേളകൾ എന്നിവിടങ്ങളിലൊക്കെ വിൽപന നടക്കും. 

ഫീൽഡ് തലത്തിൽ സെയിൽസ് ഏജന്റുമാർ ഉണ്ട്. അവർ സ്ഥാപനങ്ങൾ തോറും കയറിയിറങ്ങി വിൽക്കുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലൂടെയും നല്ല തോതിൽ കച്ചവടം നടക്കുന്നു ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നുവെന്നതാണ് യഥാർഥ വിജയരഹസ്യം." സാജു പറയുന്നു. 

‘കാഷ് & ക്യാരി അടിസ്ഥാനത്തിലാണ് മിക്കവാറും കച്ചവടങ്ങൾ. മെച്ചപ്പെട്ട ഒരു വിപണി ഇത്തരം ഉൽപന്നങ്ങൾക്കു ലഭിക്കുന്നു എന്നതാണ് ഇതുവരെയുള്ള അനുഭവം. മാത്രമല്ല, നല്ല ഭാവിയുള്ള ഒരു ഉൽപന്നമായാണ് ഫുഡ് സപ്ലിമെന്റ്സിനെ കാണുന്നത്.  

15 ശതമാനം അറ്റാദായം

പതിനഞ്ചു ശതമാനം അറ്റാദായം ലഭിക്കുന്ന ഒരു ബിസിനസ്സാണിത്. എല്ലാം നാച്ചുറലായി ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടാണ് അറ്റാദായം അൽപം കുറയുന്നത്. ഇപ്പോൾ ശരാശരി എട്ടു ലക്ഷം രൂപയുടെ ബിസിനസ്  പ്രതിമാസം െചയ്യുന്നുണ്ട്. അതുവഴി 1,20,000 രൂപയോളം പ്രതിമാസം സമ്പാദിക്കാൻ കഴിയുന്നു. 

പുതിയ പ്രതീക്ഷകൾ

ഇപ്പോഴുള്ള ഉൽപാദനം ഇരട്ടിയിലേക്കെത്തിക്കണം. മാർക്കറ്റിങ്ങിനു വിതരണക്കാരെ കണ്ടെത്തണം. നേരിട്ടു വിേദശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇപ്പോൾ ന്യൂസിലൻഡിൽ ഏതാനും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പറ്റിയ ഉൽപന്നം ആയതിനാൽ വിദേശമാർക്കറ്റ് ഉറപ്പാണ്. രണ്ടു വർഷത്തിനുള്ളിൽ വിേദശ വിപണിയിൽ കാലുറപ്പിച്ച് നിൽക്കണം. 

പുതുസംരംഭകർക്ക്

നന്നായി ശോഭിക്കാവുന്ന ഭാവിയുള്ള ബിസിനസ്സായി ഇതിനെ കാണുക. സാങ്കേതികമായ നൂലാമാലകളൊന്നുമില്ലല്ലോ. ഒരു പാക്കിങ് മെഷീൻ മാത്രം വാങ്ങാൻ കഴിഞ്ഞാൽ സംരംഭം ആരംഭിക്കാം. ബാക്കി ജോലികളെല്ലാം പുറത്തു നൽകി ചെയ്യിപ്പിക്കാം. തുടക്കമെന്ന നിലയിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് കിട്ടിയാൽ‌പോലും 30,000 രൂപ അറ്റാദായം ഉറപ്പിക്കാം. 

വിലാസം:

സാജു ഉസ്മാൻ 

സാജ് നാച്ചുറൽ ഫുഡ്സ്,

ചമ്മനി ടവർ, കലൂർ

എറണാകുളം–682017

ഫോൺ: 9388603302