ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ ബാധ്യതയാണോ?

തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ കയറിയപ്പോൾ മുതൽ കേട്ടതാണ് അവരുടെ ദീനരോദനം. രണ്ടു മധ്യവയസ്കർ. ബാങ്കുകളുടെ പകൽക്കൊള്ളയെക്കുറിച്ചാണു പരാതി. തൊട്ടതിനും പിടിച്ചതിനും ചാർജ് ഈടാക്കുന്നു. പണം ഇടുന്നതിനും പിൻവലിക്കുന്നതിനും എടിഎമ്മിനകത്ത് കാലുകുത്തുന്നതിനും ഒക്കെ ചാർജ്. എല്ലാം പോട്ടെന്നുവയ്ക്കാം. മിനിമം ബാലൻസ് എന്ന ഏടാകൂടമാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്.

രണ്ടു പേർക്കും നാലു അഞ്ചും ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നു സംസാരത്തിൽനിന്നു മനസ്സിലായി. എല്ലാം അവസാനിപ്പിച്ച് ഒരു അക്കൗണ്ട് മാത്രം നിലനിർത്തിയാൽ മതിയല്ലോ എന്ന പരിഹാരത്തിലേക്കു ചർച്ചയെത്തിയപ്പോഴാണ് അതു വരെ എല്ലാം കേട്ടുകൊണ്ടിരുന്ന ഞാൻ പതുക്കെ ഇടപെട്ടത്.

എന്തിനാണ് ഇത്രയും അക്കൗണ്ടുകൾ തുടങ്ങിയത്?

ഓരോരോ ആവശ്യത്തിനായി തുടങ്ങി. പിന്നെ പല പല ആവശ്യങ്ങൾക്കായി ഓരോന്നും ഉപയോഗിക്കാൻ തുടങ്ങി. ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

നെറ്റ് ബാങ്കിങ് ഉണ്ടോ? ഞാൻ ചോദിച്ചു.

ഉണ്ടെന്നു മാത്രമല്ല ഏതാണ്ടെല്ലാ ഇടപാടുകളും സ്‌മാർട്‌ഫോണിലൂടെ ഡിജിറ്റലായിത്തന്നെയാണ് ഇപ്പോൾ ചെയ്യുന്നതും.

ഏതൊക്കെ പേയ്‌മെന്റുകളാണ് നെറ്റ്‌ബാങ്കിങിലൂടെ നടത്തുന്നത്?

എന്റെ ചോദ്യം കേൾക്കാനിരുന്നതുപോലെ അവർ അതെല്ലാം അക്കമിട്ടു നിരത്തി.

ഫോൺ റീച്ചാർജിങ്, കറന്റ് ബില്ല്, കേബിൾ റീച്ചാർജ്, ഇൻഷുറൻസ് പ്രീമിയം, പിപിഎഫ് പേയ്‌മെന്റ്, ഓഹരി ഇടപാട്, സ്‌കൂൾ ഫീസ്, ട്യൂഷൻ ഫീസ്...

ഇതിനെല്ലാം ഏത് അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നു ചോദിച്ചപ്പോൾ ഇരുവർക്കും പറയാൻ ഒറ്റ ഉത്തരം മാത്രം.

അതു സാലറി അക്കൗണ്ടാണ്.

മറ്റു രീതിയിലുള്ള വരുമാനങ്ങളും എത്തുന്നത് ഈ അക്കൗണ്ടിലേക്കു തന്നെ. കൂടെയുള്ള അക്കൗണ്ടുകളെയെല്ലാം നോക്കുകുത്തികളായി നിറുത്തിക്കൊണ്ട് സാലറി അക്കൗണ്ടിലേക്കു വരുമാനത്തിന്റെ കുത്തൊഴുക്കും പോക്കും തുടരുകയാണ്. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ടാണ്. അതിന് മിനിമം ബാലൻസ് ബാധകമല്ലല്ലോ.

ഞാൻ പറഞ്ഞു.

ഒന്നുകിൽ മറ്റ് അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്‌ത് ഒറ്റ അക്കൗണ്ടുമായി മുന്നോട്ടുപോകാം. അല്ലെങ്കിൽ രണ്ടോ മൂന്നോ അക്കൗണ്ടുകളെ ഫലപ്രദമായി ഉപയോഗിച്ച് ഫിനാൻഷ്യൽ പ്ലാനിങ് നടത്താം.

അതെങ്ങനയെന്നായി അവർ.

നിങ്ങളുടെ പേയ്‌മെന്റുകളെ ഓരോന്നിന്റെയും കാലാവധി അനുസരിച്ച് തരംതിരിക്കുക. പ്രതിമാസ പേയ്‌മെന്റുകളെ മാറ്റിനിർത്തിയാൽ മറ്റ് പേയ്‌മെന്റുകൾ ഏതൊക്കെയാണ്? കാലപരിധി എത്രയാണ്? ഞാൻ ചോദിച്ചു.

മൂന്നുമാസം കൂടുമ്പോൾ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കണം. മൂന്നുമാസം കൂടുമ്പോൾ സ്‌കൂൾ ഫീസും അടയ്‌ക്കണം. ആറുമാസത്തിലൊരിക്കൽ പിപിഎഫ് പേയ്‌മെന്റ് ഉണ്ട്. വർഷത്തിലൊരിക്കൽ ക്ലബ് ഫീസ്...

ഇതിൽ പ്രതിമാസ പേയ്‌മെന്റുകൾ മാത്രമാണ് ഏറക്കുറെ കൃത്യമായി അടഞ്ഞു പോകുന്നത്. മൂന്നുമാസം കൂടുമ്പോഴുള്ളതും അർധവാർഷിക, വാർഷിക പേയ്‌മെന്റുകളും മിക്കവാറും മുടങ്ങാറാണ് പതിവ്. അപ്പോൾ പണം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് ഫൈനോടുകൂടി അടയ്‌ക്കും. രണ്ടു പേരുടെയും അവസ്ഥ സമാനം തന്നെ.

ഏറക്കുറെ ഏതാണ്ടെല്ലാവരുടെയും സ്ഥിതിയും ഇങ്ങനെയൊക്കെത്തന്നെ. പ്രതിമാസ പേയ്‌മെന്റിന്റെ കാര്യത്തിലൊഴികെ ബാക്കിയുള്ളവയുടെ കാര്യത്തിൽ

വലിയ പ്ലാനിങ് ഒന്നും ആരും നടത്തില്ല. പലരും പേയ്‌മെന്റ് ഡേറ്റ് അടുക്കുമ്പോൾ മാത്രമാണ് അതേ

ക്കുറിച്ച് ആലോചിക്കുന്നതുതന്നെ. അപ്പോഴേക്കും അക്കൗണ്ടിൽ പണം ഉണ്ടായെന്നും വരില്ല.

ശരി തന്നെ. പക്ഷേ, എന്താണു പരിഹാരം? ഇരുവരും ചോദിച്ചു.

രണ്ടു പേർക്കും ഭേദപ്പെട്ട വരുമാനമുണ്ട്. അതു കൈകാര്യം ചെയ്യുന്നതിലെ പോരായ്‌മകളാണ് പണഞെരുക്കം ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി എല്ലാ പേയ്‌മെന്റുകളെയും പ്രതിമാസ പേയ്‌മെന്റുകളായി കണക്കാക്കുക. ഉദാഹരണമായി, മൂന്നുമാസം കൂടുമ്പോൾ 12,000 രൂപ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കണമെങ്കിൽ അതിനെ പ്രതിമാസ പേയ്‌മെന്റായി കണക്കിലെടുക്കണം. അപ്പോൾ പ്രതിമാസം 4,000 രൂപ വീതം വേണമല്ലോ. സാലറി അക്കൗണ്ടിൽനിന്നു പ്രതിമാസം 4,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുക. മൂന്നു മാസം ആകുമ്പോൾ ഈ അക്കൗണ്ടിൽ 12,000 രൂപ ഉണ്ടാകും. ഈ അക്കൗണ്ടിൽനിന്ന് ഇൻഷുറൻസ് പ്രീമിയം

പേയ്‌മെന്റ് നടത്തുക.

സ്‌കൂൾ ഫീസും ഇതുപോലെ പ്രതിമാസം കണക്കാക്കി തുക വേറൊരു അക്കൗണ്ടിലേക്ക് എല്ലാ മാസവും  മാറ്റാം. ഓരോ പേയ്‌മെന്റും ഇതേപോലെ കണക്കാക്കി എല്ലാ മാസവും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റാം. എമർജൻസി ഫണ്ടായി ഒരു നിശ്ചിത തുക വേറൊരു അക്കൗണ്ടിൽ സൂക്ഷിക്കുന്നതും നല്ലതാണ്.

ഭാവിയിൽ ഉണ്ടാകുന്ന ചെലവുകൾ കൂടി ഇതുപോലെ മുൻകൂട്ടി കണ്ട് എല്ലാ മാസവും കരുതലെടുക്കാം എന്നുകൂടി പറഞ്ഞതോടെ അവർക്ക് ഉൽസാഹമേറി.

ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു കൂടി ഞാൻ ഓർമിപ്പിച്ചു. എല്ലാ അക്കൗണ്ടു

കളുടെയും എടിഎം കാർഡുകൾ കൈയിൽ കൊണ്ടുനടക്കരുത്. സാലറി അക്കൗണ്ടിന്റെയും എമർജൻസി ഫണ്ടിട്ടിരിക്കുന്ന അക്കൗണ്ടിന്റെയും എടിഎം കാർഡ് മാത്രം ഉപയോഗിച്ചാൽ മതി. മറ്റുള്ള കാർഡുകൾ വീട്ടിൽത്തന്നെ ഇരിക്കട്ടെ.

ഇരുവരും തലകുലുക്കി.

സാലറി അക്കൗണ്ടിൽ എല്ലാ പേയ്‌മെന്റുകളും കഴിഞ്ഞ് പ്രതിമാസ ചെലവുകൾക്കുള്ള തുക മാത്രം ഇടുക. മാസാവസാനമാകുമ്പോൾ അതിലെ ബാലൻസ് സീറോ ആകട്ടെ. മറ്റ് അക്കൗണ്ടുകളിലെല്ലാം മിനിമം ബാലൻസ് നിലനിർത്തുക. ഒരു ബാങ്ക് അക്കൗണ്ടിൽ എല്ലാ തുകയും ഒരുമിച്ചു  സൂക്ഷിച്ചാൽ സൈബർ ക്രൈമിനു വിധേയമായാൽ പണം ഒറ്റയടിക്കു നഷ്ടപ്പെടും. പല അക്കൗണ്ടുകളിലായാൽ അപകടത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാനും കഴിയുമല്ലോ.

ഞാൻ പറഞ്ഞു നിർത്തി 

Read more : Sampadyam, Lifestyle Magazine