നായികയ്ക്ക് മൂന്നു പ്രണയമുള്ള ഒരു സിനിമ അംഗീകരിക്കപ്പെടില്ലേ?

x-default

ഓഹരി എന്ന എന്റെ നോവല്‍ സിനിമയാക്കാന്‍ പല നിർമാതാക്കളും മുൻപോട്ടു വന്നിരുന്നു. ഒരു അടുത്ത സുഹൃത്ത്, ബിഗ് ബജറ്റ് കൊമേഴ്‌സിയല്‍ പടങ്ങളുടെ നിർമാതാവ്, മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് പരസ്യം വരെ ആരംഭിച്ചിരുന്നു. മോഹന്‍ലാലിന്റെ മുഖമായിരുന്നു പോസ്റ്റര്‍ നിറയെ. താഴെ നായികയുടെ ചെറിയ ക്ലോസപ്പും. ഇതു കണ്ട് അന്തംവിട്ട എന്നോടു സംവിധായകന്‍ പറഞ്ഞു:

വർമാജി, കാര്യം ശരിയാ. നോവലിലെ പ്രധാന കഥാപാത്രം സ്ത്രീയാണ്. അവരെ കേന്ദ്രീകരിച്ചാണ് കഥ മുഴുവനും, സമ്മതിച്ചു. പക്ഷേ, ഒരു വലിയ ബിസിനസ് തനിയെ നടത്തുന്ന ഒരു ലേഡി സംരംഭകയെ ജനം അംഗീകരിക്കില്ല. കേരളത്തില്‍ പ്രത്യേകിച്ചും. പ്രേമം, കോമഡി, അമ്മ, ദുഃഖം. ഓ കെ. ഈ സ്റ്റോറിലൈന്‍ അൽപം മാറ്റണം. നായിക മോഹന്‍ലാലിന്റെ സഹായി ആയിക്കോട്ടെ. സാരമില്ല. മോഹന്‍ലാലായിരിക്കണം ഡിസിഷന്‍ മേക്കര്‍. ത്രെഡ് തന്നാല്‍ മതി. ഞാന്‍ നല്ല ഒരു സ്‌ക്രിപ്റ്റ് ശരിയാക്കിച്ചു കൊള്ളാം.

എന്തോ, ഓഹരി സിനിമ ആയില്ല.

പത്തിരുപതു കൊല്ലം മുൻപു നടന്ന ഈ സംഭാഷണം ഇന്നും അർഥവത്താണ്.

പ്രേമം എന്ന വളരെയേറെ ജനപ്രീതി നേടിയ മലയാളം സിനിമയില്‍ നായകന് മൂന്നു കാമുകികളുമായി ആത്മാർഥ പ്രേമമുണ്ട്. ഒരു നായികയ്ക്ക് ഇതുപോലെ മൂന്നു പ്രേമം ഒന്നിനു പിറകെ ഒന്നായി കാട്ടിയിരുന്നെങ്കില്‍ ചെറുപ്പക്കാര്‍ പോലും അതിനെ അംഗീകരിക്കുമായിരുന്നോ? ഇല്ല. അന്ന് ഓഹരിയുടെ നിയുക്ത സംവിധായകന്‍ പറഞ്ഞ നമ്മുടെ മൈന്‍ഡ്സെറ്റിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.

മാധവിക്കുട്ടിയും ചേര്‍ന്നു ഞാന്‍ അമാവാസി എന്ന നോവല്‍ എഴുതുന്ന കാലം. ചേച്ചി പറയുമായിരുന്നു, മലയാളിക്കു സ്ത്രീയെ ഒരു സ്വതന്ത്രവ്യക്തിയായി അംഗീകരിക്കാന്‍ വിഷമമാണ് എന്ന്. ഇത് ഇവിടുത്തെ പുരുഷന്മാരുടെ മാത്രം സ്വഭാവമല്ല, സ്ത്രീകളും അതേ രീതിയിലാണു കാണുന്നത്. ആണുങ്ങള്‍ക്ക് അടക്കിവച്ച സെക്‌സും പെണ്ണുങ്ങള്‍ക്ക് അസൂയയും ആണ് ഒരു സ്ത്രീയെ പുരുഷനെപ്പോലെ, സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കുന്നതിനു തടസ്സമായി മാധവിക്കുട്ടി ചൂണ്ടിക്കാട്ടിയത്.

ഈ മാനസികഭാവം നമ്മുടെ വനിതാ പ്രതിഭകള്‍ക്കു വളരുന്നതിന് ഇന്നും വിഘാതമായി നില്‍ക്കുകയാണ്. ബിസിനസ്- രാഷ്ട്രീയ മേഖലകള്‍ നോക്കൂ. വനിതാസംരംഭകരെ മനസ്സിലാക്കാനുള്ള നമ്മുടെ അസഹ്യത എത്ര വലുതാണ്.

സ്ത്രീകള്‍ക്കു പുരുഷന്മാരുമായുള്ള പ്രധാന വ്യത്യാസം പ്രസവവും കുഞ്ഞുങ്ങളെ മുലയൂട്ടുന്നതു മുതല്‍ അവര്‍ക്കു സ്വയം ജീവിക്കാൻ പ്രായമാകുന്നതുവരെയുള്ള അമ്മ എന്ന രൂപവുമാണ്. കുട്ടിക്കാലത്തു കളികളിലും പാട്ടിലും പ്രസംഗത്തിലും അടിപിടിയിലും ചിത്രരചനയിലും എന്നു വേണ്ട തന്റെ ടാലന്റ് ആണ്‍കുട്ടികളെപ്പോലെ വളര്‍ത്തിയിരുന്ന ശരാശരി പെണ്‍കുട്ടി ഇരുപതു വയസ്സിനടുത്തു വിവാഹിതയാകുന്നു. തീര്‍ന്നു. അവളുടെ വ്യക്തി എന്ന നിലയിലുള്ള വളര്‍ച്ച നിന്നു. ഇനി അവളുടെ പുതിയ അവതാരമാണ്. ഭാര്യ, തൊട്ടു പിന്നാലെ മിക്‌സായി അമ്മ. അവള്‍ വീട്ടമ്മയായി മാറിക്കഴിഞ്ഞു. ഭര്‍ത്താവും കുട്ടികളും വീടും.

തന്റെ ഇഷ്ടങ്ങളെക്കുറിച്ച്, ദൈവം നല്‍കിയ കഴിവിനെക്കുറിച്ച്, ഓര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികള്‍ വലുതായി അമ്മയുടെ സഹായം ആവശ്യമില്ലാതാകുമ്പോഴേക്കും ഇരുപതിലേറെ  വര്‍ഷം കഴിയും. വയസ്സ് നാൽപത്തഞ്ചു കഴിയും. പണ്ടൊക്കെ പറയും, വയസ്സായി. ഇനിയെന്ത്?

ഇതിലെ വേറൊരു കുഴപ്പം, സ്ത്രീക്ക് ഈ രണ്ടാം ജന്മത്തില്‍ പുരുഷനു കിട്ടുന്ന സാമ്പത്തികസ്വാതന്ത്ര്യം ഒരിക്കലും അനുഭവിക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഈ അവസ്ഥ ഇന്നും നിലനില്‍ക്കുന്നു. സ്വന്തം ഇഷ്ടത്തിനു സ്വന്തം കുടുംബസ്വത്തായി ലഭിച്ച സ്വത്തുപോലും അനുഭവിക്കാന്‍ സ്വാതന്ത്ര്യം നല്‍കേണ്ടതിനെക്കുറിച്ച് ഭര്‍ത്താവും മക്കളും ചിന്തിക്കുകപോലും ചെയ്യില്ല എന്നതാണു നമ്മുടെ രീതി.

അപ്പോഴേക്കു പുകഴ്ത്തലിന്റെയും ആരാധനയുടെയും കണ്ണാടിക്കൂടിനകത്തു നില്‍ക്കുന്ന അവള്‍ക്കു സാമ്പത്തികസ്വാതന്ത്ര്യം തനിക്കില്ല എന്നതു വേദനയ്ക്കു പകരം ഒരു മരവിപ്പായി മാറിയിരിക്കും.

ഇന്നു കാലം മാറി. ആരോഗ്യസംരക്ഷണം നാൽപത്തഞ്ച്– അൻപതു വയസ്സിനെ അറുപത്തഞ്ച് –എഴുപതാക്കി. ശരാശരി ആയുര്‍ദൈര്‍ഘ്യം എഴുപതിനു മേലെയാണ്. ഇപ്പോള്‍ വാസ്തവത്തില്‍ ഭാര്യ– അമ്മ ജോലിയുടെ തിരക്കില്‍നിന്നു മോചിതയായ സ്ത്രീക്ക് 20 കൊല്ലം ഇനിയും ഒരു പുതിയ അവതാരത്തിനു സമയമുണ്ട്. കുട്ടികള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വന്ന സമയം ലാഭിക്കുമ്പോള്‍ ആരും ഓര്‍ത്തുപോകും, ഞാന്‍ എന്തോ വിട്ടു പോയല്ലോ, മറന്നു പോയല്ലോ എന്ന്. അത് ആദ്യ അവതാരത്തിലെ വാസന, ടാലന്റ്, സിദ്ധി എന്നൊക്കെ പറയുന്ന ദൈവം നല്‍കിയ മഹത്തായ കഴിവിനെക്കുറിച്ചുള്ള ഓർമകളാണ്.

ചെറുപ്പത്തില്‍ത്തന്നെ വര്‍ക്കിങ് ഗേള്‍ ആയി മാറി ഒരിക്കലും തങ്ങളുടെ കുട്ടികള്‍ക്ക് ഒരു മുഴുവന്‍ അമ്മയെ നല്‍കാന്‍ കഴിയാത്തവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി നമ്മുടെ നാട്ടിലെ എല്ലാ സ്ത്രീകളുടെയും കഥയാണിത്. അവരുടെ കൂട്ടായ ഒരു വലിയ ടാലന്റ്, അറിവ്, കഴിവ് എല്ലാം ഉപയോഗിക്കാതെ നഷ്ടപ്പെടുകയാണ് ഇന്ന്.

സമയവും കഴിവും ഉള്ള വീട്ടമ്മമാര്‍ക്കു സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്താനുള്ള, ചെറുതോതില്‍ ആരംഭിക്കാവുന്ന അനവധി വ്യവസായ വാണിജ്യസംരംഭങ്ങള്‍ക്ക് ഇന്നു സാധ്യതകളുണ്ട്. ഈ വിധം പ്രവര്‍ത്തനത്തിലിറങ്ങിയ എന്റെ ഒരു വനിതാ സുഹൃത്ത് എന്നോടു പറഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന ഒരു വലിയ നേട്ടമുണ്ട്. ധൈര്യവും സ്വാതന്ത്ര്യവും. അതിന് ഒരു വിലയിടാനൊക്കുകില്ല. താന്‍ ഒരു വ്യക്തിയാണെന്ന അവബോധം. അതു നല്‍കുന്ന സന്തോഷം. മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ആരോഗ്യം. പല സ്ത്രീകളും പുരുഷന്മാരെക്കാള്‍ കാര്യശേഷി ഉള്ളവരാണ്. പക്ഷേ, ഒരു വീട്ടമ്മയുടെ റോള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ അവര്‍ അതു മറന്നിരിക്കും.

ആരോഗ്യമുള്ള ഒരു സ്ത്രീ വീട്ടിലിരിക്കരുത്. അറിയുന്നതും ഇഷ്ടമുള്ളതുമായ പണികള്‍ ചെയ്യുന്നതുപോലും സ്വയം സൃഷ്ടിക്കുന്ന തിരക്കിനെ കുറ്റം പറഞ്ഞു വേണ്ടെന്നു വയ്ക്കുന്നു.

നാൽപത്തഞ്ചില്‍ കേരളത്തിലെ സ്ത്രീക്ക് ഒരു മൂന്നാം അവതാരം. സ്വന്തം ടാലന്റ് തനിക്കും കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമാക്കുന്ന പുതുജന്മം.

ഒന്ന് ഗൗരവമായി ആലോചിച്ചുകൂടേ?

Read more: Lifestyle Malayalam MagazineBeauty Tips in Malayalam