Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ അധ്യാപനം, വീട്ടിലിരുന്നു നേടാം ലക്ഷങ്ങൾ!

pf

ബൈജൂസ് ആപ്പിലെന്നപോലെ ഓൺലൈൻ അധ്യാപനം, വീട്ടിലിരുന്നു നേടാം ലക്ഷങ്ങൾ!

പഠിപ്പിക്കാൻ മികവുള്ള വ്യക്തിയാണോ താങ്കൾ? എങ്കിൽ വീട്ടിൽ ഇരുന്നു തന്നെ മാസം ലക്ഷങ്ങൾ നേടാനുള്ള അവസരമാണ് ഇ–ട്യൂഷൻ നിങ്ങൾക്കു മുന്നിൽ തുറന്നിടുന്നത്, അതും കാര്യമായി പണം മുടക്കാതെ തന്നെ. ഒരു ലാപ് ടോപ്പും ഇന്റർനെറ്റ് കണക്‌ഷനും ഉണ്ടെങ്കിൽ കാര്യം സാധിക്കാം.

എന്താണ് ഇ–ട്യൂഷൻ ?

നിങ്ങളുടെ അറിവ് മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നതിന് ഇന്റർനെറ്റിന്റെ സാധ്യത ഉപയോഗിക്കുന്ന രീതിയാണ് ഓൺലൈൻ അധ്യാപനം. വിദേശത്തോ സ്വദേശത്തോ ഉള്ള വിദ്യാർഥികളെ പ്രയാസമേറിയ വിഷയങ്ങൾ പഠിക്കുവാൻ ഓൺലൈനായി സഹായിക്കുക. അവർക്കായി ചെലവഴിച്ച സമയത്തിനു മണിക്കൂർ കണക്കിനു ഫീസ് വാങ്ങുക എന്നതാണു രീതി.

കുട്ടികളെ കണ്ടെത്താൻ ?

നിങ്ങളുടെ വിഷയത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ എങ്ങനെ കണ്ടെത്താം എന്നതാണു പ്രശ്നം? ഇവിടെ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താം. മികച്ച അധ്യാപകരെ തിരഞ്ഞെടുക്കാൻ കുട്ടികളും മാതാപിതാക്കളും ഇത്തരം പ്ലാറ്റ്ഫോമുകളെ ആണ് സമീപിക്കുക. കുട്ടികളെയും, അവർക്ക് ആവശ്യമുള്ള വിഷയത്തിനു മികച്ച അധ്യാപകരെയും പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമുകളുടെ ദൗത്യം. നിങ്ങളുടെ വേതനത്തിൽ ഒരു ചെറിയ ശതമാനം ഇവയ്ക്ക് നൽകണം. സൗജന്യമായി സേവനം ലഭ്യമാക്കുന്ന ചില പ്ലാറ്റ്ഫോമുകളുമുണ്ട്.

പ്രയോജനങ്ങൾ പലവിധം

അധ്യാപകർക്ക്– ഇഷ്ടമുള്ള സമയക്രമം തിരഞ്ഞെടുക്കാം. രാത്രിയോ പകലോ, നിങ്ങൾക്ക് ഉചിതമായ സമയം ഏതാണോ അത്. പക്ഷേ, നിങ്ങൾ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ സമയക്രമം കൂടി കണക്കിലെടുക്കേണ്ടിവരും. എവിടെ ഇരുന്നും പഠിപ്പിക്കാം, ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്‌ഷനും മതി.

വിദ്യാർഥികൾക്ക്– പഠനത്തിനായി യാത്ര ചെയ്യേണ്ട. വീട്ടിൽ ഇരുന്നു പഠിക്കാം. അതും മാതാപിതാക്കളുടെ മേൽനോട്ടത്തിൽ. അധ്യാപകനോടു ചോദ്യങ്ങൾ ചോദിക്കാം, വിശദീകരണം തേടാം, ഹോംവർക്ക് അയച്ചു കൊടുത്തു വിലയിരുത്താം. ഈ സൗകര്യങ്ങളെല്ലാം പല പ്ലാറ്റ്‌ഫോമുകളും ഒരുക്കുന്നുണ്ട്. ചൂഷണം കൂടുന്ന ഈ കാലഘട്ടത്തിൽ, സുരക്ഷിതരായി കുട്ടികളെ മാതാപിതാക്കളുടെ കൺവെട്ടത്തു ഇരുത്തി ട്യൂഷൻ നൽകാം.

ഈ പ്ലാറ്റ്ഫോമിൽ ഓരോ അധ്യാപകന്റെയും മികവു വിലയിരുത്താനുള്ള അവസരം കുട്ടിക്കുണ്ട്. അങ്ങനെ അനേകം പേർ വിലയിരുത്തി മികച്ച റേറ്റിങ് ഉള്ള അധ്യാപകനെ തിരഞ്ഞെടുക്കാനും സാധിക്കും.

മണിക്കൂറിന് 300–2000 രൂപ പ്രാവീണ്യം അടിസ്ഥാനമാക്കി ആയിരിക്കും വേതനം. വോളിയം ബേസ്ഡ് ബിസിനസ് മോഡൽ ആണ് ഓൺലൈൻ അധ്യാപനം. അതിനാൽ മിക്ക പ്ലാറ്റ്ഫോമുകളും അധ്യാപകർക്കു നല്ല തുക നൽകുന്നുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ വേതന സംവിധാനം ഓട്ടമേറ്റഡ് ആണ്. നിങ്ങളുടെ പ്രവർത്തന സമയം കണക്കാക്കി നിങ്ങളുടെ പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ പണം ഇടും. ആഴ്ചയിലോ മാസത്തിലോ പണം കിട്ടും. ഇതെങ്ങനെ വേണമെന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മിക്ക സൈറ്റുകളും നൽകുന്നുണ്ട്. മണിക്കൂറിന് 300 രൂപ മുതൽ 2000 രൂപ വരെയാണ് നിലവിലെ ചാർജ്. അഞ്ചു മണിക്കൂർ ജോലി ചെയ്താൽ മാസം 50,000 രൂപയെങ്കിലും കിട്ടും. പ്രാവീണ്യം നേടിയാൽ വരുമാനം ലക്ഷങ്ങളിലേക്ക് എത്തിക്കാം.

സ്വന്തമായി ചെയ്യാൻ വേണ്ടത്

നിങ്ങളുടേതായ മാർഗത്തിൽ ബന്ധപ്പെടുന്ന വിദ്യാർഥികൾക്കും ഓൺലൈൻ ട്യൂഷൻ നൽകാം. അതിനു ചില സംവിധാനങ്ങൾ ഉണ്ടായിരിക്കണം.

1.  സ്‌കൈപ്പ്: വിഡിയോ കോളിങ്ങിനും വിദ്യാർഥിയുമായി മുഖാമുഖം സംസാരിക്കാനും.

2.  ഓൺലൈൻ വൈറ്റ് ബോർഡ്: ഇവ ക്ലാസുകൾക്ക് പ്രഫഷനൽ മുഖം നൽകും. നിങ്ങൾ എഴുതുന്നത് ക്ലാസ് ലൈവ് ആയി വിദ്യാർഥിയുടെ സ്ക്രീനിൽ തെളിയും. ഇതു പഠനത്തിനു കൂടുതൽ സൗകര്യം നൽകുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന ബോർഡുകൾ ലഭ്യമാണ്.

3.  സ്റ്റോറേജ് സ്പെയ്സ്: പഠന മെറ്റീരിയൽ, ഡോക്യുമെന്റ് എന്നിവ സൂക്ഷിക്കാൻ ക്ലൗഡ് സ്‌പെയ്സുകളെ ആശ്രയിക്കാം. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയവ പരിമിതമെങ്കിലും സൗജന്യമാണ്.

4.  യുട്യൂബ്: യുട്യൂബ്, റഫറൻസ് വിഡിയോകൾ ചെയ്യുന്നതിന് ഉപയോഗിക്കാം.

എങ്ങനെ തുടങ്ങാം?

ഓൺലൈൻ അധ്യാപകരെ തേടുന്ന സൈറ്റുകൾ കണ്ടെത്തി റജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പ്രാവീണ്യവും ഇഷ്ടവിഷയങ്ങളും നൽകുക. താൽപര്യമുള്ള സമയക്രമവും നൽകാം. ഒരു സ്‌ക്രീനിങ് ടെസ്റ്റ് ഉണ്ടായേക്കാം. നിങ്ങൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ പ്ലഗിനുകൾ, വിഡിയോ കോളിനുള്ള സൗകര്യം, വൈറ്റ് ബോർഡ്, ചാറ്റ് ഇന്റർഫേസ് എന്നിവ ഈ പ്ലാറ്റ്ഫോമുകൾ നൽകും. പ്രധാന സൈറ്റുകൾ https://www.vedantu.com/become-a-teacher, https://www.vidyalai.com/, https://tutstu.com/

അതേസമയം https://tutorindia.net/Tutor_Jobs, https://www.urbanpro.com/online-tuition എന്നിവയിൽ ഇഷ്ടവിഷയങ്ങളിൽ നിങ്ങളുടെ പേരു ചേർക്കാം. ആവശ്യമുള്ളവർക്കു നിങ്ങളെ തിരഞ്ഞെടുക്കാനും ബന്ധപ്പെടുവാനുമുള്ള വിവരങ്ങളേ ഈ സൈറ്റുകൾ നൽകൂ.

കോഴ്സ് പാക്കേജ്

നിങ്ങൾക്കു നല്ലൊരു കോഴ്സ് ഉണ്ടാക്കാൻ സാധിക്കുമോ? കോഴ്സ് മെറ്റീരിയൽസും വിഡിയോകളും ഒക്കെ ആയി ഒരു പാക്കേജ് ആക്കാമോ? എങ്കിൽ ഒരു തുകയിട്ട് ആ കോഴ്‌സുകൾ വിൽക്കാം. കോഴ്സ് ചെയ്യേണ്ടവർ ചെയ്തു പോകും, പണം നമ്മുടെ പെട്ടിയിൽ വീഴും. https://www.coursera.org/,https://www.udemy.com

കടപ്പാട്: സ്കൂൾ ഓഫ് ഇന്‍റർനെറ്റ്, കൊച്ചി

ഫോൺ: 9645552494