പ്രതിമാസം ഒരു ലക്ഷം നേടാം, പരിചയസമ്പത്തുണ്ടെങ്കിൽ തുടങ്ങാം!

മികച്ച ഡിമാൻഡ് ഉള്ള വിവിധതരം ബാറ്ററികളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകനാണ് എൻ.പി.പ്രസാദ്. അദ്ദേഹത്തിന്റെ വിജയം അടുത്തറിയുക. 

എന്താണു ബിസിനസ്?

വിവിധതരം ബാറ്ററികളുടെ നിർമാണവും വിൽപനയുമാണു ബിസിനസ്. ഓട്ടമൊബീൽ, ട്യൂബുലാർ, സോളർ തുടങ്ങിയ ബാറ്ററികളാണു നിർമിക്കുന്നത്. ബാറ്ററിക്കാവശ്യമായ സെൽ ഇവിടെത്തന്നെ നിർമിക്കുന്നു.

ബാറ്ററി പ്ലേറ്റ് നിർമിച്ചുകൊണ്ട് തുടക്കം

ബാറ്ററി പ്ലേറ്റുകൾ നിർമിച്ചുകൊണ്ടായിരുന്നു സ്ഥാപനം തുടങ്ങുന്നത്. 2012 ൽ ബാറ്ററി നിർമാണത്തിലേക്കു കടന്നു. ആദ്യകാലത്ത് പരിചയക്കാരുടെ ആവശ്യപ്രകാരമായിരുന്നു ബാറ്ററി ഉണ്ടാക്കിത്തുടങ്ങിയത്. ഓരോ ഘട്ടത്തിലും ശാസ്ത്രീയ പരിശോധനകൾ നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയായിരുന്നു മുന്നോട്ടു പോയത്. തുടക്കത്തിൽ എട്ടു ജോലിക്കാരുണ്ടായിരുന്നത് ഇപ്പോൾ 16 ആയി ഉയർന്നു.

ട്യൂബുലാർ ബാറ്ററിയാണ് ഇപ്പോൾ കൂടുതലും നിർമിക്കുന്നത്. ഒരു മാസം ശരാശരി 500 ബാറ്ററികളാണ് ഉൽപാദനം. ഇതിൽ ട്യൂബുലാർ 350 എണ്ണം വരുന്നു.

സ്ഥാപനത്തിന് 600 ബാറ്ററി വരെ ഒരു മാസം നിർമിക്കാനുള്ള ശേഷി ഉണ്ട്. ബാറ്ററിയുടെ വില 3,140 രൂപ മുതൽ 15,950 രൂപ വരെ വരുന്നു. ബാറ്ററി കണ്ടെയ്നർ, െലഡ്, ലെഡ് ഓക്സൈഡ്, സൾഫ്യൂറിക് ആസിഡ്, പൾപ്പ് ട്യൂബുകൾ, സെപ്പറേറ്റർ എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ലെഡ്/ലെഡ് ഓക്സൈഡ് എന്നിവ മിക്സ് ചെയ്തു തേച്ചാണ് ബാറ്ററി പ്ലേറ്റ് ഉണ്ടാക്കുന്നത്. പിന്നീട്, ഇവ കഴുകി ഉണക്കി ചാർജ് ചെയ്ത് ഗ്രൂപ്പാക്കി ബാറ്ററി കണ്ടെയ്നറിൽ ഇറക്കി വയ്ക്കുന്നു. അതിനു ശേഷം ടോപ് പ്ലേറ്റ് ഉറപ്പിച്ച് ടെർമിനലുകളും മാർക്ക് ചെയ്താണ് ബാറ്ററി പൂർത്തിയാക്കുക.

വിൽപന: വിതരണക്കാർ വഴി

സ്വകാര്യ വിതരണക്കാർ വഴിയാണ് കൂടുതൽ വിൽപനയും നടക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ വിതരണക്കാർ ഉണ്ട്. അതോടൊപ്പം വണ്ടിയിൽ കൊണ്ടുപോയി ഓർഡർ എടുത്ത് സപ്ലൈ ചെയ്യുന്നുമുണ്ട്. റെഡി കാഷ് കച്ചവടം മാത്രമേ ഉള്ളൂ. എന്നാലും വളരെ അപൂർവമായി കടം നൽകേണ്ടി വരാറുണ്ട്. റെഡി കാഷിന് മൂന്നു ശതമാനം ഡിസ്കൗണ്ട് നൽകുന്നതു ഗുണം ചെയ്യുന്നു.

നേരത്തേ പ്ലേറ്റ് ബിസിനസ് രംഗത്തു സജീവമായിരുന്നതിനാൽ അതുവഴിയുള്ള പരിചയത്തിലാണ് വിതരണക്കാരെ ഏർപ്പെടുത്തിയത്. ഈ രംഗത്തു കിടമത്സരം ഉണ്ട്. എങ്കിലും വലിയൊരു വിപണി ഉള്ളതുകൊണ്ട് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.

10 ലക്ഷം രൂപയുടെ കച്ചവടം

പ്രതിമാസം ശരാശരി അഞ്ചു മുതൽ പത്തുലക്ഷം രൂപയ്ക്കു വരെ വിൽപന നടക്കുന്നു. പത്തു മുതൽ 20 ശതമാനം വരെ അറ്റാദായം ലഭിക്കുന്ന ബിസിനസ് മേഖലയാണിത്. അതനുസരിച്ചു വരുമാനം ലഭിക്കുന്നുണ്ട്. ഈ സ്ഥാപനത്തിൽ ആകെ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇലക്ട്രിക് ഫർണസ്, മിക്സർ, ഫില്ലർ, ചാർജർ, റോളിങ്, െവൽഡിങ്, പ്രസിങ് ഹോൾ പ‍ഞ്ചിങ് തുടങ്ങി എല്ലാം തന്നെ മെഷിനറിയിൽ അധിഷ്ഠിതമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിഎസ്ടി ഈ രംഗത്തു പ്രതികൂലമാകുന്നുണ്ടെന്നാണ് പ്രസാദിന്റെ അഭിപ്രായം. വൻകിടക്കാർക്കും ചെറുകിടക്കാർക്കും 28 ശതമാനം ജിഎസ്ടി ബാധകമാക്കിയത് ദോഷം ചെയ്യുന്നു (നേരത്തേ െചറുകിടക്കാർക്ക് 14.5 ശതമാനവും മറ്റുള്ളവർക്ക് 27 ശതമാനവും ആയിരുന്നു).അതുപോലെ അസംസ്കൃതവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരേണ്ടതുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത്.

മറ്റൊരു കാര്യം ടെക്നോളജി അനുദിനം മാറുന്നുവെന്നതാണ്. അതിനൊപ്പം നമ്മളും മാറേണ്ടിയിരിക്കുന്നു.

വിജയഘടകങ്ങൾ

∙ നിർമാണത്തിലുള്ള പരിചയസമ്പന്നത.

∙ ഗാരന്റി നൽകുന്നു.

∙ വിപണിയെക്കാൾ കുറഞ്ഞ വില.

∙ നേരിട്ടുതന്നെ റീപ്ലേസ്മെന്റ് നടത്തുന്നു.

∙ കൃത്യസമയത്ത് ഉൽപന്നം എത്തിച്ചു നൽകുന്നു.

∙ ബാറ്ററിയുടെ പവർ (AH) കൃത്യമായിരിക്കും.

ഇന്ന് എത്ര ബാറ്ററി ഉണ്ടാക്കിയാലും വിൽക്കാവുന്നത്ര വിപണി നമ്മുടെ നാട്ടിൽ ഉണ്ട്. േകരളത്തിലെ ആവശ്യത്തിന്റെ 30 ശതമാനം വരെയേ ഇവിടെ നിർമിക്കുന്നുള്ളൂ. ‘പൾസർ’ എന്ന ബ്രാൻഡ് നെയ്മിലാണു വിൽപന. സോളർ രംഗത്തു കൂടുതൽ ശ്രദ്ധപതിപ്പിക്കാനും ആ മേഖലയിൽ ബാറ്ററി ഉൽപാദനം ഇരട്ടിയാക്കാനും അതിനായി പുതിയ പ്ലാന്റ് തുടങ്ങാനും പ്രസാദ് ആഗ്രഹിക്കുന്നു.

പുതു സംരംഭകർക്ക്

ബാറ്ററി, ബാറ്ററി കംപോണന്റ്സ് എന്നിവ നിർമിക്കുന്ന ലഘുസംരംഭങ്ങൾ ആരംഭിക്കാം. വലിയ വിപണിസാധ്യതകൾ ഉണ്ട്. പത്തു ലക്ഷം രൂപ മുടക്കിയാലും തുടങ്ങാവുന്നതാണ്. അഞ്ചുപേർക്കു തൊഴിൽ കിട്ടും. മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം േനടിയാൽപോലും 50,000 രൂപയുടെ അറ്റാദായം ഉറപ്പാണ്.

വിലാസം: 

എൻ.പി. പ്രസാദ്

പൾസർ ബാറ്ററീസ്‌

െപരുവയൽ, കോഴിക്കോട്

മൊൈബൽ: 9447445485,‌ 0495–2492288.