ഗൾഫിലെ വരുമാനം നാട്ടിലും നേടാം, ഇതാ ഭാസ്കരന്റെ വിജയകഥ!

ഒന്നര പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ ഭാസ്കരൻ അവിടെ കിട്ടിയിരുന്ന വരുമാനം ഇവിടെയും നേടുന്നു. അറിയാം ആ വിജയകഥ. 

നീണ്ട പ്രവാസജീവിതത്തിന് അറുതിവരുത്തി നാട്ടിലേക്കു മടങ്ങുമ്പോൾ ഭാസ്കരേട്ടന്റെ മനസ്സിൽ ഒരു സ്വപ്നമുണ്ടായിരുന്നു, സ്വന്തമായൊരു ബിസിനസ്. ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ആർക്കെങ്കിലും രണ്ടു പേർക്ക് തൊഴിൽ നൽകാനും കഴിയണം. അതായിരുന്നു ലക്ഷ്യം. ആ സ്വപ്നം സാക്ഷാത്കരിച്ചു, ‘കാവേരി ഫുഡ് പ്രോഡക്ട്സ്’. കണ്ണൂർ ജില്ലയിെല തലശ്ശേരിക്കടുത്ത് പാലയാട് സിഡ്കോ വ്യവസായ പാർക്കിലെ വിജയസംരംഭങ്ങളിലൊന്നാണ് ഈ ഗൾഫ് മലയാളിയുടെ സ്ഥാപനം.

നല്ല നാടൻ പുട്ടുപൊടി കൂടാതെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ജീരകം, ഉലുവ, ആട്ട, കടുക്, റവ എന്നിവയുടെ വിതരണവും ഇതോടൊപ്പം ചെയ്യുന്നു.

എന്തുകൊണ്ട് ഈ സംരംഭം?

ഭാര്യാപിതാവ് അന്തോളി ചന്ദ്രന് ഒരു ഹോട്ടലുണ്ടായിരുന്നു. അവിടേക്ക് കൃത്യമായി അരിപ്പൊടി ലഭിക്കാതെ വന്നപ്പോൾ അതു നൽകാൻ വേണ്ടി തുടങ്ങിയതാണ്. ഗൾഫിൽ ഓട്ടമൊബീൽ മേഖലയിലായിരുന്നു ജോലി ചെയ്തത്. നാട്ടിലെത്തി സംരംഭം തുടങ്ങിയതോ തീർത്തും അപരിചിതമായൊരു മേഖലയിൽ. ആത്മവിശ്വാസവും അർപ്പണവും അവിടെയും വിജയം കൊണ്ടുവന്നു. ഗൾഫിലെ വരുമാനം നാട്ടിൽത്തന്നെ നേടാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു തുടക്കം. അതു വെറുതെയായില്ല. 

മികച്ച വിപണിക്കൊപ്പം ഒരു കാലത്തും നഷ്ടം വരാത്ത ബിസിനസ് കൂടിയാണിത്. ഇതിലെല്ലാമുപരിയായി ഏതാനും പേർക്കു തൊഴിൽ നൽകാൻ കഴിയുന്നുവെന്ന ചാരിതാർഥ്യം കൂടിയുണ്ട്. അരി വാങ്ങുമ്പോൾ ഏറ്റവും മികച്ച അരിയാണ് പുട്ടുപൊടിക്കു വാങ്ങുന്നത്. എങ്കിലേ നല്ല പുട്ടുപൊടിയും അതു വഴി ബിസിനസും ലഭിക്കൂവെന്നാണ് ഭാസ്കരേട്ടൻ പറയുന്നത്.

അരക്കിലോ പൊടിയിൽനിന്ന് എത്ര കഷ്ണം പുട്ടു കിട്ടും? കൂടുതൽ സമയം സോഫ്റ്റായിരിക്കുമോ? പശ കൂടി പറ്റിപ്പിടിക്കുമോ? നല്ല രുചിയുണ്ടോ? എളുപ്പത്തിൽ കുഴയ്ക്കാൻ കഴിയുമോ? തുടങ്ങിയ കാര്യങ്ങളൊക്കെ ഉറപ്പാക്കിയ ശേഷമാണ് അരി തിരഞ്ഞെടുക്കുന്നത്. 

തലശ്ശേരിയിലെ പ്രാദേശിക വിൽപനക്കാരിൽനിന്നുതന്നെ നല്ലയിനം അരി കിട്ടും. വാങ്ങിയാൽ അഞ്ചു ദിവസത്തിനുള്ളിൽ അരി പൊടിച്ചു വറുത്ത് പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നു. രണ്ടാഴ്ച വര കച്ചവടക്കാർ കടം തരും. അതുപോലെ വിളിച്ചു പറഞ്ഞാൽ ഉടൻ തന്നെ എത്തിച്ചുതരികയും ചെയ്യും. അതു കൊണ്ടു തന്നെ അസംസ്കൃതവസ്തുവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളൊന്നും സംരംഭത്തെ ബാധിക്കാറില്ല. 

വിതരണക്കാർ വഴി വിൽപന

വിൽപന പൂർണമായും വിതരണക്കാർ വഴിയാണ്. അതുകൊണ്ട് ആ രംഗത്തെ റിസ്ക് സ്ഥാപനത്തെ ബാധിക്കാറില്ല. വിതരണക്കാരുടെ ലാഭം കമ്മിഷനാണ്. എട്ടു ശതമാനമാണു നൽകുന്നത്. ആവശ്യമെങ്കിൽ ഒരു മാസം വരെ ക്രെഡിറ്റും കൊടുക്കാറുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു പരസ്യവും ചെയ്യാറില്ല. ‘‘മികച്ച ഗുണനിലവാരം പുലർത്തുക, അതുവഴി ലഭിക്കുന്ന മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഏറ്റവും വലിയ പരസ്യം. വിപണിയിൽ നല്ല കിടമത്സരം ഉണ്ട്. പക്ഷേ, നല്ല സാധനം കൊടുത്താൽ ആളുകൾ വാങ്ങും. അതുപോലെ സ്ഥിരം കസ്റ്റമേഴ്സും ധാരാളം ഉണ്ട്.’’ ഭാസ്കരേട്ടൻ പറയുന്നു.കിലോഗ്രാമിന് 50 രൂപയാണ് റീടെയിൽ വില. അതു കുറച്ചു ബിസിനസ് പിടിക്കാറില്ല.

ചെറിയരീതിയിൽ തുടക്കം

പതിനാലു വർഷം മുൻപു തുടങ്ങിയതാണ്. െചറിയ ഫ്ലവർ മിൽ, വിറകടുപ്പ്, ഉരുളി, കൈകൊണ്ട് പായ്ക്ക് ചെയ്യാവുന്ന മെഷീൻ, 400 ചതുരശ്രയടി കെട്ടിടം എന്നിങ്ങനെയായിരുന്നു തുടക്കം. ഭാസ്കരേട്ടൻ ഉൾപ്പെടെ രണ്ടു തൊഴിലാളികൾ മാത്രം. പ്രതിമാസം 40,000 രൂപയുടെ ശരാശരി വിറ്റുവരവായിരുന്നു ആദ്യകാലത്ത്. ആ നാളുകളിൽ വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ഇപ്പോൾ എട്ടു തൊഴിലാളികളുണ്ട്. ഫ്ലവർമില്ലുകൾ, പായ്ക്കിങ് മെഷീൻ/വിറകിൽ വറുക്കുന്ന റോസ്റ്റർ എല്ലാംകൂടി 12 ലക്ഷം രൂപയുടെ മെഷിനറികളും. ഇപ്പോൾ തൊള്ളായിരം ചതുരശ്രയടി കെട്ടിടത്തിലാണ് പ്രവർത്തനം. ശരാശരി അഞ്ചു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവുണ്ട്. 

ഒരു ലക്ഷം മാസവരുമാനം

ഗൾഫിൽ കിടന്ന് അധ്വാനിച്ചു നേടിയ പണം, ഒന്നര ലക്ഷം രൂപയോളം മുതൽമുടക്കിയായിരുന്നു തുടക്കം. യാതൊരു വായ്പയും ഇതുവരെ എടുത്തിട്ടില്ല. ഇപ്പോൾ ശരാശരി അഞ്ചുലക്ഷം രൂപയുടെ പ്രതിമാസ വിൽപനയും ഒരു ലക്ഷം രൂപയുടെ അറ്റാദായവും ലഭിക്കുന്നു.

പുതിയ പ്രതീക്ഷകൾ

ബിസിനസിൽനിന്നുള്ള ലാഭം ഉപയോഗിച്ചാണ് കൂടുതൽ മെഷിനറികൾ സ്ഥാപിച്ചതും സ്ഥാപനം വികസിപ്പിച്ചതും. ഭാര്യ മഞ്ജുളയും സഹായത്തിനുണ്ട്. മക്കളിൽ അർജുൻ കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. അഞ്ജന കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംബിഎ വിദ്യാർഥിനിയും. മകളെ എംബിഎ എടുത്തശേഷം ബിസിനസിലേക്കു കൊണ്ടുവരണമെന്നും ബിസിനസ് കുറച്ചുകൂടി വിപുലീകരിക്കണമെന്നും ഭാസ്കരേട്ടൻ ആഗ്രഹിക്കുന്നു. ഉൽപാദനം ഇരട്ടിയാക്കണം, പ്ലാന്റ് വിപുലപ്പെടുത്തണം, 20 േപർക്കെങ്കിലും തൊഴിൽ നൽകണം, പ്രഫഷനലിസം കൊണ്ടു വരണം, അങ്ങനെ വലിയ പ്രതീക്ഷകളാണ്. 

പുതുസംരംഭകരോട്

ഏറെ സാധ്യതകൾ ഉള്ള മേഖലയാണ് ധാന്യപ്പൊടികളുടേത്. വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാമെന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. രണ്ടു ലക്ഷം രൂപ മുടക്കിയാൽ പ്രതിദിനം 500 കിലോഗ്രാം ഉൽപാദിപ്പിക്കാവുന്ന രീതിയിൽ‌ തുടങ്ങാം. രണ്ടു ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കിയാൽ പോലും 40,000 രൂപ കിട്ടും. ഇതിലൂടെ രണ്ടുപേർക്ക് തൊഴിലവസരവും ഉറപ്പാക്കാം.

വിലാസം:

കാവേരി ഫുഡ് പ്രൊഡക്ട്സ് 

സിഡ്കോ വ്യവസായ എസ്റ്റേറ്റ്   

പാലയാട് പി.ഒ., തലശ്ശേരി

മൊൈബൽ– 9400664522

( തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജരാണ് ലേഖകൻ )