സാത്താൻ‌ സേവ, കറുത്ത ഇടനാഴിയിലേക്ക് യുവാക്കളെ നയിക്കുന്നതെന്ത് ?

ബ്ലാക്ക് മാസ് ചെയ്യുന്നവർ പ്രധാനമായും ആരാധിക്കുന്നത് ലൂസിഫറിനെയാണ് എന്ന് പറയപ്പെടുന്നു

നന്മയുണ്ടെങ്കിൽ തിന്മയും ഉണ്ട് എന്ന പോലെ, ദൈവമുണ്ടെങ്കിൽ സാത്താനും ഉണ്ടെന്നു ജനങ്ങൾ വിശ്വസിക്കുന്നു. ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കുറുക്കുവഴി തേടുന്നവരുടെ വഴിയാണത്രേ സാത്താൻ സേവാ. നന്തൻകോട് കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നതോടെയാണ് സാത്താൻ സേവയുമായി ബന്ധപ്പെട്ട വസ്തുതകളിലേക്ക് കണ്ണെത്തുന്നത്. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാക്കുന്നതാകട്ടെ അനാരോഗ്യകരമായ വസ്തുതകളും. 

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ, പ്രത്യേകിച്ച് കൊച്ചിയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാത്താനിക് ആരാധന ഇപ്പോഴും നടക്കുന്നുണ്ട്. ജാസിഗിഫ്റ്റിനെ ശ്രദ്ധേയനാക്കിയ റെയിൻ റെയിൻ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ന്യൂ ജെനറേഷൻ സാത്താനിക് വർഷിപ്പ് എന്തെന്ന് ആദ്യമായി മനസിലാക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച യാഥാർഥ്യങ്ങൾ തേടിയിറങ്ങുമ്പോൾ ലഭിക്കുന്നത് അതിനേക്കാൾ വലിയ വസ്തുതകൾ.

ഇത്തരത്തിൽ  ഒരു ഗ്രൂപ്പിൽ ഒരിക്കൽ ചേരുകയും പിന്നീട് വിട്ടു പോകുകയും ചെയ്ത ഒരു വ്യക്തി പറയുന്നതനുസരിച്ച്, ഒരിക്കൽ വന്നു പെട്ടാൽ പുറത്തു കടക്കാൻ കഴിയാത്ത വലിയൊരു കുരുക്കാണ് ബ്ലാക്ക് മാസ്. ദൈവം ഇല്ല എന്ന് വിശ്വസിക്കുകയും, സകല ജ്ഞാനത്തിന്റെയും ശക്തിയുടെയും ഉറവിടമായി സാത്താനെയും കാണുന്ന അവസ്ഥ. അതിൽ ആകൃഷ്ടരായി ഇന്നും യുവാക്കൾ എത്തുന്നു എന്നതാണ് മറ്റൊരു കൗതുകം. 

ലൂസിഫർ ഒരു മാലാഖയായിരുന്നു 

ബ്ലാക്ക് മാസ് ചെയ്യുന്നവർ പ്രധാനമായും ആരാധിക്കുന്നത് ലൂസിഫറിനെയാണ് എന്ന് പറയപ്പെടുന്നു. ലൂസിഫർ എന്നത് ഇന്ന് സാത്താന്റെ പര്യായമാണ് എങ്കിലും , ആദി സൃഷ്ടിയുടെ സമയത്ത് ദൈവത്താൽ ആദ്യമായി സൃഷ്ടിക്കപ്പെട്ട മാലാഖയായിരുന്നു ലൂസിഫർ. എന്നാൽ ഭൂമിയിൽ എത്താൻ ഏറെ ആഗ്രഹിച്ചിരുന്ന ലൂസിഫർ അതിനായി യുദ്ധം ചെയ്യുകയും ദൈവശാപത്തോടെ ഭൂമിയിൽ എത്തുകയും ചെയ്തു എന്നാണ് ബ്ലാക്ക് മാസ് വിശ്വാസികൾ പറയുന്നത്. 

ലൂസിഫറിന്റെ പിൻഗാമികളാണ് ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നത്. എല്ലാ മതത്തിലും ഉണ്ട് സാത്താൻ സേവ. ചാത്തനെന്നും ജിന്നെന്നും ലൂസിഫറിനും പലപേരുകളിൽ ഉണ്ടെന്നു മാത്രം. ഇവയുടെയെല്ലാം അടിസ്ഥാനം ഒന്ന് തന്നെയാണ്. അസാമാന്യമായ ശക്തിയിലും തിന്മയിലുമാണ് ഇവർ വിശ്വസിക്കുന്നത്. മഹത് പുസ്തകങ്ങളിൽ എന്താണോ പറയുന്നത് അതിനു നേരെ എതിരായുള്ള കാര്യങ്ങളാണ് ചെയ്യുക. 

സാത്താനാണ് ലോകാധിപൻ , ശാസ്ത്രം എന്നാൽ സാത്താൻ 

ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നവർ വിശ്വസിക്കുന്ന മറ്റൊരു ഘടകമാണ് സാത്താനാണ് ലോകത്തിന്റെ അധിപൻ എന്നത്. തിന്മയെ ആർജിക്കാനുള്ള പ്രധാനകാരണവും ഇത് തന്നെ. മതഗ്രന്ഥത്തിൽ കുത്തി നിർത്തിയ കോമ്പസ് , അതിനുമുന്നിൽ ഇരുന്നു പഠിക്കുന്ന ഒരു കൊച്ചു കുട്ടി , ഈ ശില്പത്തിലൂടെ , മതമല്ല ശാസ്ത്രമാണ് വലുതെന്നും ശാസ്ത്രത്തിന്റെ അധിപനാണ് സാത്താനെന്നും ഇവർ പറയുന്നു. 

സ്വബോധത്തോടെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു കടക്കുന്നതിനായാണ് ബ്ലാക്ക് മാസ് ചടങ്ങുകൾ നേതൃത്വം നൽകുക. അതിന്റെ ഭാഗമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകും എന്നാണ് വിശ്വാസം. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ഇവരുടെ ആരാധനാലയങ്ങൾ. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല നടപടികളും ഇവർ ബ്ലാക്ക് മാസിനായി സ്വീകരിച്ചു വരുന്നു 

ശരീരത്തിൽ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനത്തിൽ മൂങ്ങയെ കുരുതി നൽകുക തുടങ്ങിയ ചടങ്ങുകൾ അതിൽ പെടുന്നു. മദ്യപാനം, അമിത ലൈംഗീകത എന്നിവയും ഇതിന്റെ ഭാഗമാണ്. ഒരിക്കൽ സാത്താനിക് വർഷിപ്പിന്റെ ഭാഗമായ ഒരു വ്യക്തിക്ക് അതിൽ നിന്നും പുറത്തു കടക്കുന്നതിനു കടമ്പകൾ ഏറെയാണ്. അതിലൊന്നാണത്രേ ഭൂതോച്ഛാടനം. 

സാത്താൻ സേവ ആവശ്യമോ ?

ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ സമ്മാനിക്കുന്ന ഈ സാത്താൻ സേവ ആവശ്യമോ എന്നാണ് ഇനി ചിന്തിക്കേണ്ടത്. സംഭവം ഗുരുതരം ആണ് എന്നറിഞ്ഞിട്ടും യുവാക്കൾ ഇതിനു അടിപ്പെടുകയാണ്. പ്രധാനമായും അമേരിക്ക , ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് സാത്താൻ സേവക്ക് ഫണ്ടിംഗ് ലഭിക്കുന്നത്. അനന്തമായ സ്വാതന്ത്ര്യം , അനന്തമായ പ്രണയം അതാണ് സാത്താനിക് വർഷിപ്പ്, അതിനുള്ള പ്രയത്നമാണ് സൈത്തനിക് വർഷിപ്പിന് കീഴിൽ നടക്കുന്നത്.