'പ്രേമ'ത്തിൻ തരംഗം മുതൽ ധനുഷിനെ മാറ്റിമറിച്ചത് വരെ ഈ ഒരൊറ്റ ലുക്കാണ്!

പണ്ടുമുതൽ തന്നെ സിനിമയിൽ താരങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും ട്രെൻഡായി മാറിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് സിൽക്ക് സ്മിത കടിച്ച ആപ്പിൾ വിൽപനയ്ക്കുവച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സാരികളും ഷർട്ടുകളും ഒക്കെ സിനിമകൾ ഹിറ്റാകുന്ന മുറയ്ക്കു ട്രെൻഡായ സംഭവങ്ങളും ഉണ്ട്. താരങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷം സമയത്തും മുണ്ടാണു തരംഗം തീർത്തിട്ടുള്ളത്. ഇപ്പോൾ സ്റ്റെൽ മന്നൻ രജനീകാന്ത് തന്നെ ചാരക്കളർ മുണ്ടും കറുത്ത കുർത്തയും കൂളിങ് ഗ്ലാസുമായാണു പുതിയ ചിത്രത്തിൽ തകർക്കാൻ എത്തുന്നത്. സിനിമകളിലൂടെ മുണ്ട് ട്രെൻഡാക്കി മാറ്റിയ ചിലർ ഇതാ

മുണ്ടു കാരണം എന്തൊക്കെ പുകിലുകൾ

പ്രേമം സിനിമയെയും അതിലെ ജോർജിനെയും മേരിയെയും മലരിനെയും ഒന്നും മലയാള സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. ഒരു ചിത്രമിറങ്ങിയതിനുശേഷം ചിത്രത്തിലെ നായകൻ ജോർജ് അഥവാ നിവിൻ പോളി ഉപയോഗിക്കുന്ന മുണ്ടും ചൈനാകോളർ ഷർട്ടും ക്യാംപസുകളിൽ തരംഗം തീർത്തു. പലയിടത്തും ഈ വേഷധാരികൾ തീർത്ത ആഘോഷപരിപാടികൾ അപകടങ്ങളിലും കലാശിച്ചു. പ്രേമം റിലീസ് ചെയ്ത സമയത്തു കല്യാണ പാർട്ടികൾക്കും ബർത്ത്ഡേ ചടങ്ങുകൾക്കും തുടങ്ങി എന്ത് ആഘോഷപരിപാടികൾക്കും മുണ്ടും കറുത്ത ഷർട്ടുമിട്ടു പിള്ളേർ ഇറങ്ങുന്നതു നിത്യകാഴ്ചയായിരുന്നു. ആഘോഷങ്ങൾ ഏതുമാകട്ടെ വേഷം പ്രേമം സ്റ്റെൽ മുണ്ടും ഷർട്ടുമായി മാറി. കൂട്ടത്തോടെ ചെറുപ്പക്കാർ ഈ വേഷത്തിൽ എത്തുന്നതു സുന്ദരകാഴ്ചയുമായിരുന്നു. പ്രേമത്തിലെ നായകൻ ജോർജിന്റെ രണ്ടാമത്തെ ഇൻട്രോ സീനിലാണു മുണ്ടും കറുത്ത ഷർട്ടുമായി രംഗപ്രവേശം ചെയ്യുന്നത്. പിന്നെ കോളജ് സീനുകളിൽ മുഴുവൻ ജോർജും സംഘവും ഈ വേഷത്തിൽ അലക്കി പൊളിച്ചു. പടം തരംഗമായി മാറിയതോടെ മുണ്ടും ഷർട്ടും ആരാധകരും ഏറ്റെടുത്തു. ഇപ്പോഴും പ്രേമം സ്റ്റെൽ വേഷത്തിൽ വിവാഹത്തിനും മറ്റും എത്തുന്നവർ കുറവല്ല.

ഷാജിപാപ്പനും പിള്ളേരും

പ്രേമത്തിനു തൊട്ടു മുൻപ് ഇറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് ചിത്രത്തിലെ ജയസൂര്യയുടെ വേഷവും ചെറുപ്പക്കാർ ഏറ്റെടുത്തിരുന്നു. ചുവന്ന കൈലിയും കറുത്ത ജൂബ്ബയുമായിരുന്നു ജയസൂര്യയുടെ ചിത്രത്തിലെ വേഷം. സിനിമ ഇറങ്ങിയ സമയത്തു േവഷവും സിനിമയും കാര്യമായ ശ്രദ്ധ നേടിയില്ല. എന്നാൽ പിന്നീട് ഡിവിഡി പുറത്തു വന്നതോടെ സിനിമ തരംഗമായി മാറി. ഇതോടെ ഷാജിപാപ്പന്റെ വേഷവും ആരാധകർക്കു പ്രിയപ്പെട്ടതായി. പ്രേമം സ്റ്റെൽ നഗരങ്ങളിലാണു കൂടുതൽ ആഘോഷിക്കപ്പെട്ടതെങ്കിൽ ഷാജിപാപ്പനും പിള്ളേർക്കും  ഗ്രാമങ്ങളിലാണു കൂടുതൽ ആരാധകർ ഉണ്ടായത്. ചുവന്ന കൈലിയും കറുത്ത ജുബ്ബയും തമിഴ് സ്റ്റെലിലെ ജയസൂര്യയുടെ മീശയും അതേപടി അനുകരിച്ച് ഓണത്തിനും ക്രിസ്മസിനും ഒക്കെ ഗ്രാമങ്ങളിലെ മത്സരങ്ങളിൽ യുവാക്കൾ ആവേശത്തോടെ പങ്കെടുത്തു. 

രജനിയും 

സാധാരണ ഈ അടുത്ത കാലത്തായുള്ള ചിത്രങ്ങളിൽ രജനിയെ ആരാധകർ മുണ്ടുടുത്തു കണ്ടിട്ടില്ല. എന്നാൽ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലനിൽ കറുത്ത കുർത്തയും ചാര നിറത്തിലുള്ള കൈലിയും അണിഞ്ഞ് എത്തുന്ന സ്റ്റെൽ മന്നന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ആരാധകരും ആ ലുക്ക് ഏറ്റെടുത്തു കഴിഞ്ഞു. നരച്ച താടിയും കറുത്ത തലമുടിയും മീശയുമായാണു കാല കരികാലനിൽ രജനി എത്തുന്നത്. ഇതിനൊപ്പമാണു കൂളിങ് ഗ്ലാസുവച്ച് കറുത്ത കൂർത്തയും കൈലിയുമായി രജനി എത്തുന്നത്. വർഷങ്ങൾക്കുശേഷം മറ്റൊരു വ്യത്യസ്ത ലുക്കിൽ എത്തിയ രജനിയെ  ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം ഇറങ്ങുമ്പോൾ കാല കരികാലൻ മുണ്ടുകൾ തരംഗം തീർക്കുമോയെന്നു കാത്തിരുന്നു കാണാം. 

രാജമാണിക്യം, നരസിംഹം മുണ്ടുകൾ

യുവതാരങ്ങളെ പോലെ തന്നെ മുണ്ടുകൊണ്ടു ട്രെൻഡ് തീർത്തവരാണു മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയും മോഹൻലാലും. ലാൽ – ഷാജി കൈലാസ്–രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങിയ നരസിംഹത്തിലാണു പല വിധത്തിലുള്ള മുണ്ടുകൾ  പ്രത്യക്ഷപ്പെട്ടത്. കറുപ്പും കാവിയും ചാരനിറത്തിലുമുള്ള ഒറ്റമുണ്ടുകളാണു ലാൽ നരസിംഹത്തിൽ ഉടുത്ത് ആരാധകമനം കവർന്നത്. സിനിമ വലിയ വിജയമായതോടെ നരസിംഹം മുണ്ടുകൾ എന്ന പേരിൽ ഇത്തരം കളർഫുൾ മുണ്ടുകൾ വൻകിട വ്യപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിൽപനയ്ക്ക് എത്തിയിരുന്നു. 

മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ രാജമാണിക്യത്തിലെ കളർഫുൾ മുണ്ടുകളാണു സിനിമയ്ക്ക് ഒപ്പം ഹിറ്റായത്. സ്വർണാഭരണങ്ങളും കൂളിങ് ഗ്ലാസും കളർഫുൾ ജൂബ്ബയ്ക്കും ഒപ്പമാണു മമ്മൂട്ടി  പല നിറത്തിലുള്ള ഒറ്റ മുണ്ട് ഉടുത്ത് എത്തിയത്. സിനിമ വലിയ ഹിറ്റായതോടെ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെയുണ്ടായി. രാജമാണിക്യം മുണ്ടുകൾ എന്ന പേരിൽ ഇവ വിപണിയിൽ എത്തുകയും ചെയ്തു.

ധനുഷിന്റെ മുണ്ട് ലുക്ക് 

കാല കരികാലയ്ക്കു വേണ്ടി സ്റ്റെൽമന്നൻ രജനി മുണ്ടിൽ എത്തുന്നതിനു മുൻപ് അത്തരം ഒരു ട്രെൻഡ് തമിഴിൽ പരീക്ഷിച്ചിട്ടുണ്ട് മരുമകൻ ധനുഷ്. മാരി എന്ന ചിത്രത്തിനായാണു ധനുഷ് മുണ്ട് ഉടുത്ത് എത്തിയത്. മുണ്ടും കൈകളിലും കഴുത്തിലും സ്വർണാഭരണങ്ങളും അണിഞ്ഞു കൂളിങ് ഗ്ലാസുംവച്ച ധനുഷ് പിരിച്ചുവച്ച മീശയും ചെറിയ താടിയുംവച്ചാണു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ ധനുഷിന്റെ ലുക്ക് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.