നാണം മറയ്ക്കാൻ എട്ട് തൊപ്പികൾ ; വില 1.83 ലക്ഷം രൂപ !!

എട്ടു തൊപ്പികൾ കൊണ്ട് ഉഗ്രനൊരു ഫാഷൻ വസ്ത്രമുണ്ടാക്കി ഫ്രഞ്ച് ഡിസൈനർ.  തൊപ്പികൾ നെയ്തിരിക്കുന്നത് ഒന്നാന്തരം വൈക്കോൽ കൊണ്ട്. ഈ തൊപ്പികൾ കൂട്ടിത്തുന്നി ഒരു ബ്ലാക്ക് സ്ട്രാപ്പും പിടിപ്പിച്ചു. തൊപ്പിക്കുപ്പായമണിഞ്ഞു റാംപിൽ ചുവടുവച്ച മോഡലിനെ കണ്ട് എല്ലാവരും ശരിക്കും ഞെട്ടി. 

പല വലുപ്പത്തിലുള്ളതായിരുന്നു തൊപ്പികൾ.  മുൻഭാഗത്തിന്റെയും പിൻഭാഗത്തിന്റെയും സൈസ് അനുസരിച്ചുള്ള തൊപ്പികൾ  തിരഞ്ഞെടുത്തു വേണ്ട വിധത്തിൽ മറച്ചാൽ മതിയാകും. വൈക്കോൽ കൊണ്ടുള്ള തൊപ്പികൾ ആയതുകൊണ്ട് ഏതാണ്ട് ഗോൾഡൻ നിറത്തിലിരുന്നു വേഷം. വേണമെങ്കിൽ കളർ മുക്കി കളർഫുൾ ആക്കാം. തൊപ്പികളുടെ എണ്ണം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. ഉള്ളിലൊരു ഇന്നർ അണിഞ്ഞാൽ നടന്നു പോകുമ്പോൾ ശരീരഭാഗങ്ങളൊക്കെ നാട്ടുകാർ കാണാതിരിക്കും. അതും നിർബന്ധമില്ലെന്നു ഡിസൈനർ. 

ഈ തൊപ്പി വസ്ത്രമിട്ട് റാംപിൽ നടക്കാനല്ലേ പറ്റൂ. എങ്ങനെ ഇരിക്കും. എങ്ങനെ യാത്രചെയ്യും. വൈക്കോൽ തൊപ്പി ശരീരത്തിൽ ഉരസുമ്പോൾ ചൊറിയില്ലേ... ആളുകളുടെ സംശയം ഇങ്ങനെ പോകുന്നു. ഇപ്പറഞ്ഞതൊക്കെ ശരിതന്നെ. ഇരിക്കാൻ പറ്റില്ല. ചിലപ്പോൾ ചൊറിയും. പക്ഷേ ഇതാണു ഫാഷൻ. വ്യത്യസ്തയാവാൻ തൊപ്പി വസ്ത്രം തന്നെ വേണം. ജാക്വിമെസ് എന്ന ബ്രാൻഡ് ആണ് ഈ വേഷം മാർക്കറ്റിൽ എത്തിക്കുന്നത്. 'Le Chapeau Santon', അഥവാ Straw Hat Dress എന്നു പേരിട്ടിരിക്കുന്ന ഇതിന്റെ വില കേട്ടാൽ ഞെട്ടും. 3050 ഡോളർ അഥവാ 1,83,000 രൂപ. സംഗതി വൈക്കോൽ ആണെന്നു പറഞ്ഞിട്ടെന്തു കാര്യം. 

നേരത്തെ ഇറങ്ങിയ ‍2 ജീൻസ് ഡ്രസും ഡിറ്റാച്ചബിൾ ജീൻസും വച്ചു നോക്കുമ്പോൾ ഈ ഫാഷൻ എത്ര ഡീസന്റ് എന്നാണു ഫാഷൻ പ്രേമികൾ പറയുന്നത്. രണ്ട് ജീൻസ് നടുവെ വെട്ടി തലകുത്തി തയ്ച്ച് ഗൗൺ ആക്കി ഇടയ്ക്കുള്ള ഭാഗം ഡെനിം കൊണ്ടു കൂട്ടി അടിക്കുന്ന ഫാഷനായിരുന്നു 2 ജീൻസ് ഡ്രസ്. ബെൽറ്റ് കെട്ടുന്ന അരഭാഗം മുട്ടിനു തൊട്ടു മുകളിലും കാൽ ഭാഗം നമ്മുടെ അരഭാഗത്തും വരും ഈ തലകുത്തൽ ഫാഷനിൽ. 

ഡിറ്റാച്ചബിൾ ജീൻസ് എന്നു പറഞ്ഞാൽ ഷോട്സ് നിലനിർത്തി ബാക്കി ഭാഗം ഊരിയെടുക്കാവുന്ന ഫാഷൻ. തുടയ്ക്കു മുകളിൽ പ്രത്യകം സിപ് വച്ചാണിതു ചെയ്യുന്നത്. ഇതു രണ്ടും തരംഗമായതിനു പിന്നാലെയാണ് സ്ട്രോ ഹാറ്റ് ഡ്രസ് വന്നിരിക്കുന്നത്. എന്തു സംഭവിക്കുമെന്നു കാണാം. 

Read more.. Fashion, Trends