ദീപാവലി; ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ അരങ്ങ്

ബോളിവുഡിന്റെ സ്വന്തം ഫാഷൻ അരങ്ങാണ് ദീപാവലിയും അതുമായി ബന്ധപ്പെട്ട താരവിരുന്നുകളും...

ദീപാവലി ആഘോഷം അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് ആഘോഷങ്ങളിൽ നിറഞ്ഞു നിന്ന എത്‌നിക് ട്രെൻഡാണ്. ബോളിവുഡിന്റെ സ്വന്തം ഫാഷൻ അരങ്ങാണ് ദീപാവലിയും അതുമായി ബന്ധപ്പെട്ട താരവിരുന്നുകളും. ഇത്തവണ ബിടൗൺ താങ്ങൾ അവതരിപ്പിച്ച സ്റ്റൈലിഷ് എത്നിക് ട്രെൻഡ് പെട്ടെന്നൊന്നും കളം ഒഴിയില്ലെന്നാണ് ഫാഷൻ വിദഗ്ധരുടെ കണക്കുകൂട്ടൽ.  

ഷീർ മെറ്റാലിക്, മിറർ വർക്ക്ഡ് ബ്ലൗസ്, സീക്വൻസ്ഡ് ടോപ്, ബ്ലോക്ക് പ്രിന്റഡ് സാരി, കുർത്ത, സ്കർട്ട് തുടങ്ങിയ എത്‌നിക് വസ്ത്രങ്ങളിലെ ഫ്യൂഷൻ പരീക്ഷണമായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളിൽ ബോളിവുഡിൽ കണ്ടത്. 

ഫ്യൂഷൻ ഹിറ്റ്

എത്നിക് ഫാഷൻ സ്റ്റൈലിഷാക്കാൻ ഡിസൈനർമാർ മുന്നോട്ടുവയ്ക്കുന്ന വിദ്യയാണ് ഫ്യൂഷൻ. കുർത്ത–സ്കർട്ട് ചേർത്ത് ലെഹംഗ പരീക്ഷണം, പാന്റ് സ്റ്റൈൽ സാരി, ഗൗൺ സ്റ്റൈലിലുള്ള സ്യൂട്ട്, ക്രോപ് ടോപ്പ്– സ്കർട്ട്– ദുപ്പട്ട തുടങ്ങിയ മിക്സ് ആൻഡ് മാച്ച് പരീക്ഷണം എത്നിക് ഫ്യൂഷനെ സ്റ്റൈലാക്കും. ബ്ലോക്ക് പ്രിന്റിങ് റിച്ചാക്കാൻ സരി, സീക്വൻസ്, സ്റ്റോൺ വർക്കുകൾ ഉപയോഗിക്കാം. 

 നിറമേളം

ആഘോഷമെന്നാൽ നിറങ്ങളാണ്. കണ്ണിനും മനസ്സിനും സന്തോഷം പകരുന്ന ബ്രൈറ്റ് നിറങ്ങൾ തന്നെയാണ് ആഘോഷങ്ങളിലെ മിന്നും താരങ്ങൾ. പച്ച, മഞ്ഞ, ചുവപ്പ്, നീല, ഗോൾഡൻ, ഓഫ് വൈറ്റ് തുടങ്ങിയ നിറങ്ങൾ എന്നും ആഘോഷരാവുകൾക്ക് നിറം കൂട്ടിയിട്ടേയുള്ളൂ. 

 ഫെസ്റ്റീവ് മൂഡ് ആക്സസറീസ്

ട്രഡീഷനൽ ആഭരണങ്ങളാണ് എത്നിക് ഫാഷനിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഘടകം. വസ്ത്രത്തിനനുസരിച്ച് വലിയ കുന്ദൻ ഡിസൈനിലുള്ള കമ്മൽ, ലേയേഡ് നെക്‌ലേസ് എന്നിവ തിരഞ്ഞെടുക്കാം. വസ്ത്രത്തിൽ മാത്രമല്ല, ചെരുപ്പ്, ആക്സസറീസ് എന്നിവയുടെ കാര്യത്തിലും ഫെസ്റ്റീവ് മൂഡ് നിലനിർത്താനാകണം,  ചെരുപ്പുകൾ എപ്പോഴും സുഖകരമായിരിക്കണം ഒപ്പം വസ്ത്രത്തിനു ചേരുന്നതും. 

കിറ്റെൻ, ബ്ലോക്ക്, ചങ്കി ഹീൽസ് തുടങ്ങി വെഡ്ജസ്, ഫ്ലാറ്റ് തുടങ്ങി ഏതും തിരഞ്ഞെടുക്കാം. എത്നിക് വസ്ത്രങ്ങൾക്ക് ഏറ്റവും ചേരുക വർക്കുകളുള്ള ചെരുപ്പുകളായിരിക്കുമെന്ന് പ്രത്യേകം ഓർക്കുക. സർദോസി എംബ്രോയ്ഡറി ചെയ്ത തുണികൊണ്ടുള്ള പോട്ട്ലി ബാഗാണ് എത്നിക് വസ്ത്രത്തിന് ഇണങ്ങുന്ന മറ്റൊരു ആക്സസറി. 

 ഓഫിസിലും എത്നിക്

വലിയ പാർട്ടികൾക്കു മാത്രമല്ല ജോലി സ്ഥലത്തെ ചെറിയ ആഘോഷങ്ങൾക്കും എത്നിക് ഫാഷന്റെ കൂട്ടുപിടിക്കാം.  ഓഫിസിൽ എത്നിക് ട്രെൻഡ് തിരഞ്ഞെടുക്കുമ്പോൾ ആർഭാടങ്ങൾ അതിരുകവിയരുതെന്നു മാത്രം. 

ലൈറ്റ് ഓറഞ്ച് ഷെയ്ഡ്, ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങളാണ് ഓഫിസ് അന്തരീക്ഷത്തിന് അനുയോജ്യം. കോട്ട് കുർത്ത, ടോപ്– സ്കർട്ട്, ബ്ലോക്ക് പ്രിന്റ‍ഡ് സിൽക് സാരി തുടങ്ങിയ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. 

സാരിയാണെങ്കിൽ വ്യത്യസ്തമാകാൻ ഏറ്റവും ഏളുപ്പം ബ്ലൗസ് ഡിസൈനുകളിലാണ്. ആർഭാടം തോന്നാത്ത എന്നാൽ എലഗന്റ് ലുക്ക് തരുന്ന ഡിസൈനുകൾ തിരഞ്ഞെടുക്കുക. 

ഇനി കുർത്തയാണ് ധരിക്കുന്നതെങ്കിൽ അതിനൊപ്പം എത്നിക് ജാക്കറ്റ്, കേപ്, പലാസോ, സ്ട്രെയ്റ്റ് ബോട്ടം എന്നിവ പരീക്ഷിക്കാം. ആഭരണങ്ങൾ മിനിമൽ ലുക്ക്. ഒരു വലിയ കമ്മൽ അല്ലെങ്കിൽ വലിയ മാല അതിലൊതുക്കാം.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam