ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവരെ സൗന്ദര്യറാണിയാക്കിയത്!

സൗന്ദര്യമൽസരങ്ങളിൽ സുന്ദരിമാരെ വലയ്ക്കുന്ന ചോദ്യങ്ങൾ എത്രയെത്ര! ബുദ്ധിപരമായ മറുപടികൾ ചിലർ നൽകുമ്പോൾ ചിലർ ഉത്തരം പറഞ്ഞു കുളമാക്കും

‘അറിവില്ലായ്മ ആനന്ദമാണെങ്കിൽ എന്തിനാണ് നിങ്ങൾ അറിവു തേടുന്നത്?’– ലോകസുന്ദരി മൽസരങ്ങളിൽ രണ്ടു തവണ ചോദിക്കപ്പെട്ട ചോദ്യമാണിത്. 2000ൽ മിസ് വേൾഡ് മൽസരത്തിൽ വിജയിച്ച പ്രിയങ്ക ചോപ്രയോടാണ് ഈ ചോദ്യം ആദ്യം ചോദിച്ചത്. ഒട്ടും പകയ്ക്കാതെ പ്രിയങ്ക മറുപടി പറഞ്ഞു–‘അറിവില്ലായ്മയെ ആനന്ദമെന്നു വേണമെങ്കിൽ വിളിക്കാം. എന്നാൽ എന്താണ് അറിവില്ലായ്മയെന്ന തിരിച്ചറിവു നമുക്കു തരുന്നത് അറിവാണ്. ലോകത്തെ വിശാലമായ അർഥത്തിൽ കാണാൻ സഹായിക്കുന്നത് അറിവാണ്.’ പിന്നീട് മിസ് യൂണിവേഴ്സ് മൽസരത്തിൽ യുറഗ്വേയിൽ നിന്നുള്ള സുന്ദരി കട്ജ തോംസൺ ഗ്രീനിനോടും ഇതേ ചോദ്യമുയർന്നു. കട്ജ തോംസണിന്റെ ഉത്തരം ഇതായിരുന്നു–‘അറിവില്ലായ്മയാണ് ലോകത്തെ പ്രശ്നങ്ങളുടെ കാരണം.’ 

തോമസ് ഗ്രേയുടെ പ്രശസ്തമായ കവിതയിൽ നിന്നാണ് ഈ ചോദ്യം രൂപപ്പെടുത്തിയത്. ‘വേർ ഇഗ്‌നൊറൻസ് ഈസ് ബ്ലിസ്, ഇറ്റ് ഈസ് ഫോളി ടു ബി വൈസ്’ എന്ന കവിതാശകലത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യം. പ്രിയങ്കയുടെ ഉത്തരം മികച്ചതായി വിലയിരുത്തപ്പെടുന്നു. 

സുന്ദരിമാരെ സൗന്ദര്യമൽസരങ്ങളിൽ കുഴക്കുന്ന ചോദ്യങ്ങൾ ഒട്ടേറെയുണ്ട്. ‘ഏറ്റവും കൂടുതൽ പ്രതിഫലം അർഹിക്കുന്ന ജോലി ഏതാണ്?’ എന്ന ചോദ്യത്തിന് അമ്മ എന്ന് ഉത്തരം പറഞ്ഞാണ് ദിവസങ്ങൾക്കു മുൻപ് മാനുഷി ചില്ലർ ലോകസുന്ദരിപ്പട്ടം ചൂടിയത്. 

2001ൽ മിസ് ഫിലിപ്പീൻസ് മൽസരത്തിൽ ജീനി ആൻഡേഴ്സൺ എന്ന സുന്ദരിയോടു ചോദിച്ച ചോദ്യം രസകരമായിരുന്നു. ‘രണ്ടിലൊന്നു നിങ്ങൾക്കു തിരഞ്ഞെടുക്കാം– ഒന്നുകിൽ അത്ര സ്മാർട് ഒന്നുമല്ലാത്ത സുന്ദരി, അല്ലെങ്കിൽ സൗന്ദര്യം ഇല്ലാത്ത ബുദ്ധിമതി. നിങ്ങൾക്ക് ഇതിൽ ആരാകാനാണു താൽപര്യം?’ ബുദ്ധി കുറ​ഞ്ഞ സുന്ദരിയാവാനാണു താൽപര്യമെന്നു ജീനി ആൻഡേഴ്സൺ മറുപടി നൽകി. ആ ഉത്തരം നല്ലതല്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. 

2007ൽ യുഎസിലെ മിസ് സൗത്ത് കാരലൈന മൽസരത്തിൽ ലോറൻ കൈറ്റ്‌ലിൻ അപ്ടൺ എന്ന സുന്ദരിക്ക് ഉത്തരം പറഞ്ഞ് അക്കിടി പറ്റി. ചോദ്യം ഇതായിരുന്നു–‘സമീപകാലത്തു നടത്തിയ സർവേ പ്രകാരം യുഎസിലെ അഞ്ചിലൊരാൾക്ക് ലോക ഭൂപടത്തിൽ യുഎസ് എവിടെയെന്നു കാണിച്ചുതരാൻ പോലുമാവില്ല. ഇതിന്റെ കാരണം എന്തായിരിക്കും?’ 

എന്തൊരു ചോദ്യമാണിത് എന്നു ശങ്കിച്ച് ഒരു നിമിഷം നിന്ന സുന്ദരി മൊഴിഞ്ഞു–‘അതു പിന്നെ, യുഎസിൽ ഭൂപടം ഇല്ല!’ ഭൂപടം ഇല്ലെന്നു പറഞ്ഞതു തെറ്റിപ്പോയെന്നു മനസ്സിലാക്കിയപ്പോൾ വിദ്യാഭ്യാസരീതിയെ കുറ്റംപറഞ്ഞ് തടിതപ്പി. 2003ലെ മിസ് യൂണിവേഴ്സ് മൽസരത്തിലെ ഒരു ചോദ്യം ഇതായിരുന്നു– ‘നിങ്ങൾക്ക് വെള്ളമോ തീയോ ആകാം. നിങ്ങൾ ഏതു തിരഞ്ഞെടുക്കും? എന്തുകൊണ്ട്?’ 

ഇതു വിഡ്ഢിച്ചോദ്യമാണെന്ന രീതിയിൽ സെർബിയക്കാരി സുന്ദരി സാഞ്ജ പാപ്പിക്കിന്റെ മറുപടി– ‘ ഞാൻ മനുഷ്യനാണ്. വെള്ളവും തീയുമൊക്കെ എങ്ങനെ ആകാനാണ്? ഞാനൊരു പെൺകുട്ടിയാണ്. വികാരങ്ങളുള്ള പെൺകുട്ടി. 

വെള്ളത്തിനും തീയ്ക്കുമൊന്നും വികാരങ്ങളില്ല.’ –ഇത്രയും പറഞ്ഞ് ചോദ്യകർത്താക്കളെ നോക്കി ഒരുചിരി ചിരിച്ചു. അവരും ഉള്ളിൽ ചിരിച്ചുകാണണം. എന്തായാലും ഈ സുന്ദരിക്ക് മൽസരത്തിൽ നാലാം സ്ഥാനം ലഭിച്ചു. 

1991ൽ മിസ് കലിഫോർണിയ യുഎസ്എ മൽസരത്തിൽ പങ്കെടുത്ത ഡയാൻ ഷോക്കിനോടു ചോദിച്ച ചോദ്യം ഇതായിരുന്നു– ‘നാളെത്തെ പത്രത്തിൽ എന്തു തലക്കെട്ട് വായിക്കാനാണ് ഇഷ്ടം?’ 

ഉത്തരം ഉടൻ വന്നു–‘ഡയാൻ ഷോക്ക് മിസ് കലിഫോർണിയ യുഎസ്എ കിരീടം നേടി.’ ആ സുന്ദരിക്കു തന്നെയായിരുന്നു വിജയകിരീടം. 

Read more on Beauty Trends Malayalam