വ്യത്യസ്തം നീതു കൃഷ്ണയുടെ ഡിസൈനുകൾ, സിനിമ–സീരിയൽ താരങ്ങൾ ആരാധകർ!

സിനിമ –സീരിയല്‍ മേഖലകളിലെ ധാരാളം താരങ്ങള്‍ നവമിയുടെ ഡിസൈനുകളുടെ ഭാഗമായിക്കഴിഞ്ഞു.

മാറുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുസൃതമായി മാറിചിന്തിക്കാനുള്ള കഴിവുണ്ടെങ്കിൽ, ഒരു ബിസിനസ് എന്ന നിലയിൽ തന്റെ ഹോബിയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ചങ്കൂറ്റമുണ്ടെങ്കിൽ, ചിത്രരചന കൈവശമുള്ളവർക്ക് ഫാബ്രിക്ക് ഡിസൈനിംഗിൽ ഒരു കൈ നോക്കാം എന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി നീതു കൃഷ്ണ. 

നീതു കൃഷ്ണ

ചെറുപ്പം മുതൽ ചിത്ര രചന കൈവശമുണ്ടായിരുന്ന നീതു തീർത്തും അവിചാരിതമായാണ് വസ്ത്രങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. നേരമ്പോക്കിന് വേണ്ടി ചിത്രങ്ങൾ വസ്ത്രങ്ങളിൽ വരച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകിയിരുന്ന നീതു, അതിലൂടെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ചിന്തിക്കുന്നത് 2013 ലാണ്. ഷർട്ടുകളിലും സാരികളിലും മറ്റും നീതു വരച്ച് നൽകിയിരുന്ന കൃഷ്ണ രൂപങ്ങൾക്കും ടെമ്പിൾ ഡിസൈനുകൾക്കും മറ്റും ആവശ്യക്കാർ വർധിച്ചതോടെ നീതു തന്റെ ഹോബിയെ സംരംഭമാക്കി മാറ്റാൻ തന്നെ തീരുമാനിച്ചു. 

ഫാബ്രിക്ക് ഡിസൈനിങ് രംഗത്തെക്കുറിച്ച് കൂടുതലായി പഠിച്ച നീതു, ഏറ്റവും കുറഞ്ഞ മൂലധന നിക്ഷേപത്തിൽ നവമി എന്ന പേരിൽ ഒരു ഓൺലൈൻ ബുട്ടീക്ക് ആരംഭിച്ചു. നവമി എന്ന ഫേസ്‌ബുക്ക് പേജിലൂടെ ആയിരുന്നു പ്രദർശനവും വില്പനയും. സാധാരണയായി വസ്ത്രങ്ങളിൽ മ്യുറൽ പെയിന്റിംഗുകൾ അധികം വരച്ചു കാണാറില്ല. എന്നാൽ ആളുകൾക്ക് അത് കാണാൻ ഇഷ്ടമാണ് താനും. ഈ അവസരമാണ് നീതു ഫലപ്രദമായി വിനിയോഗിച്ചത്. 

ഷർട്ടുകളിലും സാരികളിലും ചുരിദാറിലും പാവാടകളിലും ഒക്കെ നീതു മ്യുറൽ പെയിന്റിംഗുകൾ വരച്ചു. അളവ് അനുസരിച്ച് തുണി എടുത്ത് വസ്ത്രം തയ്പ്പിച്ച ശേഷമാണ്‌ ചിത്ര രചന. തൊഴിലിലെ മികവ് കൊണ്ടും മ്യുറൽ ഡിസൈനുകൾ ട്രെൻഡ് ആയതിനാലും നീതുവിന്റെ നവമി ഡിസൈൻസ് അതിവേഗം ശ്രദ്ധിക്കപ്പെട്ടു. 

''കോട്ടണ്‍, കോട്ടണ്‍ സില്‍ക്ക് , സില്‍ക്ക് , ജൂട്ട് തുടങ്ങിയ തുണിത്തരങ്ങളിലാണ് ഞാന്‍ കൂടുതലും വരയ്ക്കുന്നത്. മ്യുറൽ, ടെമ്പിള്‍ വര്‍ക്കുകളാണ് കൂടുതലും വിറ്റു പോകുന്നത്. ഫേസ്ബുക്ക് പേജ് വഴിയും വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ വഴിയുമാണ് പ്രൊമോഷനുകള്‍ നടത്തുന്നത്. സ്ഥാപനം തുടങ്ങി അധികം വൈകാതെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചു. ഒരു വിനോദം എന്ന നിലക്ക് തുടങ്ങിയ കാര്യം ഇന്നെന്റെ പ്രധാന വരുമാനമാർഗം ആയിരിക്കുകയാണ് '' നീതു കൃഷ്ണ പറയുന്നു. 

600 രൂപ മുതല്‍ 1000 രൂപ വരെയാണ് ചിത്രം വരയ്ക്കുന്നതിനായി നീതു കൃഷ്ണ ഈടാക്കുന്നത്. ഷർട്ടുകൾ, സാരികൾ എന്നിവയ്ക്ക് വ്യത്യസ്തമായ നിരക്കാണ്. ഡിസൈനുകളുടെ വലുപ്പം അനുസരിച്ച് തുകയിലും വ്യത്യാസം വരും. ഇന്ത്യക്ക് പുറത്തു നിന്ന് പോലും നീതുവിന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാർ അധികവും.

ഇപ്പോൾ ദമ്പതികൾക്കായുള്ള വസ്ത്രങ്ങൾ, എൻഗേജ്‌മെന്റ് വസ്ത്രങ്ങൾ എന്നിവയും നവമിയിലൂടെ നീതു തയാറാക്കി നൽകുന്നു . സെലിബ്രിറ്റികളായ സാജൻ സൂര്യ, മൃദുല വിജയ്, അനിക , സംഗീത സംവിധായകൻ ശരത് തുടങ്ങി നിരവധിയാളുകൾ നവമിയുടെ ഡിസൈനുകളുടെ ഭാഗമായിക്കഴിഞ്ഞു. നീതുവിനെ സംബന്ധിച്ചിടത്തോളം ഫാഷൻ എന്നത് പാഷൻ ആണ്. ഇപ്പോള്‍ സിനിമ –സീരിയല്‍ മേഖലകളിലെ ധാരാളം താരങ്ങള്‍ നീതു കൃഷ്ണക്ക് ഉപഭോക്താക്കള്‍ ആയിട്ടുണ്ട്.