18 ലക്ഷം പേരുണ്ടെങ്കിൽ മൂന്നു വയസ്സുകാരിക്കൊപ്പം മദ്യപിക്കാമോ?

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ലോകമെങ്ങുമുള്ള മലയാളികൾക്കൊരു ചൂടൻ വിഷയമാണ്. ലോകമെമ്പാടുമുള്ള 18 ലക്ഷം മലയാളികൾ അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ജിഎൻപിസിയുടെ അഡ്മിനിസ്ട്രറ്റർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ. മദ്യപാനത്തെ പ്രേത്സാഹിപ്പിക്കുന്നുവെന്ന പരാതി സാമ്പത്തിക ക്രമക്കേട്, മതവികാരം വ്രണപ്പെടുത്തൽ, ബാലാവകാശ ലംഘനം എന്നിവയിലേക്കു വഴി മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പെന്നു അവകാശപ്പെടുന്ന ജിഎൻപിസിയെ‌ സംരക്ഷിക്കണമെന്ന വാദവുമായി സാമൂഹ്യമാധ്യമങ്ങളിൽ അംഗങ്ങൾ രംഗത്തു വരുന്നു. ചൂടൻ ചര്‍ച്ചകളിൽ ഇരുപക്ഷത്തിനു വേണ്ടിയും വാദങ്ങളുയരുന്നു. മൂന്നു വയസ്സു തോന്നിക്കുന്ന മകളോടൊപ്പം മദ്യപിക്കാനിരിക്കുന്ന അച്ഛനും മകനുമൊത്ത് മദ്യപിക്കുന്ന അമ്മയുമൊക്കെയാണ് ഗ്രൂപ്പിലുള്ളതെന്ന് പരാതിക്കാരനും ഗ്രൂപ്പിലെ മുൻ അംഗവുമായ അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നു. എന്നാൽ, ഗ്രൂപ്പിൽ അനുവദനീയമല്ലാത്ത പോസ്റ്റിട്ടതിനു പുറത്താക്കിയതിന്റെ പക വീട്ടുകയാണ് പരാതിക്കാരനെന്ന് പ്രതിഭാഗം അഭിഭാഷകൻ ചന്ദ്രശേഖരൻ നായരും പറയുന്നു. ഇരുവരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം.

അഡ്വ. ശ്രീജിത്ത് പെരുമന

പരാതി കൊടുക്കാൻ കാരണം: ശ്രീജിത്ത് പെരുമന

ഇവിടെ ന‌ടക്കുന്നത് ആഭാസകരവും അനാശാസ്യകരവുമായ പ്രവർത്തനങ്ങളായിരുന്നു. ഇതിനിയും മുന്നോട്ടു പോയാൽ സാമൂഹികമായി വലിയ പ്രത്യാഘാതങ്ങളായിരിക്കും നമുക്ക് നേരിടേണ്ടി വരിക. ജിഎൻപിസിയെന്ന സ്റ്റിക്കർ വാഹനത്തിലൊട്ടിച്ച് വലിയ അഭിമാനത്തിൽ നടക്കുന്ന മലയാളിയെയാണോ ലോകം കാണേണ്ടത് ? ഞങ്ങൾ മദ്യപിക്കുന്നവരാണെന്നു പറഞ്ഞു നെറ്റിയിലൊട്ടച്ചു നടക്കുന്ന അവസ്ഥ. മദ്യപിക്കുന്നവരെ മോശമായി കാണുന്ന, ബിവറേജിൽ വരി നിൽക്കുന്നവരെ അവഞ്ജയോടെ കാണുന്ന അവസ്ഥയ്ക്കുള്ള പ്രതിവിധിയല്ല ജിഎൻപിസി. ഞാനൊരു മദ്യപിക്കുന്ന ആളാണ്. ഇൗ ഗ്രൂപ്പിലെ അംഗമായിരുന്നു. ഗ്രൂപ്പിന്റെ നിയമലംഘന പ്രവർത്തനങ്ങളിൽ മുന്നറിയിപ്പു കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ പരാതി നൽകാൻ എനിക്ക് അവകാശമുണ്ടെന്നു വിശ്വസിക്കുന്നു. 

മതവികാരം വ്രണപ്പെടുത്തിയെന്നും ബാലാവകാശ ലംഘനങ്ങളുടെ പേരിലുമുള്ള വകുപ്പുകൾ

‘ഇന്നെനിക്ക് ആരേയും കമ്പനി കി‌ട്ടിയില്ല, എന്റെ മോളോടൊപ്പം ഞാനിന്ന് മദ്യപിക്കുന്നു’വെന്ന തലക്കെട്ടിൽ മൂന്നു വയസ്സു തോന്നിപ്പിക്കുന്ന പെൺകുട്ടിയോ‌ടൊപ്പം മദ്യപിക്കാനിരിക്കുന്ന പിതാവിന്റെ ചിത്രം. കയ്യിൽ മദ്യ ഗ്ലാസുമായി ഇരിക്കുന്ന അമ്മയും മകനും. അമ്മ അറിയാതെ മകൻ പോസ്റ്റ് ചെയ്ത ചിത്രമാണത്. വെറും ആരോപണങ്ങളല്ല, തെളിവുകൾ എന്റെ കയ്യിലുണ്ട്. വന്യമൃഗ സംരക്ഷണ നിയമങ്ങൾ പോലും കാറ്റിൽ പറത്തുന്ന ചിത്രങ്ങൾ ആ ഗ്രൂപ്പിലുണ്ട്. സംരക്ഷിത വിഭാഗത്തില്‍ ഉൾപ്പെടുന്ന പക്ഷികളേയും മൃഗങ്ങളേയും കറിവച്ച് കഴിക്കുന്നുവെന്ന പോസ്റ്റുകൾ. കിണ്ടി, രുദ്രാക്ഷം എന്നിവ പിടിച്ച് ചമ്രം പ‌ടിഞ്ഞിരുന്ന് മദ്യപിക്കുന്നു, കല്ലറയ്ക്കു മുകളിലിരിന്ന് മദ്യപിക്കുന്നു. അതൊക്കെ ഒരു തരം അനാദരവാണ്. മതത്തെയും മൃതദേഹത്തേയും ആക്ഷേപിക്കലാണ്.

ഗ്രൂപ്പിലെ അംഗമായിരുന്നു

ഇൗ ഗ്രൂപ്പിൽ നിന്നും എന്നെ പുറത്താക്കിയതാണ്. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി പോസ്റ്റിട്ടിരുന്നു. ഇതിലെ അംഗമായിരുന്നതു കൊണ്ട് നിയനടപടികൾക്ക് വിധേയനാകേണ്ടി വരികയാണെങ്കിൽ ഞാൻ അതിനു തയാറുമാണ്. രണ്ടു മാസം മുമ്പ് ജിഎൻപിസിയുടെ അഡ്മിൻ എന്നെ‌ നേരിട്ടു ബന്ധപ്പെട്ടിരുന്നു. നാലു ജില്ലാ കലക്ടർമാർ, രണ്ടു എസ്പിമാർ, കമ്മീഷണർമാർ ഇവരെല്ലാം ഗ്രൂപ്പിലെ അംഗങ്ങളാണെന്നും ഗ്രൂപ്പുമായി മുന്നോട്ടു പോകാൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് എക്സൈസ് അനുമതി തന്നെന്നും അദ്ദേഹം പറഞ്ഞു. നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥര്‍ അജിത് കുമാറിന് അനുമതി നൽകിയിട്ടുണ്ടെങ്കിലോ ഗ്രൂപ്പിൽ അംഗങ്ങളാണെങ്കിലോ അവർക്കെതിരെയും നടപടിയുണ്ടാകണം. അവര്‍ ആരാണെ‌ന്നറിയാൻ പൊതുജനങ്ങൾക്കും അവകാശങ്ങളുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടതു കൊണ്ടാണല്ലോ, ഋഷിരാജ് സിംഗിന്റെ ഓഫീസ് എന്നെ ബന്ധപ്പെടുകയും നടപടിയെടുക്കാൻ പോവുകയാണെന്നറിയിക്കുകയും ചെയ്തത്. 

ഇത് അംഗങ്ങളാകുന്നവർക്കുള്ള രഹസ്യ ഗ്രൂപ്പാണെന്ന വാദം

ഇതൊരു രഹസ്യ ഗ്രൂപ്പായിരുന്നില്ല. ഹൈദരബാദിലെ ഫെയ്സ്ബുക്ക് ഓഫീസുമായി ഔദ്യോഗികയായി ബന്ധപ്പെട്ടാൽ എപ്പോൾ മുതലാണ് ഇതൊരു രഹസ്യഗ്രൂപ്പായതെന്ന് സർക്കാരിന് അറിയാനാവും. ലോകത്ത് ഒരു രഹസ്യ ഗ്രൂപ്പിനും പതിനെട്ടു ലക്ഷം അംഗങ്ങളില്ല. ഒരു രഹസ്യ ഗ്രൂപ്പിലേക്ക് ഒരിക്കലും ഇത്തരത്തിലൊരു ഒഴുക്കുണ്ടാവില്ല. ഫെയ്സ്ബുക്കിൽ നിന്നും സാങ്കേതികമായി വിവരങ്ങൾ ശേഖരിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. ഗ്രൂപ്പിന്റെ പ്രവർത്തനത്തെ കുറിച്ചു പരാതി ഉന്നയിച്ചപ്പോൾ എന്ന‌െ അഡ്മിനാക്കാമെന്നു അജിത് കുമാർ പറഞ്ഞു. എനിക്കതിൽ താൽപര്യമില്ലെന്നും ഇൗ ഗ്രൂപ്പിലെ അംഗമായി തുടർന്നോളാമെന്നും സാമൂഹ്യ വിരുദ്ധമായ രീതിയിലുള്ള സ്വഭാവം നിയന്ത്രിച്ചാൽ മതിയെന്നും ഞാൻ അയാളോടു പറഞ്ഞിരുന്നു.

എന്റെ പോസ്റ്റ് സ്വീകരിക്കാത്തതിലുള്ള വിദ്വേഷം മൂലമുള്ള പ്രതികാര നടപടിയാണെന്നു പറയുന്നവർ ഞാനിട്ട പോസ്റ്റ് തെളിവായി കാണിക്കട്ടെ.

മദ്യ വിരുദ്ധനല്ല

ഞാനൊരു മദ്യവിരുദ്ധനല്ല, വയനാ‌ട്ടിൽ സർക്കാർ മദ്യം നിരോധിച്ചപ്പോൾ ഈ നടപടി വ്യാജ മദ്യത്തിന്റെ ഒഴുക്കിനു കാരണമാവുന്നെന്നും മദ്യ ലഭ്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു എക്സൈസ് കമ്മീഷണർക്കു ഞാൻ കത്തെഴുതിയിട്ടുണ്ട്. അതേസമയം നാഗർകോവിലിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കടുവ സംരക്ഷണ സങ്കേതത്തിൽ യാതൊരുവിധ അനുമതികളുമില്ലാതെ മദ്യം നിർമിക്കുന്നതിനെതിരെ കേസിനു പോയിട്ടുമുണ്ട്. മന്ത്രിയുെട സഹോദരന്റെ പേരിലുള്ള ആ അനധികൃത മദ്യനിർമാണ ശാലയ്ക്കെതിരെ കേസു കൊടുത്തപ്പോള്‍ ധാരാളം ആരോപണങ്ങളും ഭീഷിണികളുമുണ്ടായിട്ടുണ്ട്. മദ്യപിക്കുന്നവരോടോ മദ്യത്തോടോ യാതൊരുവിധ വിദ്വേഷവുമില്ല, ​സ്വകാര്യ നിമിഷങ്ങളിൽ ഞാൻ മദ്യപിക്കാറുമുണ്ട്.  

സാമൂഹികമായ വിപത്തുകൾ

ജിഎൻപിസിയുടെ ലോഗോ വച്ചു ടി–ഷർട്ട് പ്രിന്റ് ചെയ്ത ആൾക്കെതിരെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു കേസു നൽകിയിട്ടുണ്ട് അഡ്മിൻ അജിത്ത് കുമാർ. സ്വകാര്യ ഹോട്ടലിൽ മദ്യ സത്കാരം നടത്തിയ‌തോടെ രഹസ്യ ഗ്രൂപ്പിൽ നിന്നും സമൂഹത്തിലേക്ക് ഇവർ ആഴ്നിറങ്ങുകയാണെന്നു വ്യക്തമാണ്. ഭക്ഷണത്തിനും യാത്രയ്ക്കും ഫോട്ടോഗ്രാഫിയ്ക്കും വേണ്ടി ഗ്രൂപ്പുകളുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളും ആരോഗ്യകരമായി ചർച്ചകളും അത്തരം ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. പക്ഷേ, രാവിലെ തന്നെ മദ്യപിക്കാൻ പ്രേരണ നല്‍കുകയാണ് ജിഎൻപിസി ചെയ്യുന്നത്.

അംഗ സംഖ്യ 18 ലക്ഷം

മദ്യത്തിന്റെ പേരിൽ സംഘടിക്കുന്ന ഒരു സമൂഹം, ജിഞ്ജാസയോടു കൂടി അതിനെ നോക്കി കാണുന്ന കുട്ടികൾ, കുടുംബങ്ങൾ ഇൗ അവസ്ഥ സൃഷ്ടിക്കുകയാണ് ഇൗ ഗ്രൂപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് കള്ള്, നാളെ ചിലപ്പോൾ കഞ്ചാവും പിന്നെ പെൺവാണിഭവും ഇവർ വേണമെന്നു പറയാം. 18 ലക്ഷം അംഗങ്ങളുണ്ടെന്നതു കൊണ്ട് എന്തും ചെയ്യാമെന്നല്ല അർഥം. ഇൗ ഗ്രൂപ്പിനെ ശക്തമായി നിയന്ത്രിച്ചേ പറ്റൂ. ഭക്ഷണത്തിനോ യാത്രയ്ക്കോ വേണ്ടി ഇൗ ഗ്രൂപ്പ് നിലനിർത്തുന്നതിന് ഞാനെതിരല്ല. അംഗമാവാനും ഞാൻ തയാറാണ്. 

അഡ്വ. എസ്. ചന്ദ്രശേഖരൻ നായർ

ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസ് : അഡ്വ. എസ്. ചന്ദ്രശേഖരൻ നായർ 

വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ എന്തോ കുഴപ്പം നട‌ന്നുവെന്ന തോന്നലിലാണു പൊലീസ്. തെ‌ളിവുകളോ വസ്തുതകളോ അടിസ്ഥാനമാക്കിയെടുത്തിട്ടുള്ള എഫ്െഎആർ അല്ല ഇവിടെയുള്ളത്. മതവികാരം വ്രണപ്പെടുന്നുവെന്നൊക്കെ പറയുമ്പോൾ രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതാവണം, അതിവിടെയുണ്ടായിട്ടില്ല. ഇന്റർനെറ്റു വഴി മദ്യം വിൽക്കാൻ പറ്റില്ലെന്നു സാമാന്യ ബോധ്യമുള്ളവർക്കറിയാം. സംഭരിച്ചു വച്ച മദ്യം ഒരിടത്തു നിന്നും കണ്ടെടുത്തിട്ടുമില്ല. വെറും ആരോപണങ്ങൾ മാത്രമേ ഇവിടെയുള്ളൂ.

ടിക്കറ്റടിച്ചു മദ്യ സത്കാരം നടത്തിയത്?

ഞാനും എന്റെ സുഹൃത്തുക്കളും കൂടി ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് തുടങ്ങി. ഇൗ ഗ്രൂപ്പിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറച്ചു നൽകാൻ ആവശ്യപ്പെടും. വരുന്ന അംഗങ്ങൾക്ക് കൂപ്പൺ നൽകുന്നു. ഇതിലൊക്കെ എന്താണ് തെറ്റ്. ബുഫെറ്റ് പാർട്ടിയാണ് ന‌ടത്തിയത്. അവിടെ വരുന്നവർ മദ്യപിക്കണമെന്നു തീരുമാനിച്ചാൽ ആർക്കാണു തടയാൻ സാധിക്കുക. സംസാരിക്കാനും ജീവിക്കാനുമുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുകയാണിവിടെ ചെയ്യുന്നത്.  

പരാതിക്കാരൻ മുന്നറിയിപ്പ് നൽകിയിരുന്നു

ഇൗ പറയുന്ന ശ്രീജിത്ത് പെരുമനയെന്ന പരാതിക്കാരന്റെ ഫെയ്സ്ബുക്ക് പേജ് ഒന്നു തുറന്നു നോക്കൂ, പരാതിയുെട ഘടകവിരുദ്ധമായ കാര്യങ്ങളാണവിടെയുള്ളത്. മതങ്ങളെയും മത മേലാധ്യക്ഷൻമാരേയും അവഹേളിക്കുന്ന ചിത്രങ്ങള്‍ അവിടെ കാണാം. ഭക്തരെ അപമാനിക്കുന്നതു കാണാം, അത്ര ഹീനവും മ്ലേച്ഛവുമായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയാണ് ഒരു രഹസ്യ ഗ്രൂപ്പിനെതിരെ പരാതി കൊടുക്കുന്നത്. അയാൾ ഗ്രൂപ്പിൽ പോസ്റ്റിടാൻ നോക്കിയപ്പോൾ അനുവദിച്ചില്ല, പിന്നീട് പുറത്താക്കുകയും ചെയ്തു. അതിന്റെ പ്രതികാര നടപടിയാണിത്. ഇപ്പോൾ 18 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പിനെതിരെ ആരോപണങ്ങളുന്നയിച്ചു കൊണ്ടിരിക്കുന്നു. പൊലീസ് ഇപ്പോൾ അജിത് കുമാറിനെതിരെ എടുത്തിരിക്കുന്ന കേസുകൾ ആദ്യമെടുക്കേണ്ടത് പരാതിക്കാരനെതിരെയാണ്. ആദ്യം നന്നാക്കൻ വരുന്നയാൾ സ്വയം നന്നാവട്ടെ. 

വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന വാദം

ഞാൻ മീൻ കഴിക്കുന്നില്ല, അതുകൊണ്ട് എന്റെ വീട്ടിലെ ആരും മീൻ കഴിക്കണ്ട എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. മദ്യം സമ്പൂർണമായി സർക്കാർ നിരോധിക്കട്ടെ, എങ്കില്‍ ഇൗ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നു പറയാം. അജിത് കുമാർ ഒളിവിലല്ല. അദ്ദേഹം മൂന്നു മാസത്തെ വിദേശ പര്യടനത്തിനായി പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ അവരുടെ വീട്ടിൽ തന്നെയുണ്ട്. മൂൻകൂർ ജാമ്യത്തിനു വേണ്ടി അപേക്ഷിച്ചിട്ടുമുണ്ട്.