Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാലും ഞങ്ങളെ ചതിച്ചല്ലോ ക്രൊയേഷ്യേ, തകർന്ന് ആരാധകർ!

croatia-france

ലോകകപ്പ് കലാശപ്പോരാട്ടം തൊട്ടടുത്ത്. ഫൈനൽ കളിക്കുന്ന ടീമുകളിൽ ഒന്നായ ഫ്രാൻസിന്റെ ജഴ്സിയും പതാകയും കളിക്കമ്പക്കാർ ഒരുക്കിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി കപ്പിനടുത്തെത്തിയ ക്രൊയേഷ്യയുടെ ചുവപ്പും വെളുപ്പും കളങ്ങളുള്ള ജഴ്സി എങ്ങുമില്ല. ആർജന്റീനയെയും ബ്രസീലിനെയും വിട്ട് ക്രൊയേഷ്യയിലേക്ക് കൂറുമാറിയ ആരാധകർക്ക് ഫൈനൽ ആഘോഷിക്കാൻ എങ്ങനെ നിറക്കൂട്ട് ഒരുക്കുമെന്ന ആശങ്കയിലാണ്  സ്പോർട്സ് വിപണി... 

മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനു വിസിൽ മുഴങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ കേരളത്തിലെ സ്പോർട്സ് വിപണി അൽപം അങ്കലാപ്പിലാണ്. ഫ്രാൻസിന്റെ നീല ജഴ്സിയും പതാകയും മിക്കവരും ആവശ്യത്തിനു കരുതിയിട്ടുണ്ടെങ്കിലും ക്രൊയേഷ്യയുടെ ചുവപ്പും വെളുപ്പും കളങ്ങളുള്ള ജഴ്സി എവിടെയും ശേഖരിച്ചു വച്ചിട്ടില്ല. ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ പലരും കൂറുമാറി ക്രൊയേഷ്യയ്ക്കു വേണ്ടി ഗാലറി പിടിക്കാൻ തയാറെടുക്കുമ്പോൾ അവർക്ക് ആഘോഷിക്കാൻ വേണ്ട നിറക്കൂട്ടുകൾ എങ്ങനെയൊരുക്കുമെന്ന ആശങ്കയിലാണു സ്പോർട്സ് വിപണി. നെയ്മറും മെസ്സിയും റൊണാൾഡോയും കളം പിടിച്ച ജഴ്സി വിപണിയിൽ അടുത്ത തവണ കിലിയൻ എംബപ്പേ എന്ന യുവാവു നിറഞ്ഞു നിൽക്കുമെന്നും ആരാധകർ പറയുന്നു. 

jersy

ബ്രസീലിന്റെയും അർജന്റീനയുടെയും ജഴ്സികളായിരുന്നു വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. സ്പോർട്സ് കടകളിലും സൂപ്പർ മാർക്കറ്റുകളിലും ചൂടപ്പം പോലെ ഈ ടീമുകളുടെ ജഴ്സികളും പതാകകളും തൊപ്പികളും മറ്റും വിറ്റുപോയി. 200% മുതൽ 500% വരെയാണ് മേളക്കാലത്ത് ഇത്തരം ഉൽപന്നങ്ങൾക്കു വിൽപനയിലെ വളർച്ചാ നിരക്ക്. കൊച്ചിയിൽ ഏറ്റവും കൂടുതൽ ജഴ്സികൾ വിറ്റു പോയത് അർജന്റീനയുടെ മെസ്സിയുടെ പേരെഴുതിയതാണ്. വിറ്റഴിഞ്ഞ ജഴ്സികളിൽ അൻപതു ശതമാനവും മെസ്സിയുടെ പേരിലുള്ളതായിരുന്നു. 30% നെയ്മറുടെയും 20% റൊണാൾഡോയുടെയും. ടീമുകളുടെ കൂട്ടത്തിൽ ബ്രസീലിന്റെയും അർജന്റീനയുടെയും ജഴ്സികൾ കൂടുതൽ ചെലവായിട്ടുണ്ടെന്നു പ്ലേവെൽ സ്പോർട്സ് ഉടമയും സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ ചെയർമാനുമായ  പി.എ. ചെന്താമരാക്ഷൻ പറഞ്ഞു. 

‘എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണു ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലേക്കു പടയോട്ടം നടത്തിയത്. ക്രൊയേഷ്യൻ ജഴ്സി ആരും കരുതിവച്ചിട്ടുമില്ല. ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, അർജന്റീന, ബ്രസീൽ ടീമുകളുടെ ജഴ്സികളായിരുന്നു ഏറ്റവും കൂടുതൽ കരുതിയിരുന്നത്. ഇതിൽ ഫ്രാൻസ് മാത്രമാണു  ശേഷിക്കുന്നത്. ഫ്രാൻസിന്റെ ജഴ്സി എല്ലാവരും ആവശ്യത്തിന് കരുതിയിട്ടുണ്ട്. അർജന്റീന, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യയാണ് എല്ലാവർക്കും പണി കൊടുത്തത്. രണ്ടു ദിവസത്തിനുള്ളി‍ൽ ഡിസൈനർ ജഴ്സി തയ്പിച്ച് എത്തിക്കാം എന്നു വച്ചാലും ഇനി നടപ്പില്ല....’ ജഴ്സിയന്വേഷിച്ച് എത്തുന്ന ക്രൊയേഷ്യൻ ആരാധകർ നിരാശയോടെ മടങ്ങുകയാണെന്നു കടയുടമകൾ പറയുന്നു. 

Croatia fans celebrate

കേരളത്തിൽ മൂവായിരത്തോളം സ്പോർട്സ് കടകളാണ് ഉള്ളത്. ഇതിൽ അറുന്നൂറോളം കടകൾ വൻതോതിൽ സ്പോർട്സ് ഉൽപന്നങ്ങൾ സംഭരിച്ചു വിൽപന നടത്തുന്നവ. പലരും ശരാശരി പത്തു ലക്ഷത്തോളം രൂപ ഫുട്ബോൾ സീസണിലേക്കു മുടക്കിയിട്ടുണ്ട്. ജഴ്സികൾ വാങ്ങാൻ വേണ്ടി മാത്രമായിരുന്നു ഈ തുക. തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നാണു ജഴ്സികൾ എത്തിക്കുന്നത്. കേരളത്തിൽ പാലക്കാട്, കൊച്ചി, പെരുമ്പാവൂർ, കോതമംഗലം, മാവേലിക്കര, അങ്കമാലി എന്നിവിടങ്ങളിലായി അറുപതോളം യൂണിറ്റുകളിലും ജഴ്സികൾ നിർമിക്കുന്നുണ്ട്. ഏറ്റവും ആധുനിക രീതിയിലുള്ള ജഴ്സികൾ തന്നെ ചെറുപ്പക്കാർ ചോദിച്ചു വാങ്ങുമെന്നു കടയുടമകൾ പറഞ്ഞു. ഇന്റർനെറ്റിലൂടെ എല്ലാം അറിയുന്ന യുവാക്കളെ പഴയ രീതിയിലുള്ള ജഴ്സികൾ കൊടുത്തു കബളിപ്പിക്കാൻ സാധിക്കില്ലെന്നു ചെന്താമരാക്ഷൻ വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പിന് ‘ബ്രസൂക്ക’ എന്നു പേരിട്ട പന്തു തന്നെയായിരുന്നു പ്രധാന താരം. ഇത്തവണ പക്ഷേ, പന്തിന് അത്രത്തോളം പ്രിയം വന്നില്ല. ബ്രസൂക്കയ്ക്ക് ഏഴായിരം രൂപയായിരുന്നു വിലയെങ്കിൽ ഇത്തവണത്തെ ‘ടെൽസ്റ്റാറി’ന് 9999 രൂപയായി വർധിച്ചു. പന്തിനേക്കാൾ കൂടുതൽ ആരാധകർ പണം മുടക്കിയത് ജഴ്സിയും കൊടികളും വാങ്ങാനാണ്. ഫുട്ബോൾ മേള തുടങ്ങിയപ്പോൾ മുതൽ പ്രിയ ടീമുകളായ അർജന്റീനയും ബ്രസീലും അവസാനം വരെ കളിക്കണേ എന്ന ഒറ്റ പ്രാർഥനയേ ‘ഫുട്ബോൾ വിപണി’ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, മെസ്സിയും നെയ്മറുമൊന്നും ആ പ്രാർഥന കേട്ടില്ല. ആരാധകരുടെയും വിപണിയുടെയും മനസ്സു തകർത്തുകൊണ്ടാണ് ഇരു ടീമുകളും നേരത്തേ തന്നെ പുറത്തായത്. 

croatia-fans

ജഴ്സികൾക്കൊപ്പം രാജ്യങ്ങളുടെ കൊടിയും വിൽപനയിൽ മുന്നോട്ടു കുതിച്ചു വന്നതാണ്. 60 രൂപ മുതൽ 1000 രൂപ വരെയുള്ള കൊടികൾ ലഭ്യമായിരുന്നു. പ്ലെയിൻ പോളിസ്‌റ്ററിൽ നിർമിക്കുന്ന ആറു മീറ്ററോളം നീളമുള്ള കൊടികൾ ക്ലബുകൾ, മറ്റു സ്‌ഥാപനങ്ങൾ മുതലായവയാണ് അധികവും വാങ്ങിയത്. അവിടെയും പ്രശ്നം വേറൊന്നാണ്. ഫൈനൽ കാണാനിരിക്കാൻ ഇനി ക്രൊയേഷ്യയുടെ കൊടി തപ്പിയിറങ്ങണം എല്ലാവർക്കും. രണ്ടു ഭാഗത്തും ആരാധകരുണ്ടെങ്കിലല്ലേ, കളിക്കാഴ്ചയ്ക്ക് ഒരു ഗുമ്മുണ്ടാവുകയുള്ളൂ എന്നാണ് ഒരു ആരാധകന്റെ വിലയിരുത്തൽ. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam