സിനിമയെ വെല്ലും സീരിയൽ, വിവാദത്തോടെ തുടക്കം

അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ്‌ ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെയാണു വരവ്. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്.

സ്മാർ‌ട് സീരീസ് 

ചാനലുകൾ നേരിട്ടോ പ്രൊഡക്ഷൻ കമ്പനികളോ നിർമിച്ചുവന്ന സീരിയലുകളാണ് ഇതുവരെ കണ്ടത്. ഹോട്ട്സ്റ്റാർ പോലുള്ള ആപ്ലിക്കേഷനുകളും സ്മാർട്ട് സെറ്റ് ടോപ് ബോക്സുകളും വന്നതോടെ ഓരോ എപ്പിസോഡും സൗകര്യപൂർവം ഡൗൺലോഡ് ചെയ്ത് കാണാം എന്നായി. ഇതിൽ നിന്നെല്ലാം വിഭിന്നമായി പൂർണമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന ഇ-പരമ്പരകളാണ് വെബ് സീരീസ്. പത്തോളം എപ്പിസോഡുകൾ അടങ്ങിയ സീസൺ ഒരുമിച്ചു ലഭ്യമാക്കും എന്നതാണു പ്രത്യേകത. 

സ്വീകാര്യത നേടി ‘സേക്രഡ് ഗെയിംസ് ’

വിദേശ സീരീസുകൾ ഇന്ത്യയിൽ വലിയ സ്വീകാര്യതയാണു നേടുന്നത്. എന്നാലിപ്പോൾ ഇന്ത്യക്കു സ്വന്തമായിത്തന്നെ ഒരു വെബ് സീരീസ് തുടങ്ങിയിരിക്കുന്നു – നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയൽ. 

സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവർ ഒന്നിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേർന്നാണ്. മുംബൈ അധോലോകവും ഭീകരവാദവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്യുന്ന ഗ്യാങ്സ്റ്റർ കഥയാണു ‘സേക്രഡ് ഗെയിംസ്’. ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക തികവോടെ എത്തിയ ആദ്യ സീസൺ വൻഹിറ്റാണ്. അടുത്ത സീസൺ അണിയറയിൽ ഒരുങ്ങുന്നു.

വിവാദത്തോടെ തുടക്കം

ഇന്ത്യയിലെ ആദ്യത്തെ വെബ് സീരീസ് എന്ന വിശേഷണത്തോടൊപ്പം ‘സേക്രഡ് ഗെയിംസി’നെ ചുറ്റിപ്പറ്റി വിവാദവും കത്തിക്കയറുകയാണ്. പരമ്പരയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവഹേളിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സെൻസറിങ് ആവശ്യമില്ല എന്ന സൗകര്യം സംവിധായകർ ദുരുപയോഗം ചെയ്യുന്നതായാണു മറ്റൊരു ആരോപണം.

നെറ്റ്ഫ്ലിക്സിന്റെ കുതിപ്പ് 

യുഎസിലെ അരിസോനയിൽ ചെറിയ ഡിവിഡി ഷോപ്പിൽ നിന്ന് ഇന്റർനെറ്റിന്റെ നെറുകയിലെത്തിയ കഥയാണ് നെറ്റ്ഫ്ലിക്സിന്റേത്. 1997ൽ റീഡ് ഹോസ്റ്റിങ്സും മാർക് റാൻഡോൾഫും ചേർന്നാണു കമ്പനി സ്ഥാപിച്ചത്. പിന്നീട് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതു പോലെ ചില സിനിമകൾ ഇന്റർനെറ്റിലൂടെ കാണിച്ചു. അതിനു ശേഷം സ്വന്തമായി സീരീസുകൾ നിർമിച്ചു തുടങ്ങി. ഇതോടെ കമ്പനി കുതിച്ചുകയറി. കഴിഞ്ഞവർഷം മാത്രം 80 സിനിമകളാണ് നെറ്റ്ഫ്ലിക്സ് നിർമിച്ചത്.

ലോകമെങ്ങും നിന്നുള്ള സിനിമകൾക്കും സീരീസിനും പുറമെ ഡോക്യുമെന്ററികൾ, സ്റ്റാൻഡ് ആപ് കോമഡി തുടങ്ങി മറ്റു വിഭവങ്ങളും ലഭ്യമാണ്. ലോകമാകെ പത്തു കോടിയിലധികം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾ ഉണ്ട്. ഇന്ത്യയിലിത് പത്തുലക്ഷത്തോളം വരും. ആമസോൺ പ്രൈം പോലുള്ള മറ്റു സ്ട്രീമിങ് ചാനലുകളും മത്സരത്തിനുണ്ട്.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam