ദിലീപിനെ ‘കൂട്ടുപിടിച്ച്’ ജി എൻ പി സി: പരാതിക്കാരൻ എഫ് ബിക്ക് പുറത്ത്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി‌‌‌ എന്‍ പി സി) ഫേസ്ബുക്ക് ഗ്രൂപ്പിനും അഡ്മിൻ അജിത് കുമാറിനുമെതിരെ പരാതി നൽകിയ അഡ്വ. ശ്രീജിത്ത് പെരുമനയ്ക്കു നേരെ സൈബർ ആക്രമണം. ഇതേത്തുടർന്ന് ശ്രീജിത്തിന്റെ പേജ് ഫേസ്ബുക്ക് താൽക്കാലികമായി നിരോധിച്ചു. ശ്രീജിത്തിന്റെയും പ്രതിഭാഗം അഭിഭാഷകനായ സി. ചന്ദ്രശേഖരൻ നായരുടേയും പ്രതികരണങ്ങൾ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ജി എൻ പി സി അംഗങ്ങളെ പ്രകോപിതരാക്കിയെന്നും അവർ ശക്തമായ സൈബർ ആക്രമണം നടത്തുകയായിരുന്നെന്നും ശ്രീജിത്ത്. 

ദിലീപ് കേസുമായി ബന്ധപ്പെട്ട  ശ്രീജിത്തിന്റെ പോസ്റ്റുകളിൽ പരക്കെ പരാതി വന്നതിനാലാണ് ഫേസ്ബുക്ക് നടപടി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായ നിലപാടാണ് ശ്രീജിത്ത് എടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടു പോസ്റ്റുകൾക്ക് എതിരേയാണ് സംഘടിത റിപ്പോർട്ടിങ്ങുണ്ടായത്. കോടതി വിധിക്കുന്നതു വരെ ദിലീപ് നിരപരാധിയാണെന്നും ഇതൊരു കെട്ടിച്ചമച്ച, സമാനതകളില്ലാത്ത കേസാണെന്നും അഭിപ്രായപ്പെടുന്നതാണു ശ്രീജിത്തിന്റെ പോസ്റ്റുകള്‍.

ദിലീപ് കേസുമായി ബന്ധപ്പെട്ട പോസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ജി എൻ പി സി അംഗങ്ങളാണെന്ന് ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിന്റെ‌ ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിക്കാൻ മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ട്, അതിൽ പരാജയപ്പെട്ടപ്പോൾ കണ്ടെത്തിയതാണ് ദിലീപ് വിഷയം.  ശ്രീജിത്തിന്റെ പേജ് പൂട്ടിക്കാൻ മാസ് റിപ്പോർട്ടിങ്ങ് നടത്താൻ ആവശ്യപ്പെട്ടു ജി എൻ പി സിയിൽ പോസ്റ്റ് വന്നിരുന്നു. പിന്നീട് ഫേസ്ബുക്ക് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ദിലീപ് കേസുമായി ബന്ധപ്പെട്ട നിങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്  ‘മാസ് റിപ്പോർട്ടി’ങ്ങിനു വിധേയമായതിനാൽ താൽകാലികമായി പ്രവർത്തനങ്ങൾ മരവിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് അറിയിപ്പാണ് ശ്രീജിത്തിന് ലഭിച്ചത്.

‘‘ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാൻ ജി എൻ പി സിയിൽ പോസ്റ്റിട്ടുണ്ടെന്ന് സുഹൃത്തുക്കളാണു വിളിച്ചു പറഞ്ഞത്. അസഭ്യമായ രീതിയിലുള്ള പോസ്റ്റുകളാണ് എനിക്കെതിരേ ജി എൻ പി സി യിൽ പ്രചരിക്കുന്നത്. അവർ അത് ആഘോഷിക്കുകയാണ്. എന്റെ വീട്ടിലേക്കു അരി വാങ്ങിക്കാനോ, വ്യക്തിപരമായ വിദ്വേഷങ്ങൾ തീർക്കാനോ വേണ്ടിയല്ല പരാതി കൊടുത്തത്. ജി എൻ പി സി സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത് ഇല്ലാതാക്കുക മാത്രമാണ് ലക്ഷ്യം. അങ്ങനെയുള്ളപ്പോൾ പരാതിക്കാരനെ ആരോപണങ്ങളിലൂടെയും സൈബർ ആക്രമണത്തിലൂടെയും കീഴ്പ്പെടുത്താനായി ശ്രമം. അത് നടക്കില്ല. ശക്തമായ നിലപാടുകളുള്ള മനുഷ്യനാണ് ഞാൻ’’ ശ്രീജിത്ത് പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് നീക്കം.  

മദ്യ ഉപഭോഗത്തിനു പ്രേരിപ്പിക്കുന്നതും സാമൂഹിക മര്യാദകൾ ലംഘിക്കുന്നതുമായ കാര്യങ്ങളാണു  ജി എൻ പി സി ഗ്രൂപ്പിൽ നടക്കുന്നതെന്നു കാണിച്ചു ശ്രീജിത്ത് എക്സൈസ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്നു മദ്യപാനത്തെ പ്രേത്സാഹിപ്പിക്കൽ, സാമ്പത്തിക ക്രമക്കേട്, മതവികാരം വ്രണപ്പെടുത്തൽ, ബാലാവകാശ ലംഘനം എന്നീ കുറ്റങ്ങൾക്ക് അഡ്മിൻ അജിത്ത് കുമാറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മൂന്നു വയസ്സു തോന്നിക്കുന്ന മകളോടൊപ്പം മദ്യപിക്കാനിരിക്കുന്ന അച്ഛനും മകനുമൊത്ത് മദ്യപിക്കുന്ന അമ്മയുമൊക്കെയുമുള്ള ഗ്രൂപ്പ് സാമൂഹിക വിപത്താണെന്നും ഇത് അടച്ചു പൂട്ടണമെന്നും പരാതിക്കാരനും ഗ്രൂപ്പിലെ മുൻ അംഗവുമായ അഭിഭാഷകൻ ശ്രീജിത്ത് ആവശ്യപ്പെട്ടിരുന്നു. 

മാധ്യമ ശ്രദ്ധ കിട്ടാനാണു ശ്രീജിത്തിന്റെ പരാതിയെന്നു ജി എൻ പി സിയെ പിൻതുണയ്ക്കുന്നവർ വാദിക്കുന്നു. രാഷ്ട്രീയമോ മതമോ കടന്നു വരാത്ത ചർച്ചകളുള്ള ഗ്രൂപ്പാണ് ജി ​എൻ പി സിയെന്നു ഇവർ അവകാശപ്പെടുന്നു. ജി എൻ പി സിയ്ക്കെതിരേ കേസെടുത്തിരിക്കുന്ന വകുപ്പുകൾ പ്രകാരം ആദ്യം കേസെടുക്കേണ്ടത് ശ്രീജിത്ത് പെരുമനയ്ക്കു നേരെയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ചന്ദ്രശേഖരൻ നായരും ആരോപിച്ചിരുന്നു. ഹീനമായ രീതിയിലാണ് ശ്രീജിത്ത് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 ലക്ഷം മലയാളികൾ അംഗങ്ങളായുള്ള രഹസ്യ ഗ്രൂപ്പാണു ജി എൻ പി സി. 

Read more :  Lifestyle Malayalam Magazine, Beauty Tips in Malayalam