അമ്മയുടെ കണ്ണുനീരൊപ്പാൻ സ്നേഹത്തൂവാല; അക്കൗണ്ടിലെത്തിയത് 45 ലക്ഷം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള നന്മ മനസ്സുകൾ കൈകോർത്തപ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ആ അമ്മയു‌ടെ കണ്ണുനീരൊപ്പണം. ചെറുതും വലുതുമായ തുകകള്‍ ആ ബാങ്ക് അക്കൗണ്ടിലേക്കു പ്രവഹിച്ചപ്പോൾ ജന്‍മനാ ഓട്ടിസം ബാധിച്ച ഏകമകളെ കെട്ടിയിട്ടു വളര്‍ത്തുന്ന അമ്മയുടെ ജീവിതത്തിന് ലക്ഷങ്ങളുടെ കൈതാങ്ങ്. ലോകത്തിന്റെ പല കോണുകളിലുമുള്ള നന്മ മരങ്ങൾ പൂത്തുപ്പോൾ നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ട് ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്.  കൂടുതൽ സഹായങ്ങളും പ്രവാസികളിൽനിന്നാണെന്ന് ബിന്ദു പറയുന്നു. ആവശ്യത്തിന് പണം ലഭിച്ചതിനാൽ ഇൗ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ബിന്ദുവിനെ സഹായിക്കാൻ ഒപ്പം നിന്നവർ ൈലവ് വിഡിയോയിലൂടെ അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് ഒരു പ്രവാസി യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം ഇവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിന്ദു. ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രവാസി മലയാളികളും രംഗത്തെത്തിയിരുന്നു. എന്നാൽ ചിലർ ഇൗ അനുഭവം പുറത്തു പറഞ്ഞതിനെ വിമർശിച്ചതായും ബിന്ദു പറയുന്നു. ഇൗ അനുഭവം പരസ്യപ്പെടുത്തിയതു തെറ്റാണെന്നാണ് ചിലരുടെ നിലപാട്. ഇതൊക്കെ മിണ്ടാതെ സഹിക്കണമെന്നാണോ ഇവർ പറയുന്നതെന്നും ബിന്ദു ചോദിക്കുന്നു. 

ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഇൗ അമ്മ. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇളയ മകൾ ശ്രീലക്ഷ്മിയാണ് ഓട്ടിസത്തിനു ചികില്‍സയിലുള്ളത്. സ്ത്രീകൾ അധികം കടന്നുചെല്ലാത്ത മേഖലയായ ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന അപൂർവം പേരിൽ ഒരാളാണ് ബിന്ദു പ്രദീപ്. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകർത്തി നൽകുകയാണ് ബിന്ദുവിന്റെ ജോലി. ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ജോലി, രണ്ടും കല്പിച്ചു കുടുംബത്തിനുവേണ്ടി ഏറ്റെടുത്തു. മകൾക്ക് ഓട്ടിസമാണെന്നറിഞ്ഞതോ‌െട ഭർത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ബിന്ദുവിന്റെയും കുടുംബത്തിന്റെയും  ദുരിതമറിഞ്ഞ പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇവർക്ക് പുതുവെളിച്ചം സമ്മാനിച്ചത്.