ദശപുഷ്പം ഓണവിസ്മയം

ദശപുഷ്പം പോലെ ഡിസൈനർ വസ്ത്രശേഖരം. ഓണക്കാലത്തിനു മാത്രമല്ല, ഏതൊരു ആഘോഷത്തിനും പറ്റുന്ന തരത്തിൽ ഒരുക്കിയ പുത്തൻ ഡിസൈൻ പരീക്ഷണങ്ങൾ.

ഓണക്കോടിയോടൊപ്പം അന്നും ഇന്നും ഉത്തമം ബ്രൊക്കേഡ് ബ്ലൗസുകളാണ്. ചുവപ്പ് നിറത്തിലുള്ള ഹൈ നെക് ബ്ലൗസിന്റെ സ്ലീവുകളിൽ ആന്റിക് ഗോൾഡൻ സീക്വൻസുകൾ ചേർത്ത ഫ്ലോറൽ മോട്ടിഫും നാലു ലെയറുകളിലെ ‘സരി’ വർക്കും  അതിവിശിഷ്ടം. ലെഹങ്കയുടെ സൗന്ദര്യത്തിൽ കോർത്തിണക്കിയ ആ ഡബിൾ ലെയർ റഫിൾ സാരിയിൽ കേരളത്തനിമയുടെ പുത്തനാവിഷ്ക്കാരം. കസവിൽ ആന്റിക് ഗോൾഡ്, ബ്രോൺസ്, കോപ്പർ നിറങ്ങളിലുള്ള ഇഴകളാൽ നെയ്ത അരികുകളാണ് ഇതിന്റെ പ്രത്യേകത. 

കേരളസാരിയുടെ തനത് സൗന്ദര്യം കൈത്തറിയിൽ നിർമിച്ച അനാർക്കലിയിൽ കാണാം. കസവ് അരികിനൊപ്പം ട്യൂൾ ജാക്കറ്റ് കൂടി വരുന്നതു വ്യത്യസ്തത നൽകുന്നു. നൂതന ഫ്ലോറൽ ഡിസൈനുകളും സീക്വൻസുകളും കട്ട് ബീഡ്സ് വർക്കും കൂടി ചേർന്നപ്പോൾ കൈത്തറി അനാർക്കലി ട്രെൻഡിയായി. 

ദശപുഷ്പത്തിന്റെ മിഴിവുള്ള ഒരു സിംപിൾ സാരിയാണെങ്കിലോ? വെള്ളി കസവുള്ള ഓണസാരിക്കൊപ്പം പേസ്റ്റൽ നിറത്തിലുള്ള ബ്ലൗസ് തന്നെ അത്യുത്തമം. വെള്ളി കസവിൽ ബ്ലാക് മെറ്റൽ കട്ട് ബീഡ്സ് ചേരുമ്പോൾ പരമ്പരാഗത സങ്കൽപങ്ങളിൽ പുതുമ ഉണരും.

ഓണസാരിയിലെ പുത്തൻപരീക്ഷണമാണ് റഫിളുകൾ. റഫിളുകൾ ഏറെയുള്ള പല്ലു കസവുസാരിക്കു നൽകുന്നതു വേറിട്ടൊരു ഭംഗിയാണ്. പച്ച നിറത്തിലുള്ള ഹൈ നെക് ബ്ലൗസിൽ സ്വർണ നിറത്തിലെ നൂലിഴകൾ സർദോസി സ്റ്റൈൽ സൃഷ്ടിക്കുന്നു. ഫ്ലോറൽ ഡിസൈനുകൾ തന്നെയാണ് ഈ ബ്ലൗസിനും സൗന്ദര്യം നൽകുന്നത്. 

സിഗരറ്റ് പാന്റ്സിനൊപ്പം ഒരു വശത്ത് മാത്രം  കണ്ടമ്പററി ഡിസൈനിൽ ബീഡ്സ് തുന്നിച്ചേർത്ത കുർത്ത. എംബ്രോയ്ഡറി വർക്ക് തീർക്കുന്ന മായാജാലമാണു കുർത്തയുടെ പ്രത്യേകത.  

കസവ് അരികുള്ള പലാസോയും വ്യത്യസ്തമായ ഒരു റഫ്ലിൾ ക്രോപ് ടോപും കുസൃതി കുരുന്നിന്റെ പുഞ്ചിരി പോലെ, ലളിതം, മനോഹരം. ക്രോപ് ടോപിൽ ഗോൾഡൻ നിറത്തിലെ നൂലിഴകൾ ഫ്ലോറൽ ഡിസൈനു പുതുമ നൽകുന്നു.

ചിത്രം: റിജോ ജോസഫ് ∙ മനോരമ 

എഴുത്ത് : കാവ്യ കാരലിൻ 

മോഡലുകൾ : അനു ട്രീസ ജോർജ്, ഗോപിക അനിൽ, സൃതി എസ്. തമ്പി, ജെയ്മി ചാക്കോ കാലായിൽ, പ്രിതിക സൂസൻ ജോർജ്, ഷാന്റി അജയ്. 

കോസ്റ്റ്യൂം : ബോട്ട്സോങ്, ജാക്സൺ ബിൽഡിങ്,

മനോരമ ജംക്‌ഷൻ, കോട്ടയം. 

ഹെയർ ആൻഡ് മേക് അപ് : വെനേസ നിക്സൺ ജോർജ്,

അക്വാ സലൂൺ, കോട്ടയം.