Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അപ്പൂപ്പാ ഒരു കോഫി വേണം’; പ്രായമായവരെ ചേർത്തു പിടിക്കാൻ സ്റ്റാര്‍ബക്‌സ്

start

പ്രായമായവർക്കു മാത്രം ജോലി നൽകുന്ന ഒരു കോഫി ഷോപ്പ് തുടങ്ങി കയ്യടി നേടുകയാണ് ലോക പ്രസിദ്ധ കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സ്. മെക്സികോയിലാണ് വ്യത്യസ്തമായ ഇൗ സംഭരംഭത്തിന് സ്റ്റാർബക്സ് തുടക്കമിട്ടിരിക്കുന്നത്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എല്‍ഡേര്‍ലി എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സ്റ്റാര്‍ബക്‌സിന്റെ ഈ സ്‌നേഹസംരംഭം. 50 കഴിഞ്ഞവരുടെ ജീവിതത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി അവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം ഒരുക്കുകയാണ് സ്റ്റാര്‍ബക്‌സ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

50 വയസിനും 66 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് സ്റ്റാര്‍ബക്‌സ് ജോലിയ്ക്ക് എടുക്കുന്നത്. ആറര മണിക്കൂറാണ് അവര്‍ക്കുള്ള ജോലി സമയം. മെഡിക്കൽ ഇന്‍ഷുറന്‍സ് ഉള്‍പ്പടെ ജീവനക്കാരുടെ പ്രധാന ചെലവുകളെല്ലാം കമ്പനി വഹിക്കും. ഓരോ ആഴ്ചയിലും ജീവനക്കാർക്കു രണ്ട് അവധികളുണ്ട്. സ്റ്റാര്‍ബക്‌സ് രീതികളുമായി പൊരുത്തപ്പെടുന്നതിന് ആദ്യം പരിശീലനം നൽകും. പിന്നീട് അവര്‍ക്കു സ്വതന്ത്രമായി ജോലി ചെയ്യാം. 50 കഴിഞ്ഞവർ മാത്രമേ കടയിൽ ജോലിക്കുണ്ടാകൂ എന്നാണ് വിവരം.

പ്രായമായ ജീവനക്കാർക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാൻ കെട്ടിടത്തിന്റെ ഡിസൈനിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതൊഴിച്ചാൽ സ്റ്റാര്‍ബക്‌സിന്റെ മറ്റു ഷോപ്പുകളുമായി വ്യത്യാസങ്ങളില്ല. പ്രവർത്തന രീതിയിലും മാറ്റങ്ങളുണ്ടാവില്ലെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷമെടുത്താണ് ഇത്തരമൊരു സംരംഭം സ്റ്റാര്‍ബക്‌സ് വികസിപ്പിച്ചത്. 

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൈപിടിച്ചു മുന്നോട്ട് പോകുന്നത് സ്റ്റാര്‍ബക്‌സിന്റെ സംസ്‌കാരമാണ്. അതിന്റെ ഭാഗമാണ് ഇൗ സംഭരംഭവും. പ്രായമായവരോടു ചെയ്യുന്ന ഏറ്റവും മികച്ച കാര്യമാണ് ഇത്  സ്റ്റാര്‍ബക്‌സ് മെക്‌സികോ സി.ഇ.ഒ ക്രിസ്റ്റിയന്‍ ഗുരിയയും പറഞ്ഞു.

40 കഴിഞ്ഞവരെ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ കമ്പനികള്‍ മല്‍സരിക്കുന്ന കാലത്താണ് അവരെ ഒപ്പം ചേർത്തുനിർത്താനുള്ള ശ്രമം ഉണ്ടാകുന്നത്. അതുകൊണ്ട് സ്റ്റാർബക്സിന്റെ പുതിയ സംഭരംഭത്തിനു ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.