ചേന്ദമംഗലത്തിനായി കൈകോർത്ത് സിനിമാ ലോകം; പിന്തുണയുമായി ജാൻവിയും

പ്രളയത്തിൽ വസ്ത്രങ്ങളും തറികളും നശിച്ചു പ്രതിസന്ധിയിലായ എറണാകുളം പറവൂരിനടുത്തുള്ള ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യർഥിച്ച് സിനിമാ താരങ്ങൾ രംഗത്ത്. ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആരംഭിച്ച ‘സേവ് ദി ലൂം’ ക്യംപെയിന് പിന്തുണ അറിയിച്ചാണ് താരങ്ങൾ രംഗത്തെത്തിയത്. 

‘ചേന്ദമംഗലത്തെ നെയ്ത്തുക്കാരേ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, കൈത്തറിയെ സംരക്ഷിക്കൂ’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ജാന്‍വി കപൂർ, ഇന്ദ്രജിത്ത് സുകുമാരൻ, കാളിദാസ് ജയറാം, പ്രിയ .പി വാര്യർ എന്നിവർ പിന്തുണ അറിയിച്ചത്. 

ചലച്ചിത്ര താരവും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും സംഘവുമാണ് ‘സേവ് ദി ലൂം’ ക്യാംപെയ്നുമായി രംഗത്തെത്തിയത്. ചേന്ദമംഗലത്തെ കൈത്തറി മേഖലകൾ സന്ദർശിച്ച ഇവർ തൊഴിലാളികളുമായി സംസാരിച്ചു. പുതിയ ഡിസൈനുകളില്‍ വസ്ത്രം നെയ്തെടുക്കാന്‍ ഇവരെ പരിശീലിപ്പിക്കുകയാണ് ആദ്യപടി. അതിനായി ഇരുപത്തിയഞ്ച് ഡിസൈനര്‍മാര്‍ കേരളത്തിലെത്തും. രാജ്യാന്തരതലത്തില്‍ കൈത്തറി ഉത്പന്നങ്ങള്‍ക്കു വിപണി ഉണ്ടാക്കിയെടുക്കാനും അതുവഴി പ്രളയം തകര്‍ത്ത കൈത്തറിമേഖലക്കു തിരിച്ചുവരവിന് വഴിയൊരുക്കുകയുമാണ് ‘സേവ് ദ ലൂം’ ലക്ഷ്യമിടുന്നത്. 

കൈത്തറി വ്യവസായം തകർന്നതോടെ ദുരിതകയത്തിലാണ് ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾ. ഓണവിപണി ലക്ഷ്യമിട്ടു നെയ്തെടുത്ത നിരവധി വസ്ത്രങ്ങളാണ് പ്രളയത്തിൽ നശിച്ചു പോയത്. കൈത്തറികൾക്കും കേടുപാടു പറ്റിയതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ചേന്ദമംഗലമെത്തിയത്. ഇവിടെ ചെളികയറി നശിച്ച വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിച്ചു നിർമിക്കുന്ന ചേക്കുട്ടി പാവകള്‍ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കേരളത്തിന്റെ അതിജീവന പ്രതീകമായാണ് ചേക്കുട്ടി പാവകൾ വിശേഷിപ്പിക്കപ്പെട്ടത്.